എട്ടു വ്യത്യസ്ത കരിയറുകള്‍ തിരഞ്ഞെടുത്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്; വൈറലായി പോസ്‌റ്റ്

Mail This Article
ഇന്ത്യയില്‍ പലരുടെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. കഷ്ടപ്പെട്ടു പഠിച്ച് ഐഎഎസും ഐപിഎസുമൊക്കെ സ്വന്തമാക്കിയാല്‍ പിന്നെ അതിനെ ചുറ്റിപ്പറ്റിയാകും ഭാവിജീവിതത്തിലെ സ്വപ്‌നങ്ങള്‍. എന്നാല്‍,കിട്ടിയ ഐപിഎസ് ജോലി പോലും രാജിവച്ച് വ്യത്യസ്‌തമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മടിക്കാത്ത ഒരാളെ പരിചയപ്പെടാം. അതും ഒന്നല്ല എട്ടു തവണ. മുന്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാജൻ സിങ്ങാണ് ഇനിയും അവസാനിക്കാത്ത തന്റെ തൊഴില്‍ മാറ്റ യജ്ഞം തുടര്‍ന്നു കൊണ്ടേയിരിക്കുന്നത്. താന്‍ കടന്നുവന്ന വിവിധ തൊഴിലുകളെക്കുറിച്ച് രഞ്‌ജന്‍ സിങ് ലിങ്ക്‌ഡ്‌ഇന്നില്‍ പങ്കുവച്ച പോസ്‌റ്റ് വൈറലായതോടെയാണ് ഒട്ടും പരമ്പരാഗതമല്ലാത്ത ഈ കരിയര്‍ യാത്ര വീണ്ടും ചര്‍ച്ചയാകുന്നത്.
ഐഐടി കാൻപൂരിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായാണ് രാജന്റെ തുടക്കം. പഠനം കഴിഞ്ഞ് സിവില്‍ സര്‍വീസ് എഴുതി നേരെ ഐപിഎസിലേക്ക്. എട്ടു വര്‍ഷത്തോളമാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ഇദ്ദേഹം ചെലവഴിച്ചത്. തുടര്‍ന്ന് അമേരിക്കയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ ബിസിനിസ് ഡിഗ്രി പഠിച്ച രാജൻ പഠനശേഷം ഐപിഎസ് ഉപേക്ഷിച്ച് ആഗോള മാനേജ്‌മെന്റ് സ്ഥാപനമായ മക്കിൻസിയിൽ സ്‌ട്രാറ്റെജി കൺസൽറ്റന്റായി ചേര്‍ന്നു. അടുത്ത ചാട്ടം സ്വകാര്യ ഇക്വിറ്റി ഫണ്ടിലെ നിക്ഷേപകനായിട്ടായിരുന്നു. തുടര്‍ന്ന് സുഹൃത്ത് ദീപാലിയുമായി ചേര്‍ന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെ കുറിച്ചു കാലം പഠിപ്പിച്ചു. പിന്നീട് ധനകാര്യ മേഖലയിലെ അധ്യാപകനായി രംഗപ്രവേശം ചെയ്‌തു.

പുതിയ പഠനോൽപന്നങ്ങളെക്കുറിച്ച് പഠിച്ച രാജൻ അടുത്തതായി കൈവച്ചത് ടെക് സംരംഭകത്വത്തിലാണ്. അടുത്ത ജോലി ഫിസിക്‌സ് അധ്യാപകന്റെയും സംരംഭകന്റെയുമായിരുന്നു. അതും കഴിഞ്ഞ് ഒടുവില്‍ മനഃശാസ്ത്രത്തിന്റെയും ന്യൂറോസയന്‍സ് അധിഷ്‌ഠിത പരിശീലനത്തിന്റെയും മേഖലയിലെത്തി നില്‍ക്കുന്നു രാജന്റെ കരിയര്‍. ഉൽപാദനക്ഷമതയും ശ്രദ്ധയും വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ അഡിക്‌ഷൻ ചെറുക്കാനും സഹായിക്കുന്ന ഹാബിറ്റ്‌സ്‌ട്രോങ് എന്ന സംരംഭം നടത്തുകയാണ് ഈ മുന്‍ ഐപിഎസുകാരന്‍.
എന്നാല്‍ കരിയര്‍ മാറ്റങ്ങള്‍ ഇവിടംകൊണ്ടും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാജൻ വ്യക്തമാക്കുന്നു. ഇനിയും ഒരു എട്ടു പത്ത് കരിയറുകളിലൂടെയെങ്കിലും കടന്നുപോകണം എന്നാണ് ആഗ്രഹം. കോളജില്‍ എന്തെങ്കിലും പഠിച്ച് അതുവച്ച് അടുത്ത 30-40 വര്‍ഷം ജീവിക്കുന്ന കാലഘട്ടം കഴിഞ്ഞുപോയെന്നാണ് രാജൻ അഭിപ്രായപ്പെടുന്നത്. തുടര്‍ന്നും പഠിച്ചുകൊണ്ടേയിരിക്കണമെന്നും അവനവനെ തന്നെ അഴിച്ചു പണിത് പുതുക്കിക്കൊണ്ടേയിരിക്കണമെന്നും ഇദ്ദേഹം നിര്‍ദേശിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ ടിങ്കു ബിസ്വാളാണ് രഞ്‌ജന്റെ ജീവിതപങ്കാളി.