ആ തിരിച്ചുവരവ് ജീവിതം മാറ്റിമറിച്ചു; സംഗീത വിഡിയോ, സിനിമാ സംവിധാനം, ആ കഥ പറഞ്ഞ് ശ്രുതി ശരണ്യം

Mail This Article
എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം, കലയുടെയും എഴുത്തിന്റെയും വിത്തുകൾ എന്റെ ഉള്ളിലും മുളപൊട്ടിയത്. ഞാൻ പഠിച്ചത് ചേലക്കരയിലെ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലാണ്. അന്നൊക്കെ ഒരു സിനിമാ പോസ്റ്ററിൽ നോക്കുന്നതുപോലും വിലക്കപ്പെട്ടിരുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ സ്കൂളിലെ ചിൽഡ്രൻസ് തിയറ്ററിൽ ഞാൻ സജീവമായിരുന്നു. ഒരുപാട് നാടകങ്ങളിൽ അഭിനയിക്കാനും സംവിധാനം ചെയ്യാനുമൊക്കെ അന്നെനിക്ക് അവസരം കിട്ടി.
ബികോം പാസായശേഷം ഞാൻ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ മാസ്കമ്യൂണിക്കേഷന് ചേർന്നു. അതായിരുന്നു ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. കുട്ടിക്കാലത്ത് അച്ഛൻ സ്ഥിരമായി സിനിമകൾ കാണിക്കാൻ ഞങ്ങളെ കൊണ്ടു പോകുമായിരുന്നു. ഉറങ്ങിക്കിടന്ന സിനിമാതാൽപര്യം ഉണരാൻ മാസ്കമ്യൂണിക്കേഷൻ പഠനം വഴിയൊരുക്കി. ധാരാളം നല്ല സിനിമകൾ കാണാനും ദൃശ്യഭാഷയെക്കുറിച്ച് മനസ്സിലാക്കാനും മണിപ്പാലിലെ പഠനം കാരണമായി. പഠനം കഴിഞ്ഞ് ഡൽഹിയിൽ ദൃശ്യമാധ്യമപ്രവർത്തകയായി ഞാൻ ജോലിയിൽ പ്രവേശിച്ചു. ബാംഗ്ലൂരിൽ ഒരു പരസ്യ ഏജൻസിയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി െചയ്യുമ്പോഴാണ്, സ്വതന്ത്ര സംവിധായികയാകണമെന്ന മോഹം ശക്തമാകുന്നത്. 2008 ൽ ആണ് ഞാൻ ആദ്യമായി ഒരു ഷോർട് ഫിലിം ചെയ്യുന്നത്. ഇതിനിടെ ഞാൻ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായി. തുടർന്ന് ഭർത്താവ് സുഭാഷിനോടൊപ്പം യുകെയിലേക്ക് ജീവിതം പറിച്ചു നട്ടു. അവിടെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിൽ എനിക്ക് എംബിഎയ്ക്ക് പ്രവേശനം കിട്ടി. കുറച്ചുകാലത്തിനു ശേഷം ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിലെത്തി.
ആ തിരിച്ചു വരവ് എന്റെ ജീവിതം മാറ്റിമറിച്ചു. 2016 ൽ ഞാനും എന്റെ കസിനും സംഗീതസംവിധായകനുമായ സുദീപ് പാലനാടും ചേർന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ആറ് നർത്തകിമാരെ ഉൾപ്പെടുത്തി ബാലെ എന്ന സംഗീത വിഡിയോ പുറത്തിറക്കി. ഗാനരചനയും സംവിധാനവും ഞാനും സംഗീതസംവിധാനവും ആലാപനവും സുദീപും നിർവഹിച്ചു. അത് എന്റെ കലാജീവിതത്തിന്റെ വഴിത്തിരിവായി മാറി. അതിനുശേഷമായിരുന്നു ‘ചാരുലത’ എന്ന സംഗീത ദൃശ്യാവിഷ്കാരം ചെയ്യുന്നത്. അതിലെ ‘അതിരെഴാമുകിലേ...’ എന്ന ഞാൻ എഴുതി സുദീപ് സംഗീതസംവിധാനം ചെയ്ത് ആലപിച്ച ഗാനം ഒരു സിനിമയ്ക്കു വേണ്ടി തയാറാക്കിയതായിരുന്നു.
പിന്നീട് സത്യജിത് റേയുടെ ‘ചാരുലത’യുടെ 55–ാം വാർഷികത്തിന് ഒരു ട്രിബ്യൂട്ടായിട്ടാണ് ചാരുലത എന്ന സംഗീത വിഡിയോ ചെയ്തത്. അതിലെ ‘അറിയില്ല ഞാനെത്ര നീയായി മാറിയെന്നരികെ...’ എന്ന വരികളൊക്കെ ഒട്ടേറെപേർ ഇപ്പോഴും ഹൃദയത്തോടു ചേർത്തു നിർത്തുന്നു എന്നറിയുമ്പോൾ ഏറെ സന്തോഷമുണ്ട്. കേരള സർക്കാരിന്റെ സിനിമാ പ്രൊഡക്ഷൻ സംരംഭത്തെക്കുറിച്ച് ഞാൻ അറിയുന്നത് അക്കാലത്താണ്. 2021 ലെ പ്രൊഡക്ഷൻ ഫണ്ട് എനിക്കു ലഭിച്ചു. അഞ്ചു സ്ത്രീകളും ഒരു ട്രാൻസ്മാനും ഉൾപ്പെടുന്നവരുടെ ശരീരരാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു ‘ബി 32 മുതൽ 44 വരെ’. ഈ ആശയം ഏറെക്കാലമായി എന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ്. 2023 ഏപ്രിൽ ആറിന് സിനിമ റിലീസായി. അപ്പോഴും ഈ സിനിമ ജനങ്ങൾ ഏറ്റെടുക്കുമെന്നോ ചർച്ചയാകുമെന്നോ ഒന്നും കരുതിയിരുന്നില്ല. പിന്നീട് ഒരുപാടു പുരസ്കാരങ്ങൾ എന്നെയും ആ സിനിമയെയും േതടിയെത്തി.
ശ്രുതി ശരണ്യം
‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ സംവിധായിക. മുണ്ടയൂർ ശ്രീധരന്റെയും ഷീലയുടെയും മകളായി തൃശൂർ ജില്ലയിലെ ആറ്റൂരിൽ ജനിച്ചു. ഗാനരചനയും സംവിധാനവും നിർവഹിച്ച ബാലെ, ചാരുലത, ചിരുത തുടങ്ങിയ മ്യൂസിക് വിഡിയോകളും മനു മാസ്റ്ററെക്കുറിച്ചുള്ള മനു മലയാളം, മട്ടന്നൂർ ശങ്കരൻകുട്ടിയെക്കുറിച്ചുള്ള മട്ടന്നൂർ ബാണി തുടങ്ങിയ ഡോക്യുമെന്ററികളും ചെയ്തു. ഐഎഫ്എഫ്കെ ഫിപ്രസ്കി പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ്, കേരള കലാമണ്ഡലം പുരസ്കാരം, സത്യജിത്റേ പുരസ്കാരം തുടങ്ങിയ ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ് : സുഭാഷ് മൂത്തേടത്ത്. മക്കൾ : ആഹിർ, ഹമിർ. വിലാസം : ‘ശരണ്യം’ മുണ്ടയൂർ മന, ആറ്റൂർ