കോടികളുടെ കണക്ക് പറയും പ്ലേസ്മെന്റ്; എച്ച്എഫ്ടി മേഖലയിൽ 2.2 കോടി വരെ ശമ്പളം

Mail This Article
പലരും ചോദിക്കാറുണ്ട്- “എന്താണിപ്പോഴത്തെ പ്ലേസ്മെന്റ് ട്രെൻഡ്? ഏതു തരം കമ്പനികളെയാണ് ലക്ഷ്യം വയ്ക്കേണ്ടത് ?” ട്രെൻഡുകൾ നിരന്തരം മാറിക്കൊണ്ടിരിക്കും– എൻജിനീയറിങ്, ടെക്നോളജി മേഖലകളിൽ പ്രത്യേകിച്ചും. അതനുസരിച്ച് നമ്മൾ അപ്ഡേറ്റഡ് ആകുകയാണു പ്രധാനം. ഏറ്റവും പുതിയ ട്രെൻഡുകൾപ്രകാരം ഏറെ ശ്രദ്ധിക്കേണ്ട രണ്ടു മേഖലകളാണ് ഹൈ ഫ്രീക്വൻസി ട്രേഡിങ് (എച്ച്എഫ്ടി) സ്ഥാപനങ്ങളും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളും (ജിസിസി). ഏറ്റവും മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ കൂട്ടത്തിലാണ് ഇപ്പോൾ എച്ച്എഫ്ടി സ്ഥാപനങ്ങൾ. ഇന്ത്യയെ മികച്ച ടാലന്റ് പൂളായി കണ്ട് ജിസിസികളും പ്ലേസ്മെന്റ് രംഗത്ത് നാൾക്കുനാൾ സജീവമാകുന്നു.
എച്ച്എഫ്ടികൾ പറയുന്നു, കോടികളുടെ കണക്ക്
ഇത്തവണത്തെ ഐഐടി പ്ലേസ്മെന്റ് സീസണിന്റെ ആദ്യദിനങ്ങളിൽ എച്ച്എഫ്ടി സ്ഥാപനങ്ങളുടെ ഓഫറുകളാണ് വാർത്താശ്രദ്ധ നേടിയത്. ഇന്ത്യയിൽ ജോലിക്ക് ഗ്രാവിറ്റോൺ റിസർച് ക്യാപിറ്റൽ എന്ന സ്ഥാപനം 90 ലക്ഷം രൂപ വരെയും രാജ്യാന്തര തലത്തിൽ ഡാവിഞ്ചി ഡെറിവേറ്റീവ്സ് എന്ന കമ്പനി 2.2 കോടി വരെയും വാർഷിക ഓഫർ നൽകി.
നിമിഷാർഥം കൊണ്ടു ഭീമമായ തോതിലുള്ള ഓർഡറുകൾ കൈകാര്യം ചെയ്യാനുള്ള സങ്കീർണ ആൽഗരിതങ്ങളാണ് എച്ച്എഫ്ടി സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ക്വാണ്ടിറ്റേറ്റിവ് അനാലിസിസ്, പ്രോഗ്രാമിങ്, പ്രോബ്ലം സോൾവിങ് തുടങ്ങിയ ശേഷികളുള്ളവർക്ക് അനലിസ്റ്റ്, അസോഷ്യേറ്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സി++ക്വാണ്ട് റിസർച്ചർ തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. പ്ലേസ്മെന്റ് ഓഫറുകൾ എത്ര ആകർഷകമാകുന്നോ, അത്രത്തോളം മത്സരവും കടുപ്പമായിരിക്കുമെന്ന് ഓർക്കുക. കോഡിങ് ചാലഞ്ചുകൾ, ആൽഗരിതം അധിഷ്ഠിത പ്രശ്നപരിഹാരം, യഥാർഥ ട്രേഡിങ് സാഹചര്യങ്ങൾ അനുകരിച്ചുള്ള കേസ് സ്റ്റഡികൾ തുടങ്ങി പല റൗണ്ട് നീളുന്ന ടെക്നിക്കൽ അസസ്മെന്റിൽ മികവു തെളിയിച്ചാൽ മികച്ച കരിയറിലേക്കാണു വഴിതുറക്കുന്നത്.

ജിസിസി: ഇന്ത്യയിൽനിന്ന് ഒരു ഗ്ലോബൽ ചുവട്
എല്ലാ സംസ്ഥാനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) തുടങ്ങാൻ ദേശീയ കർമപദ്ധതി തയാറാക്കുമെന്ന് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജിസിസികളുടെ പ്രാധാന്യം സർക്കാരും ശ്രദ്ധിക്കുന്നുവെന്നർഥം. ബഹുരാഷ്ട്ര കമ്പനികളുടെ ഓഫ്ഷോർ യൂണിറ്റുകളെയാണ് ജിസിസികളെന്നു വിളിക്കുന്നത്. ഐടി, ആർ & ഡി (ഗവേഷണ-വികസന പ്രവർത്തനങ്ങൾ), ഉപഭോക്തൃ പിന്തുണ, ബിസിനസ് പ്രോസസുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾക്കായുള്ള റിക്രൂട്മെന്റ് വൻതോതിൽ വർധിച്ചിട്ടുണ്ട്. ആസിയാൻ മേഖലയിലെ അഞ്ചാമത്തെ വലിയ ബാങ്കിങ് ഗ്രൂപ്പായ സിഐഎംബിയുടെ ഉദാഹരണം പറയാം. ക്വാലലംപുർ ആസ്ഥാനമായുള്ള അവർക്കു 14 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. അവരുടെ ജിസിസിയായ ബെംഗളൂരുവിലെ സിഐഎംബി എഐ ലാബ്സ് കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം ഐഐഐടിയിൽ പ്ലേസ്മെന്റിനെത്തുന്നു. സാങ്കേതിക ഗവേഷണങ്ങളുടെ രാജ്യാന്തര ഹബ് എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയാണ് ജിസിസി റിക്രൂട്മെന്റുകളിലെ കുതിച്ചുചാട്ടത്തിനു കാരണം. കേവലം സപ്പോർട്ട് സെന്ററുകളായിട്ടല്ല, രാജ്യാന്തര തലത്തിൽ ഇടപെട്ട് വിപണിതന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സുപ്രധാന കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് തൊഴിൽരീതി, രാജ്യാന്തര പ്രോജക്ടുകളിലെ പങ്കാളിത്തം, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ജോലി ചെയ്യാനുള്ള അവസരം തുടങ്ങി ജിസിസികളിലെ പ്ലേസ്മെന്റിനെ ആകർഷകമാക്കുന്ന ഘടകങ്ങൾ പലതാണ്.

ഡേറ്റാ സയന്റിസ്റ്റ്, ക്ലൗഡ് ആർക്കിടെക്ട്, എഐ സ്പെഷലിസ്റ്റ് തുടങ്ങിയ റോളുകളിൽ വൻ ഡിമാൻഡാണ്. താരതമ്യേന കുറഞ്ഞ ചെലവിൽ വൈദഗ്ധ്യമുള്ളവരെ ലഭിക്കുന്നുവെന്നതാണ് ഇന്ത്യയിൽ ഇത്തരം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കു കാരണം.എൻജിനീയറിങ്, മാനേജ്മെന്റ്, ഡിസൈൻ സ്ഥാപനങ്ങളുടെയെല്ലാം പ്ലേസ്മെന്റിലും ഇതു പ്രതിഫലിക്കുന്നു.
എങ്ങനെ തയാറെടുക്കാം
ഡേറ്റാ സയൻസ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് ഫിസിക്സ് എന്നിവയിൽ മികവുള്ള വിദ്യാർഥികളെയാണ് കമ്പനികൾക്കു വേണ്ടത്. ഇന്റേൺഷിപ്പുകൾ, ഹാക്കത്തണുകൾ, സ്പെഷലൈസ്ഡ് വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ ഇത്തരം ശേഷികൾ മെച്ചപ്പെടുത്താനുള്ള അവസരമായി വിനിയോഗിക്കണം.
(കോട്ടയം ഐഐഐടിയിൽ അസിസ്റ്റന്റ് പ്രഫസറും പ്ലേസ്മെന്റ് ഓഫിസറുമാണ് ലേഖകൻ)