അസ്ട്രോണമി, അസ്ട്രോഫിസിക്സ്, കോസ്മോളജി; കൺതുറക്കാം പ്രപഞ്ചസത്യങ്ങളിലേക്ക്

Mail This Article
ചോദ്യം : അസ്ട്രോണമി, അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ് ? ഈ മേഖലകളിലെ പഠനാവസരങ്ങൾ വിശദീകരിക്കാമോ?
ഉത്തരം : മൂന്നു ശാഖകളിലും പൊതുവായ പഠന വിഷയങ്ങളുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗാലക്സികൾ, വിവിധ പ്രാപഞ്ചിക പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമാന്യ പഠനമാണ് അസ്ട്രോണമി. പ്രധാനമായും ടെലിസ്കോപ്പുകൾ, സ്പേസ് പ്രോബുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ബഹിരാകാശവസ്തുക്കളെ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണിത്.
നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ ഭൗതികശാസ്ത്ര തത്വങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുകയും നക്ഷത്രങ്ങളുടെയും മറ്റും ആന്തരിക പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭൗതികശാസ്ത്ര ശാഖയാണ് അസ്ട്രോഫിസിക്സ്. പ്രപഞ്ചത്തിന്റെ ഉദ്ഭവ, പരിണാമ ഘട്ടങ്ങൾ, ഭാവി എന്നിവയെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനമാണ് കോസ്മോളജി. ബിഗ് ബാങ് തിയറി, ഡാർക് മാറ്റർ, ഡാർക്ക് എനർജി, സ്ട്രിങ് തിയറി എന്നിവയെല്ലാം കോസ്മോളജിസ്റ്റുകളുടെ പഠന വിഷയങ്ങളാണ്. മൂന്നു ശാഖകളും ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളിലെയും ടെക്നോളജിയിലെയും വിജ്ഞാനങ്ങളെ പ്രയോജനപ്പെടുത്തുന്നു.
പഠനാവസരങ്ങൾ
∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് (ഐഐഎ), ബെംഗളൂരു: എംഎസ്‌സി ഫിസിക്സ് (സ്പെഷലൈസേഷൻ: അസ്ട്രോഫിസിക്സ്)
∙ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (ഐയുസിഎഎ), പുണെ: എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്)
∙ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് (ടിഐഎഫ്ആർ): ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്ഡി ഫിസിക്സ്
∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), തിരുവനന്തപുരം: എംഎസ്‌സി അസ്ട്രോണമി & അസ്ട്രോഫിസിക്സ്
∙ ഐഐടി ഇൻഡോർ: എംഎസ്‌സി അസ്ട്രോണമി|
∙ ഡൽഹി യൂണിവേഴ്സിറ്റി: എംഎസ്‌സി ഫിസിക്സ് (അസ്ട്രോഫിസിക്സ് ഇലക്ടീവ്)
∙ മുംബൈ സെന്റ് സേവ്യേഴ്സ്: എംഎസ്‌സി ഫിസിക്സ് (അസ്ട്രോഫിസിക്സ്)
∙ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി: എംഎസ്‌സി ഫിസിക്സ് (അസ്ട്രോഫിസിക്സ്, സ്പേസ് ഫിസിക്സ് കോഴ്സുകളോടെ)
.പഞ്ചാബ് യൂണിവേഴ്സിറ്റി: എംഎസ്‌സി ഫിസിക്സ് (അസ്ട്രോഫിസിക്സ്, കോസ്മോളജി കോഴ്സുകളോടെ )
∙ ഇന്ത്യൻ സെന്റർ ഫോർ സ്പേസ് ഫിസിക്സ്, കൊൽക്കത്ത: പ്രീ പിഎച്ച്ഡി ഡിപ്ലോമ ഇൻ അസ്ട്രോഫിസിക്സ് ആൻഡ് സ്പേസ് സയൻസ്
ഇതിനു പുറമേ ബെംഗളൂരു ഐഐഎ, പുണെ ഐയുസിഎഎ, മുംബൈ ടിഐഎഫ്ആർ, ബെംഗളൂരു രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ ഐഐടികൾ, വിവിധ ഐസറുകൾ എന്നിവിടങ്ങളിൽ പിഎച്ച്ഡി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.