വലിയ ശമ്പളത്തില്‍ എവിടെയെങ്കിലും സ്ഥിര ജോലി, ജീവിതം സെറ്റ്'; ഈ സങ്കൽപം ഇനി മാറിമറിയും

Mail This Article
നന്നായി പഠിച്ച് വല്യ ശമ്പളത്തില്‍ എവിടെയെങ്കിലും സ്ഥിരമായ ജോലി നേടണം. അങ്ങനെയാണെങ്കില്‍ ജീവിതം സെറ്റ്. ഇന്ത്യന്‍ മധ്യവര്‍ഗത്തിലെ മാതാപിതാക്കള്‍ കാലാകാലങ്ങളായി അവരുടെ മക്കളെ ഉപദേശിച്ചു പോരുന്ന വാചകമാണ് ഇത്. എന്നാല്‍, മാസാമാസം ശമ്പളം ലഭിക്കുന്ന സ്ഥിരതയുള്ള ജോലിയെന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സങ്കല്പത്തിന് ഇനി അധികം ആയുസ്സുണ്ടാകില്ലെന്ന മുന്നറിയിപ്പു നല്‍കുകയാണ് മാര്‍സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസറുമായ സൗരഭ് മുഖര്‍ജിയ.
വിദ്യാസമ്പന്നരും കഠിനാധ്വാനികളുമായ ഇന്ത്യന്‍ മധ്യവര്‍ഗ നഗരവാസിക്ക് സ്ഥിരത ഉറപ്പു നല്കുന്ന സാമ്പത്തിക കാലഘട്ടത്തിലേക്കല്ല രാജ്യം ചുവടുവയ്ക്കുന്നതെന്ന് അടുത്തിടെ നല്കിയ ഒരു പോഡ്കാസ്റ്റില്‍ സൗരഭ് അഭിപ്രായപ്പെട്ടു. ഡേറ്റകളെ അടിസ്ഥാനപ്പെടുത്തിയുള്ള സൗരഭിനെ ഈ മുന്നറിയിപ്പ് ഇന്ത്യയിലെ വൈറ്റ് കോളര്‍ സമ്പദ്വ്യവസ്ഥയില് സംഭവിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു.
നിര്‍മിതബുദ്ധി (എെഎ) അതിവേഗം പുരോഗമിക്കുമ്പോള്‍ ഒരു കാലത്ത് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്ന പല ജോലികളും എഐ അല്‍ഗോരിതങ്ങള്‍ ചെയ്യുന്ന കാലം വരുമെന്ന് സൗരഭ് പറയുന്നു. ടെക്, ഫിനാന്‍സ്, മീഡിയ ഉള്‍പ്പെടെ മധ്യവര്‍ഗത്തിന്റെ പ്രധാന തൊഴില്‍ വിപണികളായ പല മേഖലകളിലെയും കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലകളിലെ പല ജോലികളും എഐ ചെയ്തു തുടങ്ങിയതാണ് കാരണം. ഗൂഗിള്‍ തന്നെ തങ്ങളുടെ കോഡിങ് ജോലികളുടെ മൂന്നിലൊന്ന് എഐയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് തുറന്നു സമ്മതിക്കുന്നു. ഇത് ഇന്ത്യന്‍ ഐടി രംഗത്തിനും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും സൗരഭ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രമോഷനും പെന്‍ഷനും പദവിയുമൊക്കെ നല്‍കിയിരുന്ന പഴയ തൊഴില്‍ സങ്കല്പത്തിനോടു വൈകാതെ നാം ബൈ ബൈ പറയേണ്ടി വരുമെന്നും സൗരഭ് അടിവരയിടുന്നു. എന്നാല്‍, മാസശമ്പളക്കാരില്നിന്നു സംരംഭകരായി തീരാനുള്ള അവസരംകൂടി ഈ കാലഘട്ടം ഒരുക്കുന്നുണ്ടെന്ന് സൗരഭ് ഓര്‍മിപ്പിക്കുന്നു. കോര്‍പ്പറേറ്റ് കരിയറുകളില്‍ പ്രയോഗിക്കുന്ന അതേ ബുദ്ധികൂര്‍മതയും കര്‍മകുശലതയുമൊക്കെ സംരംഭകത്വ മേഖലയിലും പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന് അതിലൂടെ ഉയര്‍ച്ച കൈവരിക്കാമെന്നും ഈ നിക്ഷേപക സംരംഭകന് നിര്‍ദേശിക്കുന്നു. എന്നാല്‍, ഈ മാറ്റം സൗധ്യമാകണമെങ്കില് ഇന്ത്യക്കാരുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും സൗരഭ് പോഡ്കാസ്റ്റില്‍ വിവരിക്കുന്നു. ശമ്പള പാക്കേജും പ്രമോഷനുമാണ് തങ്ങളുടെ സമൂഹത്തിലെ വിലയെ നിര്‍ണയിക്കുക എന്ന ചിന്ത മാറണമെന്നും സ്ഥിരജോലിയെന്ന ഉപദേശം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കു നല്കുന്നതു നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.