ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത്?

Mail This Article
ചോദ്യം: ഞാൻ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയാണ്. ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ ?
- ഇമ്മാനുവൽ
ഉത്തരം: വിഭവങ്ങളുടെ ഉപയോഗം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, ഉപഭോഗം, വിതരണം, വിപണി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഇക്കണോമിക്സ്. ഇക്കണോമിക്സിന്റെ തത്വങ്ങൾ ബിസിനസ് മേഖലയിൽ പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണ് ബിസിനസ് ഇക്കണോമിക്സ്. കമ്പനികളുടെ നിക്ഷേപം, ലയനവും ഏറ്റെടുക്കലും, പുതിയ നിക്ഷേപസാധ്യത, ചെലവു വിലയിരുത്തൽ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും. സാമ്പത്തിക സിദ്ധാന്തങ്ങളെ ഗണിത രീതികളുപയോഗിച്ച് വിശകലനം ചെയ്യുന്ന പഠന ശാഖയാണ് ഇക്കണോമെട്രിക്സ്. വിശകലനത്തിനു സോഫ്റ്റ്വെയർ ടൂളുകളും ഉപയോഗിക്കുന്നു. ചുരുക്കത്തിൽ ഇക്കണോമിക്സ് എന്നതു സിദ്ധാന്തമാണെങ്കിൽ അതിന്റെ ബിസിനസ് മേഖലയിലെ പ്രയോഗത്തിന് ഊന്നൽ നൽകുന്ന ശാഖയാണ് ബിസിനസ് ഇക്കണോമിക്സ്. ഡേറ്റയും ഗണിതവും ഉപയോഗിച്ച് ഇക്കണോമിക്സിന്റെ സിദ്ധാന്തങ്ങൾ പരീക്ഷിക്കുന്ന പഠനശാഖയാണ് ഇക്കണോമെട്രിക്സ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംഎസ്സി ഇക്കണോമെട്രിക്സ് ആൻഡ് ഫൈനാൻഷ്യൽ ടെക്നോളജിയും മദ്രാസ് സർവകലാശാലയിൽ എംഎ ഇക്കണോമെട്രിക്സുമുണ്ട്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ, പാലാ അൽഫോൻസ, പത്തനംതിട്ട കാതോലിക്കേറ്റ്, കുറവിലങ്ങാട് ദേവമാതാ കോളേജുകളിൽ എംഎ ഇക്കണോമെട്രിക്സുണ്ട്. കോഴിക്കോട് മൊകേരി ഗവ. കോളജിലും വയനാട് പുൽപള്ളി പഴശ്ശിരാജ കോളജിലും ബിഎ ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റും കോട്ടയം സെന്റ്ഗിറ്റ്സിൽ ഫിനാൻസ്, ഇക്കണോമെട്രിക്സ്, ഡേറ്റാ അനാലിസിസ് സ്പെഷലൈസേഷനോടെ ബിഎ ഇക്കണോമിക്സുമുണ്ട്. ഇക്കണോമിക്സ് മാസ്റ്റേഴ്സ് വിദ്യാർഥികൾക്ക് ഇലക്ടീവായി ഇക്കണോമെട്രിക്സ് പഠിക്കാൻ കഴിയും. ക്വാണ്ടിറ്റേറ്റിവ് ഫിനാൻസ്, മാത്തമറ്റിക്കൽ ഫിനാൻസ്, കംപ്യൂട്ടേഷനൽ ഫിനാൻസ്, ഫിനാൻഷ്യൽ എൻജിനീയറിങ് എന്നിങ്ങനെ പല പേരുകളിൽ ഇക്കണോമിക്സ് അനുബന്ധ പ്രോഗ്രാമുകളുണ്ട്. മാത്സിലും സ്റ്റാറ്റിസ്റ്റിക്സിലുമുള്ള താൽപര്യം ഇത്തരം പ്രോഗ്രാമുകളിൽ പ്രധാനം.
ഇക്കണോമിക്സിൽ ഇന്ത്യയിലെ പ്രധാന പഠനകേന്ദ്രങ്ങൾ:
∙ ബിരുദതലം: ഡൽഹി സർവകലാശാല (ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, സെന്റ് സ്റ്റീഫൻസ് കോളജ്, ഹിന്ദു കോളജ്, ലേഡി ശ്രീറാം കോളജ് ഫോർ വിമൻ, ഷഹീദ് സുഖദേവ് കോളജ്), പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, ഹരിയാന സോനിപ്പത്തിലെ അശോക സർവകലാശാല, ബെംഗളൂരു അസിം പ്രേംജി സർവകലാശാല, ചെന്നൈ ലയോള കോളജ്, മദ്രാസ് സർവകലാശാല, പുണെ ഫെർഗുസൻ കോളജ്
∙ പിജി തലം: ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ജവാഹർലാൽ നെഹ്റു സർവകലാശാല, ഐഐടി മദ്രാസ്, ഐഐടി ഖരഗ്പുർ, ഹൈദരാബാദ് സർവകലാശാല, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി സർവകലാശാല, ബെംഗളൂരു ക്രൈസ്റ്റ്, പുണെ സിംബയോസിസ്, ഐഐഎം കോഴിക്കോട് (പിജി പ്രോഗ്രാം ഇൻ ഫിനാൻസ്), മറ്റു വിവിധ ഐഐഎമ്മുകളിലെ എംബിഎ ഫിനാൻസ് പ്രോഗ്രാമുകൾ, മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റൽ റിസർച്, മുംബൈ എൻഎംഐഎംഎസ്, കൊച്ചി സർവകലാശാല, തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, മദ്രാസ് സർവകലാശാല, തൃശൂർ ഡോ. ജോൺ മത്തായി സെന്റർ.