വികസിത രാജ്യമാകണോ? ഇന്ത്യയ്ക്ക് വേണം പ്രതിവര്‍ഷം 80 ലക്ഷം ജോലികള്‍

Mail This Article
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യം ആക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍. എന്നാല്‍ ഇത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്നും ഈ വികസിത ഭാരത സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 80 ലക്ഷം ജോലികളെങ്കിലും പുതുതായി സൃഷ്ടിക്കേണ്ടതുണ്ടെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി. അനന്ത നാഗേശ്വരന്‍ പറയുന്നു. കൊളംബിയ സര്‍വകലാശാലയില്‍ നടന്ന കൊളംബിയ ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്തിന് എന്ത് സംഭവിക്കുമെന്നതില്‍ ഇന്ത്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ആഭ്യന്തര വളര്‍ച്ചയ്ക്കുള്ള പാതയൊരുക്കാന്‍ രാജ്യത്തിന് സാധിക്കുമെന്ന് അനന്ത നാഗേശ്വരന്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ് പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ നൈപുണ്യശേഷി കുറഞ്ഞതും എന്‍ട്രി തലത്തിലുമുള്ള ജോലികളെ അപകടത്തിലാക്കുമെന്നും സാമ്പത്തിക ഉപദേഷ്ടാവ് പ്രവചിക്കുന്നു. ഇന്ത്യയുടെ നിര്‍മ്മാണ അടിത്തറ വിപുലീകരിക്കുന്നതിന് രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും അനന്ത നാഗേശ്വരന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അനന്തര കാലത്തെ എട്ട് ശതമാനത്തിന് മുകളിലുള്ള വളര്‍ച്ച അതേ മട്ടില്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. 6.5 ശതമാനം വളര്‍ച്ച നിരക്കെങ്കിലും നിലനിര്‍ത്തിക്കൊണ്ട് പരിഷ്‌ക്കാരങ്ങളിലൂടെ ഇതുയര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.