സിവിൽ സർവീസ് വിജയത്തിനു കോച്ചിങ് അത്യാവശ്യമോ? വിജയികൾ സംസാരിക്കുന്നു

Mail This Article
സിവിൽ സർവീസസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയ ആൽഫ്രഡ് തോമസ് (അഖിലേന്ത്യാ റാങ്ക് 33), സോണറ്റ് ജോസ് (റാങ്ക് 54) എന്നിവർ കോട്ടയത്ത് മനോരമയിൽ സംഘടിപ്പിച്ച ‘ജേതാക്കളോടൊപ്പം’ പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അഞ്ചാം ശ്രമത്തിലാണു ആൽഫ്രഡ് വിജയം നേടിയത്. ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് എന്ന വിഷയത്തിൽ ബിടെക് നേടിയ ആൽഫ്രഡ് ഗണിതമാണ് ഐച്ഛിക വിഷയമായെടുത്തത്. രണ്ടാം ശ്രമത്തിൽ സ്വപ്നം യാഥാർഥ്യമാക്കിയ സോണറ്റ് ഡൽഹി മിറാൻഡ ഹൗസ് കോളജിൽ നിന്നു ഫിസിക്സിൽ ബിരുദം നേടി. ഭൂമിശാസ്ത്രമായിരുന്നു ഐച്ഛികവിഷയം.
സിവിൽ സർവീസസ് വിജയത്തിനു കോച്ചിങ് അത്യാവശ്യമാണോ?
സോണറ്റ്: സ്വന്തമായി തയാറെടുത്തും സിവിൽ സർവീസസ് പരീക്ഷ ലക്ഷ്യമിടാം. പക്ഷേ കോച്ചിങ് വളരെ സഹായകം ആണ്. കൃത്യമായ ഗൈഡൻസ് ഇതുവഴി ലഭിക്കും. കോച്ചിങ് നടത്തുന്നവർ ഈ പരീക്ഷയിലെ ട്രെൻഡുകൾ ശരിയായി വിലയിരുത്തുന്നവരാണ്. ഇങ്ങനെ കിട്ടുന്ന ദിശാബോധം വലിയ മുതൽക്കൂട്ടാണ്.
ആൽഫ്രഡ്: സിവിൽ സർവീസ് പരിശീലനത്തിൽ ഒരു വ്യക്തിഗത സ്ട്രാറ്റജി ആവശ്യമാണ്. സ്വയം പരിശീലനത്തിനായി ഇന്ന് സമൂഹമാധ്യമങ്ങളും ടെലിഗ്രാം ഗ്രൂപ്പുകളുമൊക്കെ ധാരാളമുണ്ട്. ഓപ്ഷനൽ വിഷയങ്ങൾ അനുസരിച്ച് ഇവയിൽ ജോയിൻ ചെയ്യാവുന്നതാണ്. വീട്ടിലിരുന്ന് ഓൺലൈനായി പ്രിപ്പയർ ചെയ്യുന്നവരും ഓരോ സംസ്ഥാനത്തെയും സിവിൽ സർവീസ് ഹബ്ബുകളിൽ പരിശീലനം തേടുന്നവരും ഇന്നു ധാരാളമുണ്ട്.

തയാറെടുപ്പിനിടെ മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം?
ആൽഫ്രഡ്: ആഴ്ചയിൽ ഒരു ദിവസം റിലാക്‌സ്ഡ് ആയ പഠനരീതിയാണു ഞാൻ കൈക്കൊണ്ടത്. ഏഴരവർഷത്തോളം നീണ്ടതായിരുന്നു എന്റെ തയാറെടുപ്പ്. അതിനാൽ സമ്മർദം ഏറിയ ഘട്ടങ്ങളുണ്ട്. ഒരു വിഷയം ബോറടിച്ചാൽ കുറച്ചുനാൾ അതൊന്നു മാറ്റി മറ്റൊന്നു പഠിക്കാം. വലിയ തോതിൽ മടുപ്പ് തോന്നിയാൽ ഒരു ബ്രേക്ക് എടുക്കാം.
ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ?സോണറ്റ്: താൽപര്യം നോക്കണം. മെന്റർമാർ, ക്ലാസുകളുടെയും പുസ്തകങ്ങളുടെയും ലഭ്യത എന്നിവയും പ്രധാനമാണ്. സിലബസ്, സ്‌കോറിങ് പാറ്റേൺ എന്നിവയും വിലയിരുത്തണം. ചില വിഷയങ്ങൾ ഉയർന്ന രീതിയിൽ സ്‌കോർ ചെയ്യാൻ പറ്റുന്നതാണ്. ചിലത് അങ്ങനെയല്ല.
ആൽഫ്രഡ്: ഗണിതമായിരുന്നു എന്റെ മെയിൻ. നന്നായി തയാറെടുത്താൽ ഉയർന്ന സ്കോറും തയാറെടുപ്പ് ശരിയല്ലെങ്കിൽ വളരെക്കുറഞ്ഞ സ്കോറും ലഭിക്കാവുന്ന വിഷയമാണിത്. ടെക്നിക്കൽ വിഷയങ്ങൾക്കു വലിയ സിലബസാണ്.
ഉപന്യാസങ്ങളിൽ ശ്രദ്ധിക്കേണ്ടതെന്ത്
ആൽഫ്രഡ്: ‘ഫിലോസഫിക്കൽ’ രീതിയിലുള്ള ഉപന്യാസങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്. പരന്ന വായനയും കാഴ്ചപ്പാടും വേണ്ടവയാണ് ഇവ.
ആനുകാലിക സംഭവവികാസങ്ങൾ എങ്ങനെ പഠിക്കാം?
സോണറ്റ്: മുടങ്ങാതെയുള്ള പത്രവായന വളരെയേറെ ഉപകാരപ്രദമാണ്. കറന്റ് അഫയേഴ്‌സ് ക്യാപ്‌സ്യൂളുകളൊക്കെ ലഭ്യമാണെങ്കിലും ഇവയെക്കാൾ വളരെ പ്രയോജനപ്രദമാണു പത്രം. പത്രത്തിൽ ഒരു വിഷയത്തെപ്പറ്റി കുറേയേറെ ദിവസങ്ങളിൽ ഫോളോ അപ് വാർത്തകൾ വരും. അവ തുടർച്ചയായി വായിക്കുമ്പോൾ വിവരങ്ങൾ മനസ്സിൽ ഉറയ്ക്കും. പത്രത്തിനൊപ്പമുള്ള വിഷ്വലുകളും ചിത്രങ്ങളുമൊക്കെ ഈ ഓർമ പൊടി തട്ടിയെടുക്കാൻ സഹായകമാണ്. കറന്റ് അഫയേഴ്‌സ് ക്യാപ്‌സ്യൂളുകൾക്ക് ഈയൊരു ഫലമുണ്ടാക്കാൻ സാധിക്കില്ല.
ആൽഫ്രഡ്: പത്രവായന അഭിമുഖ ഘട്ടത്തിൽ വളരെ നിർണായകമാണ്. പ്രത്യേകിച്ചും പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ.
പ്രിലിംസ് തയാറെടുപ്പിനായി ചില ടിപ്‌സ് പറയാമോ?
ആൽഫ്രഡ്: പുസ്തകത്തിലെ പേജുകളുടെ വശത്ത് കീവേഡുകൾ എഴുതിവയ്ക്കുന്ന രീതി എനിക്കുണ്ടായിരുന്നു. പിന്നീട് പുസ്തകം മറിക്കുമ്പോൾ ഈ വേഡ് കണ്ടിട്ട് ഇതെന്തിനെക്കുറിച്ചുള്ളതാണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കും. ഇത്തരത്തിൽ ഉള്ളടക്കങ്ങൾ ആഴത്തിൽ പതിപ്പിക്കാൻ കഴിയും. നിരന്തരമായ റിവിഷൻ ഓർമ കൂട്ടുമെന്നു തോന്നിയിട്ടുണ്ട്. മോക്ക് ടെസ്റ്റ് സീരീസുകളും ഗുണം ചെയ്യും. ശരിയായ ഉറക്കം ഞാൻ പുലർത്തിയിരുന്നു, ഇതു പരിശീലനത്തിന്റെ നിലവാരം കൂട്ടുന്നതാണ്.
സോണറ്റ്: രാവിലെ പഠിച്ച പാഠങ്ങൾ വൈകുന്നേരം തന്നോടുതന്നെയോ അല്ലെങ്കിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ പറഞ്ഞു കേൾപ്പിക്കാം. ഇതു വിവരങ്ങൾ ഹൃദിസ്ഥമാക്കാൻ ഉപകരിക്കും.
ഇന്റർവ്യൂ അനുഭവങ്ങളൊന്ന് പറയാമോ?
ആൽഫ്രഡ്: 4 ഇന്റർവ്യൂകൾക്കു പോയിട്ടുണ്ട്. നന്നായി നോട്‌സൊക്കെ തയാറാക്കി പ്രിപ്പയർ ചെയ്താണു പോയത്. ചോദ്യങ്ങൾ എവിടെനിന്നും വരാം. ഐച്ഛിക വിഷയമായ കണക്കിൽ നിന്നും ഹോബിയായി കൊടുത്ത ഫുട്‌ബോളിൽനിന്നുമൊക്കെ ധാരാളം ചോദ്യങ്ങൾ ചോദിച്ചു. ഭാഷാപരിജ്ഞാനത്തെക്കാൾ ആശയവിനിമയശേഷിക്കാണ് ഇന്റർവ്യൂ ബോർഡ് പ്രാമുഖ്യം നൽകുന്നത്.
സോണറ്റ്: 2 ഇന്റർവ്യൂകളിൽ പങ്കെടുത്തു. ആദ്യ ഇന്റർവ്യൂവിൽ വളരെ ഹാപ്പിയായാണു പങ്കെടുത്തത്. എന്നാൽ മാർക്ക് കുറഞ്ഞു. സിലക്ഷൻ ലഭിച്ചില്ല. രണ്ടാമത്തെ ഇന്റർവ്യൂവിൽ നല്ല പേടിയുണ്ടായിരുന്നു. പക്ഷേ മാർക്ക് ലഭിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നമ്മുടെ ഇംഗ്ലിഷ് പരിജ്ഞാനം, രൂപം, പെരുമാറ്റം എന്നിവയൊക്കെ ഇന്റർവ്യൂ ബോർഡിന് ഇഷ്ടപ്പെടുമോയെന്ന് നമുക്ക് പേടിയുണ്ടാകാം. പക്ഷേ സിവിൽ സർവീസസ് ഇന്റർവ്യൂവിൽ ഇതൊന്നും അത്ര പ്രശ്‌നകരമായ കാര്യങ്ങളല്ല. നമ്മുടെ വ്യക്തിത്വമാണ് അവിടെ അളക്കപ്പെടുന്നത്. കേരളത്തെപ്പറ്റിയും മുല്ലപ്പെരിയാറിനെപ്പറ്റിയും തേനീച്ചക്കൃഷിയെപ്പറ്റിയുമൊക്കെയുള്ള ചോദ്യങ്ങൾ എനിക്കു മുന്നിൽ വന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ വിഷയങ്ങളിൽ ചോദ്യം വന്നിരുന്നു.
പരിശീലനത്തിനിടെ എപ്പോഴെങ്കിലും മടുത്ത്, ഇതു നിർത്താമെന്നു തോന്നിയിരുന്നോ?
സോണറ്റ്: ആദ്യ തവണ തന്നെ കിട്ടുമെന്ന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ കിട്ടാതായതോടെ വിഷമമായി. മെന്ററായിട്ടുള്ള വ്യക്തി വിളിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു.
ആൽഫ്രഡ്: ഏഴര വർഷത്തോളം തയാറെടുപ്പ് നടത്തിയതിനാൽ വലിയ മാനസിക സമ്മർദ്ദം അഭിമുഖീകരിച്ചിരുന്നു. ഇത്തവണ കിട്ടിയില്ലെങ്കിൽ ഇനിയെഴുതുന്നില്ലെന്നും മറ്റു ജോലികൾ നോക്കുമെന്നും തീരുമാനം എടുത്തിരുന്നു. പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് പോലുള്ള സിനിമകൾ, വിക്ടർ ഫ്രാങ്കെലിന്റെ പുസ്തകങ്ങൾ എന്നിവ പലപ്പോഴും ആത്മവിശ്വാസം കൂട്ടാൻ ഉപകരിച്ചു. വീട്ടുകാരുടെ പിന്തുണയും നിർണായകമാണ്.

കൂട്ടമായുള്ള പഠനത്തിന്റെ ഗുണം?
ആൽഫ്രഡ്: പഠനത്തിലെ നമ്മുടെ കൂട്ടാളികൾ നിർണായകമാണ്. വൈകാരിക പിന്തുണ ഇവരിൽനിന്നു ലഭിക്കും. ഓൺലൈനായും സമാന ലക്ഷ്യമുള്ള ധാരാളം ഫ്രണ്ട്‌സ് എനിക്കുണ്ടായിരുന്നു.
സോണറ്റ്: കൂടുതൽ പേര് നമ്മുടെ പഠനസംഘത്തിൽ ഉണ്ടെങ്കിൽ ഒറ്റപ്പെടൽ ഫീൽ ചെയ്യില്ല. ക്വസ്റ്റ്യൻസിനെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്നുള്ള വിവിധ ധാരണകൾ കൂട്ടുകാരിൽ നിന്നു ലഭിക്കും. കൂട്ടായുള്ള പഠനത്തിന്‌റെ ഗുണം ഇന്റർവ്യൂ ഘട്ടത്തിലും പ്രയോജനപ്രദമാണ്. ഒറ്റപ്പെടൽ തോന്നില്ല.