ഗൂഗിളില്‍ ജോലി ലഭിക്കണോ? തയാറാകണം ഈ ചോദ്യങ്ങള്‍ക്ക്

Mail This Article
ഐടി മേഖലയില്‍ പഠനം നടത്തിയവരെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ നേട്ടമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗൂഗിളില്‍ ഒരു ജോലി. ഗൂഗിളില്‍ ലഭിക്കുന്ന മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഓഫിസ് അന്തരീക്ഷവും ഈ ബ്രാന്‍ഡിനോടുള്ള സുപരിചിതത്വവുമൊക്കെയാകാം ഇതിന്റെ കാരണങ്ങള്‍. ഗൂഗിളില്‍ തൊഴില്‍ അഭിമുഖത്തിന് ചെല്ലുമ്പോള്‍ പ്രതീക്ഷിക്കാവുന്ന മൂന്നു വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ വിശദീകരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഗൂഗിള്‍ ടെക്‌നിക്കല്‍ റിക്രൂട്ടറായ സൊലാന. നിങ്ങളുടെ ഇന്റര്‍വ്യൂ പാനലില്‍ ആരൊക്കെ ഉണ്ടായിരിക്കുമെന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് സൊലാന പറയുന്നു. അഭിമുഖ പാനല്‍ ഓരോ ഉദ്യോഗാര്‍ഥിക്ക് അനുസരിച്ചും പ്രത്യേകം ക്യൂറേറ്റ് ചെയ്യപ്പെടുന്നതാണെന്നും അഭിമുഖങ്ങളുടെ എണ്ണം നിങ്ങള്‍ അപേക്ഷിക്കുന്ന റോളിനും അതിന്റെ ലെവലിനും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സൊലാന ചുണ്ടിക്കാണിക്കുന്നു.
1. തൊഴിലധിഷ്‌ഠിത വിജ്ഞാനം
ഗൂഗിളില്‍ നിങ്ങള്‍ അപേക്ഷിച്ചിരിക്കുന്ന തൊഴില്‍ റോളിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ചോദ്യങ്ങളാണ് ആദ്യ വിഭാഗത്തില്‍പെടുന്നത്. നിങ്ങളുടെ അറിവും ശേഷിയും എങ്ങനെയാണ് ആ പ്രത്യേക റോളിന് ഇണങ്ങുന്നതെന്നാണ് പരിശോധിക്കപ്പെടുക. ഉദാഹരണത്തിന്, നിങ്ങളൊരു സോഫ്‌ട്‌വെയര്‍ എന്‍ജിനീയര്‍ റോളിലേക്കാണ് അപേക്ഷിച്ചിരിക്കുന്നതെങ്കില്‍ കോഡിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അതല്ല സെയില്‍സ് വിഭാഗത്തിലെ ജോലിയാണെങ്കില്‍ വില്‍പന തന്ത്രങ്ങളെപ്പറ്റിയാകും ചോദ്യം. ചോദ്യങ്ങള്‍ ആ പ്രത്യേക റോളിന്റെ ആവശ്യകതയനുസരിച്ച് രൂപപ്പെടുത്തിയതായിരിക്കും.
2. പൊതുവായുള്ള ധാരണശേഷി അധിഷ്‌ഠിത ചോദ്യങ്ങള്‍
പ്രശ്‌നങ്ങളെ നിങ്ങള്‍ എങ്ങനെ പരിഹരിക്കും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ നിങ്ങള്‍ എങ്ങനെ കടന്നുപോകും എന്നതെല്ലാമാണ് ഈ വിഭാഗത്തിലെ ചോദ്യങ്ങളിലൂടെ വിലയിരുത്തപ്പെടുക. ഓപ്പണ്‍ എന്‍ഡഡ് ആയ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഒരുത്തരം മാത്രമല്ല ഉണ്ടാകുക. ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ തുടക്കം മുതല്‍ അവസാനം വരെയുള്ള നിങ്ങളുടെ ചിന്താപ്രക്രിയയാണ് റിക്രൂട്ടര്‍മാര്‍ക്ക് അറിയേണ്ടത്. പ്രശ്‌നപരിഹാരത്തിനായി നിങ്ങള്‍ എങ്ങനെയെല്ലാം ചിന്തിക്കുന്നു, എന്തെല്ലാം പരിഹാരനിര്‍ദേശങ്ങള്‍ നിങ്ങളുടെ തലയില്‍ ഉദിക്കുന്നു എന്നതെല്ലാം വിലയിരുത്തപ്പെടും.
3. പെരുമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സാങ്കല്‍പിക ചോദ്യങ്ങളും
നിങ്ങളുടെ മുന്‍ തൊഴില്‍പരിചയത്തെ വിലയിരുത്തുന്നതാണ് പെരുമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. മുന്‍ ജോലിയില്‍ നിങ്ങള്‍ നേരിട്ട ഒരു പ്രത്യേക സന്ദര്‍ഭത്തെക്കുറിച്ചോ, ഒരു പ്രതിസന്ധിയെക്കുറിച്ചോ ഒക്കെയാകാം ഈ ചോദ്യം. മുന്‍ തൊഴില്‍പരിചയത്തെ ആസ്‌പദമാക്കിയ ചില ഉദാഹരണങ്ങളൊക്കെ നല്‍കേണ്ടിവരാം. ഭാവിയിലെ വെല്ലുവിളികളിലൂടെ നിങ്ങള്‍ എങ്ങനെ ഫലപ്രദമായി കടന്നുപോകുമെന്ന് വിലയിരുത്തുന്നതാകും സാങ്കല്‍പിക ചോദ്യങ്ങള്‍. ഒരു പ്രത്യേക സ്ഥിതിവിശേഷം സങ്കല്‍പിച്ചിട്ട് അതിനോടു നിങ്ങള്‍ എങ്ങനെയാകാം ഒരു പ്രത്യേക തൊഴില്‍റോളില്‍ നിന്നു പ്രതികരിക്കുക എന്നാകും ചോദിക്കുക. ടീമിലെ അംഗമെന്ന നിലയിലും ടീമിലെ നേതാവ് എന്ന നിലയിലുമെല്ലാം നിങ്ങള്‍ എങ്ങനെ മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു, ആശയവിനിമയം നടത്തുന്നു എന്നെല്ലാം ഈ ചോദ്യങ്ങളിലൂടെ റിക്രൂട്ടര്‍മാര്‍ അറിയാന്‍ ശ്രമിക്കും. നിങ്ങളുടെ ഉയര്‍ന്ന പദവിലിയേക്കു കയറാനുള്ള അഭിലാഷങ്ങള്‍, നിങ്ങളെ വഴിനടത്തുന്ന ഉള്‍പ്രേരണ, അവ്യക്ത സാഹചര്യങ്ങളില്‍ ഫലപ്രദമായി ജോലി ചെയ്യാനുള്ള ശേഷികള്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലെ ചോദ്യങ്ങളിലൂടെ റിക്രൂട്ടര്‍മാര്‍ വിലയിരുത്തും. നിങ്ങള്‍ നിങ്ങളായി തന്നെ നിന്നുകൊണ്ട് ചോദ്യങ്ങളെ നേരിടാന്‍ ശ്രമിക്കണമെന്ന് സൊലാന നിര്‍ദേശിക്കുന്നു. ചോദ്യങ്ങളുണ്ടെങ്കില്‍ അവയുമായി റിക്രൂട്ടര്‍മാരെ സമീപിക്കാന്‍ മടിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.