വിദേശപഠനം: മുൻഗണന നൽകേണ്ടത് പഠനച്ചെലവിനോ ജീവിതച്ചെലവിനോ? റാങ്കിങ് എങ്ങനെ?

Mail This Article
ചോദ്യം : ഉപരിപഠനത്തിന് വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ?
– അജികുമാർ
ഉത്തരം : ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം ഏതെല്ലാം സർവകലാശാലകളിലാണ് ലഭ്യമാവുന്നതെന്നു പരിശോധിക്കണം. സ്ഥാപനത്തിന്റെ നിലവാരം റാങ്കിങ് നോക്കിയറിയാം. QS,THE എന്നിവയാണ് പ്രധാന ഗ്ലോബൽ റാങ്കിങ്ങുകൾ. ഗവേഷണ നിലവാരം വിലയിരുത്തിയുള്ള ARWU (Shanghai Ranking), അമേരിക്കൻ സർവകലാശാലകളെ പ്രത്യേകം റാങ്ക് ചെയ്യുന്ന US News & World Report, അധ്യാപനത്തിന്റെയും തൊഴിൽക്ഷമതയുടെയും അടിസ്ഥാനത്തിൽ റാങ്കിങ് നടത്തുന്ന CWUR (Center for World University Rankings) എന്നിവയും പരിഗണിക്കാം. വിഷയം തിരിച്ച് നിലവാരം അറിയാൻ QS, THE എന്നിവയിലെ സബ്ജക്ട് ബേസ്ഡ് റാങ്കിങ് പരിശോധിക്കാം.
മുൻവർഷങ്ങളിൽ പ്രവേശനം ലഭിച്ചവരുടെ പ്രൊഫൈലും നമ്മുടെ പ്രൊഫൈലും താരതമ്യം ചെയ്ത് പ്രവേശനസാധ്യതയുള്ള സർവകലാശാലകളുടെ ലിസ്റ്റ് തയാറാക്കണം. അധ്യാപകരുടെ മികവ്, പ്രോഗ്രാമിന്റെ ഉള്ളടക്കം, ജോലിസാധ്യത, ഫീസ്, സ്കോളർഷിപ് ലഭ്യത, പഠനമാധ്യമം, ഗവേഷണ സൗകര്യങ്ങൾ എന്നിവ സർവകലാശാല തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. പോകുന്ന രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തണം. ജീവിതച്ചെലവ്, സുരക്ഷിതത്വം, ജോലി/തുടർപഠന സാധ്യതകൾ എന്നിവയും മനസ്സിലാക്കണം.
ചില രാജ്യങ്ങളിൽ പഠനച്ചെലവ് തുച്ഛമാകാം; ജീവിതച്ചെലവ് വളരെ കൂടുതലും. ഉദാ: സ്വിറ്റ്സർലൻഡ്. തൊഴിൽനിയമങ്ങൾ, പാർട്‌ടൈം ജോലിസാധ്യത എന്നിവയും പ്രധാനം. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷകൾ, ഭാഷാപരീക്ഷകൾ എന്നിവയെക്കുറിച്ചും മനസ്സിലാക്കി തയാറെടുക്കണം. വിദ്യാർഥി വീസയും പഠനാനന്തര തൊഴിൽഅനുമതിയുമായി ബന്ധപ്പെട്ട നിയമങ്ങളും അറിഞ്ഞുവയ്ക്കണം. ആധികാരിക വിവരങ്ങൾക്ക് സർവകലാശാലാ വെബ്സൈറ്റുകളെയും സർക്കാർ വെബ്സൈറ്റുകളെയും തന്നെ ആശ്രയിക്കുക.