നിങ്ങളുടെ ബോസ് എങ്ങനെയുള്ളതാണ്? അടുത്തറിഞ്ഞാൽ കരിയർ സെറ്റ്

Mail This Article
ബോസ് എന്നു കേൾക്കുമ്പോൾ എന്താകും മനസ്സിൽ തെളിയുക? ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മൈ ബോസ്’ എന്ന ചിത്രത്തിലെ സിഎംഒ പ്രിയ എസ്. നായരും എക്സിക്യൂട്ടീവ് അസിസ്റ്റന്റും തമ്മിലുള്ള ഇൗ സംഭാഷണം ഒാർമയില്ലേ? സിനിമ റിലീസായിട്ട് പതിമൂന്നു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇൗ രംഗങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ കറങ്ങിത്തിരിഞ്ഞു വരാറുണ്ട്. എന്തിനും ഏതിനും ജീവനക്കാരോട് തട്ടിക്കയറുന്ന മേലധികാരികളെ അത്ര പെട്ടെന്നു മറക്കാൻ കഴിയുമോ? ഇൗ വരികൾ വായിക്കുന്ന ചിലരെങ്കിലും ബോസുമാരായിരിക്കും അല്ലെങ്കിൽ കരിയർ തുടങ്ങി എന്നെങ്കിലും മേലധികാരിയാകുന്നവരായിരിക്കാം. നമ്മുടെ തൊഴിലിടത്തില്‍ നാം പല തരത്തിലുള്ള മേലധികാരികളെ കണ്ടുമുട്ടാറുണ്ട്. ഒരോരുത്തരും ഓരോ വിധത്തിലാണ് തങ്ങളുടെ നേതൃപദവിയെ വിനിയോഗിക്കുകയും ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്യുക. ബോസുമാർ എത്രതരമുണ്ടെന്ന് അറിയാം.
1. സ്വേച്ഛാധിപതിയായ ബോസ്
സ്വന്തം ഇഷ്ടത്തിനനുസരിച്ചു മാത്രം തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോകുന്നതരം മേലധികാരികളാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്കു തങ്ങളുടെ ടീമിന്റെ മുകളില്‍ ശക്തമായ നിയന്ത്രണമുണ്ടാകും. ഇവരോടു ചോദിക്കാതെ ടീമില്‍ ഒരു ഇലയനക്കം പോലും ഇക്കൂട്ടര്‍ സഹിക്കില്ല. സഹപ്രവര്‍ത്തകര്‍ക്ക് ഇത്തരം ബോസുമാര്‍ അത്ര നല്ല വൈബാകില്ല ഉണ്ടാക്കുന്നതെങ്കിലും സമ്മര്‍ദ സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഇത്തരക്കാര്‍ തിളങ്ങാറുണ്ട്.
2. ജനാധിപത്യവാദിയായ ബോസ്
തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ടീമിലുള്ള എല്ലാവരുടെയും അഭിപ്രായം തേടുന്നവരാകും ജനാധിപത്യവാദിയായ ബോസ്. വ്യത്യസ്ത തരത്തിലുള്ള വീക്ഷണങ്ങളെ വിലമതിക്കുന്ന ഇക്കൂട്ടര്‍ എല്ലാവരും സഹകരിച്ച് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സ്ഥാപനത്തില്‍ സര്‍ഗാത്മകത വളര്‍ത്താനും എല്ലാവര്ക്കും സ്വന്തം ടീമെന്ന ഒരു തോന്നല്‍ ഉണ്ടാക്കാനും ഇത്തരം നേതാക്കള്‍ സഹായിക്കും.
3. പരിവര്‍ത്തനവാദിയായ ബോസ്
മാറ്റങ്ങളുണ്ടാക്കാന്‍ ടീമിലുള്ളവരെ പ്രചോദിപ്പിക്കുന്നവരാണ് ഇക്കൂട്ടര്‍. ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുകയും സ്വയം മാതൃകയാകുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. നൂതനാശയങ്ങള്‍ കൊണ്ടുവരാനും ടീമിനെ വളര്‍ത്താനും ഇവര്‍ മുന്നില്‍ നില്ക്കും.
4. ചട്ടപ്പടി നടക്കുന്ന ബോസ്
ഓഫിസ് ഘടനയെയും സംവിധാനത്തെയും നിയമങ്ങളെയും ചട്ടങ്ങളെയുമൊക്കെ അക്ഷരംപ്രതി അനുസരിച്ചുമാത്രം മുന്നോട്ടു നീങ്ങുന്നവരാണ് ഈ വിഭാഗത്തിലുള്ളവര്‍. ഹ്രസ്വകാലത്തേക്കുള്ള ലക്ഷ്യങ്ങള്‍ നേടാനുതകുന്ന ടാസ്ക്കുകള്‍ക്കും പ്രകടനത്തിനുമാണ് ഇവര്‍ ഊന്നല്‍ നല്‍കുക. ടീമിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇവര്‍ക്കു കഴിയും.
5. വ്യക്തിപ്രഭാവമുള്ള ബോസ്
ടീമിലുള്ള എല്ലാവരിലും തന്റെ വ്യക്തിപ്രഭാവംകൊണ്ട് സ്വാധീനമുണ്ടാക്കുന്ന നേതാക്കന്മാര് ഈ വിഭാഗത്തില്‍പ്പെടുന്നു. തന്റെ ഈ സ്വാധീനവും അനുനയവും ഉപയോഗപ്പെടുത്തി ഇവര്‍ ടീമിന്റെ കാര്യങ്ങള്‍ നേടിയെടുക്കുന്നു. ടീമംഗങ്ങളുമായി ശക്തമായ വൈകാരികബന്ധങ്ങള് ഇവര്‍ ഉണ്ടാക്കാറുണ്ട്. എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ഇത്തരം നേതാക്കന്മാര് ടീമംഗങ്ങളെ കൂടുതല്‍ മികച്ച പ്രകടനത്തിനു പ്രചോദിപ്പിക്കുകയും ചെയ്യും.
6. പൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന ബോസ്
തന്റെ മേല്‍നോട്ടവും ഇടപെടലും ഏറ്റവും ചുരുക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ടീമംഗങ്ങള്‍ക്ക് അവസരം നല്കുന്ന നേതാക്കളാണ് ഇവര്‍. സ്വയം മാനേജ് ചെയ്യാന്‍ സാധിക്കുമെന്ന ഒരു വിശ്വാസം ഇവര്‍ക്ക് ടീമംഗങ്ങളില്‍ ഉണ്ടാകും. ഉയര്‍ന്ന ശേഷിയും സര്ഗവൈഭവവുമുള്ള ടീമുകളെ നയിക്കാന്‍ ഇവര്ഏറ്റവും അനുയോജ്യരാണ്.
7. പരിശീലക സ്വഭാവമുള്ള ബോസ്
ടീമംഗങ്ങളുടെ വ്യക്തിഗത വികസനത്തിനും പ്രകടനത്തിനും ഊന്നല്‍ നല്‍കുന്നവരാണ് ഇക്കൂട്ടര്‍. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മെന്ററിങ്ങും നല്കി കൂടെയുള്ളവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇവര്‍ ശ്രമിക്കും. ദീര്‍ഘകാല നേട്ടങ്ങള്‍ക്കു സഹായിക്കുന്ന ശേഷി അവര്‍ ടീമംഗങ്ങളില്‍ ഉണ്ടാക്കും.

8. നല്ല കാഴ്ചപ്പാടുള്ള ബോസ്
ടീമിനെക്കുറിച്ചും സ്ഥാപനത്തിനെക്കുറിച്ചുമൊക്കെ ദീര്‍ഘകാല വീക്ഷണം വച്ചു പുലര്‍ത്തുന്നവരാണ് ഈ വിഭാഗത്തിലുള്ളവര്‍. വ്യക്തവും മോഹിപ്പിക്കുന്നതുമായ ഒരു ദര്‍ശനം മുന്നോട്ടു വച്ചുകൊണ്ടാണ് ഇവര്‍ ടീമംഗങ്ങളെ പ്രചോദിപ്പിക്കുക. പുരോഗമനാശയങ്ങള്‍ ഉള്ള ഇത്തരം മേലധികാരികള്‍ നവീനാശയങ്ങളെ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യും.
9. സേവകനായ ബോസ്
തങ്ങളുടെ ആവശ്യങ്ങള്‍ക്കു മുകളില്‍ ടീമംഗങ്ങളുടെ ആവശ്യങ്ങളെ പ്രതിഷ്ഠിക്കുന്നവരാണ് ഇവര്‍. ടീമിലുള്ളവരുമായി വിശ്വാസത്തിലധിഷ്ഠിതമായ നല്ല ബന്ധം ഇവര്‍ വളര്‍ത്തിയെടുക്കും. കൂടെയിരുന്ന് ടീമംഗങ്ങളുടെ അത്രതന്നെ ജോലിയും ഇവര്‍ ചെയ്യും. ടീമിലുള്ളവരുടെ ആവശ്യങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്ന ഇത്തരം നേതാക്കന്മാര് വ്യക്തിഗത വളര്‍ച്ചയ്ക്കായുള്ള അവസരങ്ങള്‍ ഒരുക്കിനല്‍കാനും മിടുക്കരാണ്.