ഡിഗ്രി പഠനത്തിനിടയിൽ സിവിൽ സർവീസ് മോഹം, രണ്ടാം ശ്രമത്തിൽ 47–ാം റാങ്ക് നേടി നന്ദന; സഹായിച്ചത് ഈ ഘടകങ്ങൾ

Mail This Article
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലിഷ് ബിരുദം പൂർത്തിയാക്കിയ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസസ് സ്വപ്നം യാഥാർഥ്യമാക്കിയത്. 47–ാം റാങ്കാണു ലഭിച്ചത്. ഇഷ്ടപ്പെട്ട കവി ഒഎൻവി കുറുപ്പും ഇഷ്ടപുസ്തകം എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴവുമാണ്. ഇക്കാര്യങ്ങൾ ഇന്റർവ്യൂവിൽ നന്ദന പറഞ്ഞിരുന്നു.
വാളകം ആർവി എച്ച്എസ്എസിലേ സോഷ്യൽ സയൻസ് അധ്യാപകൻ ഗിരീഷിന്റെയും തേവന്നൂർ ഗവ. എച്ച്എസ്എസിലെ ഇംഗ്ലിഷ് അധ്യാപിക എം.എസ്.പ്രഭയുടെയും മകളാണ്. വാളകം ആർവിഎച്ച്എസ്, കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾപഠനം. ഡിഗ്രി പഠനത്തിനിടയിലാണു സിവിൽ സർവീസസ് മോഹമുദിച്ചത്. ചിട്ടയായ പഠനം, പത്രവായന, പ്രധാനപ്പെട്ട കാര്യങ്ങൾ കുറിപ്പുകളാക്കുന്ന ശീലം എന്നിവ പരിശീലനത്തിൽ സഹായിച്ചു.
സഹോദരൻ വൈശാഖ് കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്എസ്എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.