കരിയർ കളയും ‘ഇംപോസ്‌റ്റര്‍ സിന്‍ഡ്രോം’; തിരുത്താൻ ഇനിയും സമയമുണ്ടന്നേ

Mail This Article
ജോലിസ്ഥലത്തെ ആദ്യ ദിനം ഒാർമയുണ്ടോ? അപ്പോയിൻമെന്റ് ലെറ്ററുമായി മേലധികാരിയെ സമീപിച്ച ദിവസം. പുതിയ സഹപ്രവർത്തകർ, ആദ്യമായി ചെയ്ത ജോലി, ആദ്യമായി നേടിയ പ്രശംസ... അതുമല്ലെങ്കിൽ മേലധികാരിയിൽനിന്ന് ആദ്യമായി കേട്ട വഴക്ക്. ഇൗ വരികൾ വായിക്കുന്ന ചിലരെങ്കിലും ജോലിയിൽ പത്തുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരായിരിക്കും. സീനിഴേസ് ക്ഷമയോടെ ഇൗ വരികൾ വായിക്കുക. തുടക്കകാർക്ക് നാലാമത്തെ പോയിന്റായിരിക്കും ഏറ്റവും ഉപകാരപ്പെടുക. തൊഴില്‍ ജീവിതത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ കരിയര്‍ വളര്‍ച്ചയെയും വ്യക്തിഗത വിജയത്തെയുമെല്ലാം ബാധിക്കാം. ഇത്തരം തെറ്റുകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടത് കരിയര്‍ വളര്‍ച്ചയ്‌ക്ക് അത്യാവശ്യമാണ്. കരിയറിലെ ചില തെറ്റുകളും അവയ്‌ക്കുള്ള ചില പരിഹാരങ്ങളും അറിഞ്ഞാലോ?
1. ഇംപോസ്‌റ്റര്‍ സിന്‍ഡ്രോം
നിങ്ങള്‍ക്ക് സ്ഥാപനത്തില്‍ മൂല്യമുണ്ടോ എന്നും നിങ്ങളുടെ കരിയര്‍ വളര്‍ച്ചയ്‌ക്ക് ആവശ്യമായ വെല്ലുവിളികള്‍ അവിടെയുണ്ടോ എന്നും ഇടയ്‌ക്കിടെ വിലയിരുത്തേണ്ടതാണ്. നിങ്ങളുടെ കഴിവുകളെക്കുറിച്ച് നിങ്ങള്‍ക്ക് സ്വയം ഉണ്ടാകുന്ന സംശയത്തിന് ഇംപോസ്‌റ്റര്‍ സിന്‍ഡ്രോം എന്ന് പറയും. ഇത് പല അവസരങ്ങളും മുതലാക്കുന്നതില്‍നിന്ന് നിങ്ങളെ പിന്നോട്ടു വലിക്കും. നിങ്ങളുടെ കരിയറിലെ വിജയങ്ങളും നേട്ടങ്ങളും രേഖപ്പെടുത്തി വയ്‌ക്കാന്‍ ഒരു സക്‌സസ് ജേണല്‍ സൂക്ഷിക്കുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. കഴിവുകളെക്കുറിച്ച് സംശയം വരുന്ന സാഹചര്യത്തില്‍ ഈ ജേണല്‍ എടുത്തു വായിച്ച് നോക്കാവുന്നതാണ്. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റാമെന്നും തെറ്റുകളില്‍നിന്നാണ് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതെന്നും മറക്കരുത്
2. അദൃശ്യമായ പ്രയത്‌നങ്ങള്‍
ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്‌താല്‍ മാത്രം പോരാ. അത് പത്തുപേര്‍ അറിയുകയും കൂടി വേണം. ഇല്ലെങ്കില്‍ നിങ്ങളുടെ പ്രയത്‌നങ്ങളെല്ലാം അദൃശ്യമായി പോകും. നിങ്ങള്‍ എടുക്കുന്ന പ്രയത്‌നങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ മാനേജര്‍മാരെ നിരന്തരം അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാവരും പങ്കെടുക്കുന്ന മീറ്റിങ്ങുകളില്‍ സംസാരിക്കാനും മടി കാണിക്കരുത്. തൊഴിലിടത്തില്‍ സീനിയറായ ആളുകളുമായി നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ ശ്രദ്ധിക്കണം. ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ സ്വയം ബ്രാന്‍ഡ് ചെയ്യുന്ന രീതി ദുര്‍ബലമാകുന്നപക്ഷം മറ്റുള്ളവര്‍ നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞെന്നുവരില്ല. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടായാലും അത് ചുറ്റുമുള്ളവര്‍ക്കു ബോധ്യമായില്ലെങ്കില്‍ എന്തു പ്രയോജനം? ലിങ്ക്‌ഡ്‌ഇന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി നിങ്ങളുടെ വ്യക്തിഗത ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതാണ്.
3. പഴകിയ നൈപുണ്യശേഷികള്‍
ഇന്നത്തെ തൊഴിലിടങ്ങളില്‍ വിജയിക്കുന്നതിന് നിങ്ങള്‍ നിരന്തരം പുതിയ നൈപുണ്യശേഷികള്‍ ആര്‍ജിച്ചു കൊണ്ടേയിരിക്കണം. നിങ്ങള്‍ എപ്പോള്‍ പഠനം നിര്‍ത്തുന്നോ അന്നുമുതല്‍ നിങ്ങളുടെ തൊഴിലിടത്തിലെ മൂല്യവും ഇടിയാന്‍ തുടങ്ങും. വ്യവസായത്തിന് ആവശ്യമായ പുതിയ ശേഷികള്‍ മനസ്സിലാക്കി ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെയും നൈപുണ്യവികസന പ്രോഗ്രാമുകളിലൂടെയും അവ പഠിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതാണ്. കരിയറിലെ വളര്‍ച്ച നിങ്ങള്‍ക്ക് എന്തറിയാം എന്നതിനെ മാത്രം ആധാരമാക്കിയല്ല. ആരെ അറിയാം എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഓരോ മാസവും പുതുതായി രണ്ട് പ്രഫഷനല്‍ ബന്ധമെങ്കിലും ഉണ്ടാക്കാന്‍ പ്രയത്‌നിക്കുക. പഴയ സഹപ്രവര്‍ത്തകരും മേലധികാരികളുമൊക്കെയായും ബന്ധം നിലനിര്‍ത്താനും ശ്രമിക്കണം.
4. നിസ്സാരമല്ല ഫീഡ്ബാക്ക്
നിങ്ങള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് മറ്റുള്ളവരില്‍നിന്നുള്ള പ്രതികരണങ്ങള്‍ കേള്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമാകില്ല. ചിലപ്പോള്‍ നല്ല ദേഷ്യവും നിരാശയുമൊക്കെ തോന്നിയെന്നും വരാം. പക്ഷേ, ഇത്തരം പ്രതികരണങ്ങളോട് മുഖം തിരിച്ചാല്‍ അതു നിങ്ങളുടെ കരിയര്‍ വളര്‍ച്ചയെ ബാധിക്കും. നിങ്ങള്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിരന്തര പ്രതികരണങ്ങള്‍ നിങ്ങളുടെ മേലധികാരികളില്‍നിന്ന് തേടിക്കൊണ്ടേയിരിക്കണം. വെല്ലുവിളികളും റിസ്‌കുമൊക്കെ എടുക്കുന്നവര്‍ക്കാണ് ജോലിയില്‍ ഉയര്‍ച്ചയും വിജയവുമൊക്കെ ഉണ്ടാകുക. പുതിയ വെല്ലുവിളികള്‍ വരുമ്പോള്‍ അതിന് സ്വയം സന്നദ്ധനായി മുന്നോട്ടു വരാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ കരിയറില്‍ ഒതുങ്ങിപ്പോകും.
5. വേണം കരിയര്‍ ലക്ഷ്യങ്ങള്‍
കൃത്യമായ ലക്ഷ്യങ്ങള്‍ ഇല്ലാതെ കരിയറില്‍ തുടരുന്നത് വളര്‍ച്ചമുറ്റിയ റോളുകളിലേക്ക് നിങ്ങളെ ഒതുക്കിയെന്നു വരാം. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും വ്യക്തമായ കരിയര്‍ ലക്ഷ്യങ്ങള്‍ ഉണ്ടാക്കി അതിനനുസരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കുക. ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരയ്‌ക്കാന്‍ പറ്റൂ. എന്തൊക്കെ കഴിവുണ്ടായാലും ആരോഗ്യമില്ലെങ്കില്‍ എന്തു ഫലം? ഉറക്കത്തിനും വ്യായാമത്തിനും സമ്മര്‍ദ ലഘൂകരണത്തിനുമൊക്കെ മുന്‍ഗണന നല്‍കി മാത്രം ജോലി ചെയ്യുക. നിങ്ങള്‍ ഒരു സ്ഥാപനത്തില്‍നിന്ന് എപ്രകാരമാണ് രാജിവച്ച് ഇറങ്ങി വരുന്നതെന്നതും മുഖ്യമാണ്. പഴയ സ്ഥാപനത്തിലെ നിങ്ങളുടെ സല്‍പ്പേരിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ സ്ഥാപനത്തില്‍ നിങ്ങള്‍ക്കു കിട്ടുന്ന അവസരങ്ങള്‍. ഒരിടത്തു നിന്ന് ജോലി വിട്ടു പോകുമ്പോള്‍ മാന്യമായും പ്രഫഷനലായും കാര്യങ്ങള്‍ നീക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമുള്ളയിടങ്ങളില്‍ ക്ഷമാപണം നടത്താനും മടിക്കരുത്. പെട്ടെന്നൊരു ഉള്‍പ്രേരണയില്‍ ജോലി വിട്ടിറങ്ങുന്നത് സാമ്പത്തികമായും പ്രഫഷനലായും നിങ്ങളെ ദുര്‍ബലമാക്കും. പുതിയൊരു ജോലിയും ആവശ്യത്തിന് സേവിങ്സും വ്യക്തമായ പ്ലാനും ഒന്നുമില്ലാതെ ഒരു ജോലിയില്‍നിന്നും രാജിവയ്‌ക്കരുത്.