‘ഗറില്ലേറോ ഹീറോയിക്കോ’ ജനിച്ച ദിവസം; ലോകത്ത് ഏറ്റവും കൂടുതൽ പകർത്തപ്പെട്ട ഫൊട്ടോഗ്രാഫ്!

Mail This Article
ലോകം കീഴടക്കിയ ചെ ഗവാര ചിത്രം ലോകപ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെ ഗവാരയുടെ ‘ഗറില്ലേറോ ഹീറോയിക്കോ’ എന്ന പ്രശസ്ത ചിത്രം 65 വർഷം മുൻപ് ഇതുപോലൊരു മാർച്ച് 5ന് ആണ് പകർത്തിയത്. ക്യൂബയിലെ ഹവാനയിൽ ഒരു അനുസ്മരണ പരിപാടിയിൽ അന്നു ചെ ഗവാര പങ്കെടുത്തിരുന്നു. ആൽബർട്ടോ കോർദ എന്ന ക്യൂബൻ ഫൊട്ടോഗ്രഫർ അന്നു 31 വയസ്സുണ്ടായിരുന്ന ചെ ഗവാരയുടെ ചിത്രമെടുത്തു. പിൽക്കാലത്ത് ഈ ചിത്രം ലോകമെങ്ങും തരംഗമായി. വസ്ത്രങ്ങൾ മുതൽ ടാറ്റൂകളിൽ വരെ ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഏറ്റവും പ്രശസ്തമായ ഫൊട്ടോഗ്രാഫായി മേരിലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കോളജ് ഓഫ് ആർട് ഈ ചിത്രത്തെയാണു തിരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ പകർത്തപ്പെട്ട ഫൊട്ടോഗ്രാഫെന്ന ബഹുമതിയും ഇതിനു സ്വന്തം. കോർദ ഈ ചിത്രത്തിന് യാതൊരു പ്രതിഫലവും സ്വീകരിച്ചിരുന്നില്ല, റോയൽറ്റികളും ആവശ്യപ്പെട്ടില്ല.
അർജന്റീനയിൽ ജനിച്ച്, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ച ചെ ഗവാര, പിന്നീട് കമ്യൂണിസ്റ്റ് വിപ്ലവകാരിയായി. ലോകമെങ്ങും ഒരു സാംസ്കാരിക ചിഹ്നമായും അദ്ദേഹം മാറി. ഈ ചിത്രം അതിനു സഹായകമായി. ക്യൂബൻ ഏകാധിപതിയായ ബാറ്റിസ്റ്റയെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തിലും ചെ ഗവാര പങ്കെടുത്തിരുന്നു. 1959ൽ ഈ വിപ്ലവം വിജയിക്കുകയും കാസ്‌ട്രോ അധികാരം പിടിക്കുകയും ചെയ്തു. ഇതിനു ശേഷം ക്യൂബൻ സർക്കാരിൽ ഉന്നത സ്ഥാനം ലഭിച്ചെങ്കിലും വർഷങ്ങൾക്കു ശേഷം ഇതു വേണ്ടെന്നു വച്ച് 1965ൽ ആഫ്രിക്കയിലേക്കു പോയി.
ആഫ്രിക്കയിൽ വിപ്ലവം ശക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. കോംഗോ പശ്ചാത്തലമാക്കി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പക്ഷേ വിജയം കണ്ടില്ല. പിന്നീട് തെക്കൻ അമേരിക്കയിലേക്കു ചെ ഗവാര തിരിച്ചുപോയി. 1967 ഒക്ടോബർ ഏഴിന് ബൊളീവിയൻ സൈന്യം ചെ ഗവാരയെ പിടിച്ചു. ലാ ഹിഗ്വേര എന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ എത്തിച്ചശേഷം വെടിവയ്പിലൂടെ വധിച്ചു. മൃതദേഹം അജ്ഞാതമായൊരിടത്താണു മറവ് ചെയ്തത്. എന്നാൽ 1997ൽ ബൊളീവിയൻ സർക്കാർ ഇതു കണ്ടെടുക്കുകയും ശേഷിപ്പുകൾ ക്യൂബയ്ക്ക് നൽകുകയും ചെയ്തു.