വിമർശിക്കുന്നവരോട് പിണങ്ങേണ്ട, പക്വതയോടെ നേരിടാം, വളരാനുള്ള ഊർജമാക്കാം

Mail This Article
റാഫി സംവിധാനം ചെയ്ത ‘റോൾ മോഡൽസ്’ എന്ന സിനിമയിലെ ഗൗതം മോനോനും ബോസുമായുള്ള രംഗം മിക്ക ഒാഫിസുകളിലും ഇപ്പോഴും സംഭവിക്കാറുണ്ട്. ചൂടാകുന്ന ബോസിനെയും ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ഗൗതം മേനോനെയും സിനിമയിൽ കാണാമെങ്കിലും ജീവിതത്തിൽ എപ്പോഴും ജോലിക്കാർ അങ്ങനെ കയ്യും കെട്ടി നിൽക്കുമെന്നു മേലധികാരികൾ കരുതേണ്ട. ചിലപ്പോൾ ചിലർ പെട്ടെന്നു പ്രതികരിച്ച് ഒാഫിസ് അന്തരീക്ഷം മാറ്റിമറിക്കും. ദേഷ്യപ്പെടുന്ന മേലധികാരികളോട് നയത്തിൽ പെരുമാറിയില്ലെങ്കിൽ പണി പിന്നാലെ വരുമെന്ന് പലരും ചിന്തിക്കാറില്ല. ബോസുമാരോടു മാത്രമല്ല, സഹപ്രവർത്തകരോടും മോശമായി പെരുമാറരുത്. ലോകത്ത് സൗജന്യമായി എല്ലാവരും നൽകുന്നത് രണ്ടു കാര്യങ്ങളാണ് – അഭിപ്രായവും ഉപദേശവും. ചില സഹപ്രവർത്തകരുണ്ട് യോഗങ്ങളിൽ വന്ന് മികച്ച ആശയങ്ങൾ പ്രകടിപ്പിക്കുന്നവർ. മറ്റു ചിലരുണ്ട്, യോഗങ്ങളിൽ വന്നു ആശയങ്ങൾ പറഞ്ഞു സഹപ്രവർത്തകരുടെ മനസ്സമാധാനം കളയുന്നവർ. കേൾക്കുമ്പോൾ മികച്ച ആശയങ്ങളെന്നു തോന്നിയാലും സ്ഥാപനത്തിനു യാതൊരു ഗുണവും കാണില്ല. അതുപോലെയാണ് വിമർശനങ്ങളും. ചിലത് നമ്മുടെ ജോലിയെ നന്നാക്കാൻ ഉപകരിക്കും. ചിലതു കേട്ടാൽ മനസ്സു മടുക്കും. എന്തു വിമർശനങ്ങളും കേൾക്കുക, നല്ലതു മാത്രം ഉൾക്കൊള്ളുക. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സുമടുത്ത് തോറ്റു പിന്മാറുന്നവര്‍ക്കുള്ളതല്ല ജീവിതവിജയം. അവയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വളരാനാണു നാം ശ്രമിക്കേണ്ടത്. തൊഴിലിടത്തിലെ വിമര്‍ശനങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നത് ഒരാളുടെ ഇമോഷണല്‍ ഇന്റലിജന്‍സിന്റെ കൂടി ലക്ഷണമാണ്. ഇനി പറയുന്ന വഴികള്‍ വിമര്‍ശനങ്ങളെ പോസിറ്റീവായി നേരിടാന്‍ സഹായിക്കും.
1. ശാന്തമായി കേള്‍ക്കുക
വിമര്‍ശനങ്ങളോടു വൈകാരികമായി പ്രതികരിക്കരുത്. ആദ്യം ശാന്തമായി നിങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ എല്ലാം ക്ഷമയോടെ കേള്‍ക്കുക. ഇടയ്‌ക്കു കയറി മറുപടി പറയാനും ശ്രമിക്കരുത്. ഒാരോ പോയിന്റും ശ്രദ്ധയോടെ കേട്ടു കഴിയുമെങ്കിൽ എഴുതി എടുക്കുക. സംശയമുള്ള പോയിന്റുകൾ വീണ്ടും ചോദിക്കുക. എന്നിട്ട് അവയെ കുറിച്ച് സ്വയം ഒരു വിലയിരുത്തല്‍ നടത്തുക. എല്ലാം കേട്ടുകഴിഞ്ഞ് ഒരു ദീര്‍ഘശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കാനും ശ്രമിക്കുക.
2. സമയമെടുത്ത് പ്രതികരിക്കാം
എല്ലാം കേട്ടു കഴിയുമ്പോള്‍ വളരെ പെട്ടെന്നു ദേഷ്യത്തോടെ അവയോടു പ്രതികരിക്കാനാകും നമുക്ക് ആദ്യം തോന്നുക. പക്ഷേ, പെട്ടെന്നുള്ള പ്രതികരണങ്ങള്‍ വികാരത്തില്‍നിന്നു ജനിക്കുന്നതാണ്, അത് വിവേകത്തില്‍നിന്നുള്ളതല്ല. പെട്ടെന്നു പ്രതികരിച്ചാൽ അനാവശ്യ സംസാരങ്ങൾക്കും വാക്കു തർക്കങ്ങൾക്കും വഴിയൊരുക്കും. യോഗത്തിൽ പരസ്പരം പോർവിളിക്കുന്നത് അത്ര നല്ലതല്ലല്ലോ?
3. വസ്‌തുതകളും വികാരങ്ങളും വേര്‍തിരിക്കുക
വിമര്‍ശനം ഉന്നയിച്ചയാള്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്‌തുതകള്‍ ഏതെല്ലാം, വികാരത്തിന്റെ പുറത്തു പറഞ്ഞത്, എന്തെല്ലാം എന്നത് വേര്‍തിരിക്കേണ്ടതും മുഖ്യമാണ്. വിമര്‍ശനങ്ങള്‍ വ്യക്തിപരമാക്കുന്നത് ഉള്‍ക്കാഴ്‌ചകളെ നഷ്ടപ്പെടുത്തും. വിമര്‍ശനത്തിലെ കാതലായ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് എങ്ങനെ പറഞ്ഞു എന്നത് കാര്യമാക്കേണ്ട. നിങ്ങള്‍ക്കു ലഭിച്ച ഫീഡ്‌ബാക്കിലെ സത്യാവസ്ഥ ആദ്യം മനസ്സിലാക്കുക. വിമര്‍ശനം ഉന്നയിച്ചയാള്‍ തെറ്റിദ്ധാരണകള്‍ കൊണ്ടാണോ അത് ചെയ്‌തതെന്നതും പരിശോധിക്കേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ നിങ്ങള്‍ക്കു വളരാനുള്ള അവസരമായി കാണുക.

4. വ്യക്തതയ്‌ക്കായി ചോദ്യങ്ങള്‍ ചോദിക്കാം
വ്യക്തമല്ലാത്ത വിമര്‍ശനം വളര്‍ച്ചയ്‌ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തും. പറഞ്ഞ കാര്യങ്ങളില്‍ വ്യക്തതക്കുറവുള്ളപക്ഷം കൂടുതല്‍ ചോദ്യങ്ങളിലൂടെ സംശയനിവാരണം വരുത്താന്‍ ശ്രമിക്കേണ്ടതാണ്. ഒരു കാര്യം നിങ്ങള്‍ ചെയ്യുന്നത് ശരിയായിട്ടല്ല എന്ന് വിമര്‍ശനം ഉന്നയിച്ചയാള്‍ക്കു തോന്നുന്നെങ്കില്‍ അത് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അവരോടുതന്നെ ചോദിക്കുക.
5. ന്യായീകരണം വേണ്ട
മനുഷ്യര്‍ക്ക് എപ്പോഴും അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ഒരു ത്വരയുണ്ടാകും. ഈ പ്രതിരോധസ്വഭാവത്തെ നിയന്ത്രിക്കേണ്ടത് നിങ്ങളുടെ വളര്‍ച്ചയ്‌ക്ക് അത്യാവശ്യമാണ്. നിങ്ങളെ വിമര്‍ശിക്കുന്നവരുടെ കുറ്റങ്ങള്‍ കണ്ടെത്തി തിരിച്ചു വിമര്‍ശിക്കാന്‍ മുതിരുന്നത് പരസ്‌പരമുള്ള ചെളി വാരിയെറിയല്‍ മാത്രമാകും. വിമര്‍ശനങ്ങളോടുള്ള പ്രതിരോധമായി ഒഴിവുകഴിവുകള്‍ കണ്ടെത്താനുള്ള ശ്രമവും ഉപേക്ഷിക്കണം. വസ്‌തുതകളെ വസ്‌തുതയായി എടുത്ത് അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കണം.
6. ഉപകാരസ്‌മരണയോടെ പ്രതികരിക്കാം
നിങ്ങളെ വിമര്‍ശിച്ചവരെ നിങ്ങളുടെ ശത്രുപക്ഷത്തു നിര്‍ത്താതെ നിങ്ങളുടെ വളര്‍ച്ചയ്‌ക്കായി മികച്ച നിര്‍ദേശങ്ങള്‍ നല്‍കിയ ആളുകളായി പരിഗണിച്ച് ഉപകാരസ്‌മരണയോടെ വേണം അവരോടു പ്രതികരിക്കാന്‍. അവരുടെ നിര്‍ദേശങ്ങള്‍ക്ക് നന്ദി പറയാനും മറക്കരുത്. അവരുടെ ഫീഡ്‌ബാക്ക് നിങ്ങള്‍ വിലമതിക്കുന്നതായും അവര്‍ക്കു തോന്നണം.
7. നടപടികളെടുത്ത് ഫോളോ അപ്പ് ചെയ്യാം
വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും അവഗണിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിലേക്കു നയിക്കുകയും ചെയ്യും. വിമര്‍ശനങ്ങളില്‍നിന്നു നിങ്ങള്‍ക്കു മാറ്റാവുന്ന ഒരു കാര്യമെങ്കിലും കണ്ടെത്തണം. അത് നിങ്ങള്‍ നടപ്പാക്കിയ കാര്യം വിമര്‍ശിച്ചവരുമായി പങ്കുവയ്‌ക്കുകയും അതിന്റെ പുരോഗതി ഫോളോ അപ്പ് ചെയ്യുകയും വേണം.