ADVERTISEMENT

അക്കാദമിക പഠനത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പുലിയായിരിക്കാം. പക്ഷേ, ചിലതരം പ്രത്യേക നൈപുണ്യങ്ങള്‍ ഇല്ലെങ്കില്‍ ഇന്നത്തെ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനായെന്നു വരില്ല. സോഫ്‌ട്‌ സ്‌കില്ലുകള്‍ എന്നാണ്‌ ഇത്തരം ശേഷികള്‍ക്കു പറയുന്ന പേര്‌. തൊഴിലിടത്തില്‍ മുന്നേറാനും വിജയിക്കാനും സോഫ്‌ട്‌ സ്‌കില്ലുകള്‍ ഇന്ന്‌ പരമ പ്രധാനമാണ്‌. നിങ്ങളുടെ സാങ്കേതിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഹാര്‍ഡ്‌ സ്‌കില്ലുകള്‍ക്കൊപ്പം സോഫ്‌ട്‌ സ്‌കില്ലുകള്‍ കൂടി ചേരുമ്പോള്‍ മാത്രമേ നല്ലൊരു ജീവനക്കാരനായി നിങ്ങള്‍ ഏത്‌ സ്ഥാപനത്തിലും മാറുകയുള്ളൂ. ‘ലിങ്ക്‌ഡ്‌ഇന്‍ സ്‌കില്‍സ്‌ ഓണ്‍ ദ് റൈസ്‌ 2025 യുകെ’ റിപ്പോര്‍ട്ട്‌ അടയാളപ്പെടുത്തുന്ന  ഒന്‍പത്‌ സുപ്രധാന സോഫ്‌ട്‌ സ്‌കില്ലുകള്‍ ഇനി പറയുന്നവയാണ്‌.

1. റിലേഷന്‍ഷിപ് ബില്‍ഡിങ്‌
കൂട്ടായുള്ള പ്രവര്‍ത്തനത്തെയും വിശ്വാസ്യതയെയും അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാക്കുന്ന ബന്ധങ്ങളെയാണ്‌ റിലേഷന്‍ഷിപ് ബില്‍ഡിങ്‌ കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. നല്ല ബന്ധങ്ങള്‍ ഏത്‌ തൊഴിലിലും മുന്നേറാനുള്ള മുതല്‍ക്കൂട്ടാണ്‌. നിരന്തരമായ ഫോളോ അപ്പ്‌, കേട്ടിരിക്കാനുള്ള മനസ്സ്‌, ചോദിക്കാതെ തന്നെ സഹായഹസ്‌തം നീട്ടാനുള്ള സന്നദ്ധത എന്നിവയെല്ലാം റിലേഷന്‍ഷിപ് ബില്‍ഡിങ്ങിനെ സഹായിക്കും.
2. തന്ത്രപ്രധാനമായ ചിന്ത
തൊഴില്‍സാഹചര്യത്തിലെ വിശാല കാന്‍വാസിനെ മനസ്സിലാക്കി സ്‌മാര്‍ട്ടായ, ദീര്‍ഘകാല തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയും ഇന്നു പ്രധാനമാണ്‌. നൂതനാശയങ്ങള്‍ അവതരിപ്പിക്കാനും റിസ്‌കുകളെ വിലയിരുത്താനും നിത്യവുമുള്ള ജോലികളെ വിശാലമായ ബിസിനസ്‌ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാനും നിങ്ങള്‍ക്കു കഴിവുണ്ടാകണം.
3. നിര്‍മിതബുദ്ധിയില്‍ അറിവ്‌
കാര്യക്ഷമതയും ഫലപ്രാപ്‌തിയും വർധിപ്പിക്കുന്ന തരത്തില്‍ നിർമിത ബുദ്ധി (എഐ) സങ്കേതങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും ഇന്ന്‌ തൊഴിലിടങ്ങളില്‍ ആവശ്യമാണ്‌. എഐ പ്രശ്‌നപരിഹാരങ്ങള്‍ തേടാനും അത്‌ നിങ്ങളുടെ വര്‍ക്ക്‌ ഫ്ലോയിലേക്ക്‌ സംയോജിപ്പിക്കാനും ഇത്‌ സംബന്ധിച്ച ഉള്‍ക്കാഴ്‌ചകള്‍ ടീമുമായി പങ്കുവയ്‌ക്കാനും ശ്രമിക്കണം.

4. ആശയവിനിമയശേഷി
ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും മറ്റുള്ളവര്‍ക്കു പറയാനുള്ളത്‌   ക്ഷമയോടെ കേള്‍ക്കാനുമുള്ള കഴിവ്‌ തൊഴിലിടത്തില്‍ മുന്നേറാന്‍ അത്യന്താപേക്ഷിതമാണ്‌. സങ്കീര്‍ണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിക്കാനും ആളുകള്‍ക്കു ബന്ധപ്പെടുത്താവുന്ന ഉദാഹരണങ്ങള്‍ നിരത്താനും തുറന്ന സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കേണ്ടതാണ്‌.
5. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശേഷി
പലരും ഒരുമിച്ചു ജോലി ചെയ്യുന്ന ഇടത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളും അതിന്റെ പേരിലുള്ള ഏറ്റുമുട്ടലുകളും സ്വാഭാവികമാണ്‌. ഇത്തരം അഭിപ്രായഭിന്നതകളെ പ്രഫഷനലായി കൈകാര്യം ചെയ്യാനും ടീമുകളെ ഉൽപാദനക്ഷമമാക്കാനും നിങ്ങള്‍ക്കുള്ള കഴിവ്‌ നല്ലൊരു നേതാവായി ജോലിസ്ഥലത്ത്‌ നിങ്ങളെ ഉയര്‍ത്തും. ശാന്തമായി, പരിഹാരങ്ങളില്‍ ഊന്നി നിന്നു കൊണ്ട്‌ ഒരു പൊതുനിലം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്‌.
6. പരിസ്ഥിതികളോട്‌ ഇണങ്ങാനുള്ള കഴിവ്‌
വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യങ്ങളോട്‌ ഇണങ്ങാനുള്ള കഴിവും മുഖ്യമാണ്‌. മസില്‍ പിടിച്ചിരിക്കാതെ കുറച്ചുകൂടി അയവുള്ള സമീപനം ഉള്ളവര്‍ക്കേ ഇതു സാധിക്കൂ. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പുതിയ സാങ്കേതികവിദ്യകളെ വാരിപ്പുണരാനും സമ്മര്‍ദ സാഹചര്യങ്ങളില്‍ കൂളായിരിക്കാനും കഴിഞ്ഞാല്‍ ജോലിയില്‍ നിങ്ങള്‍ ദീര്‍ഘദൂരം താണ്ടുമെന്ന്‌ ഉറപ്പാണ്‌.

7. കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ്‌
ഉപഭോക്താവില്ലെങ്കില്‍ ബിസിനസില്ല. ക്ലയന്റുമായി ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ സ്ഥാനമുണ്ടാകില്ല. ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങള്‍, ക്ലയന്റിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ശേഷി, സജീവമായി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം മുഖ്യമാണ്‌.
8. മാര്‍ക്കറ്റ്‌ അനാലിസിസ്‌
വിപണിയിലെ ട്രെന്‍ഡുകളെ മനസ്സിലാക്കുന്നവര്‍ക്കുമാത്രമേ സ്‌മാര്‍ട്ടായ ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നിരന്തരം അപ്‌ഡേറ്റ്‌ ചെയ്‌തു കൊണ്ടേയിരിക്കണം. മാര്‍ക്കറ്റ്‌ ഡേറ്റയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും നിര്‍ണായകമാണ്‌.
9. സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്‌
സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കേണ്ടത്‌ ഇന്നത്തെ കാലത്ത്‌ അത്യാവശ്യമാണ്‌. ഇതിനോടു മുഖം തിരിഞ്ഞു നില്‍ക്കാതെ സജീവമായി സമൂഹ മാധ്യമ ഉപാധികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.  നിരന്തരം പോസ്‌റ്റുകള്‍ ഇട്ടും ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക്‌ ചിന്തിച്ചു മറുപടികള്‍ നല്‍കിയും യഥാർഥ ലോകത്തേതിനു സമാനമായ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടും സമൂഹ മാധ്യമങ്ങളിലെ നിങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാവുന്നതാണ്‌.

English Summary:

The Secret Weapon for Career Advancement: 9 Essential Soft Skills Employers Crave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com