ഏത് മേഖലയിലേക്ക് തിരിയണമെന്ന് ആശങ്കയോ? അസാപ്പിന്റെ അഭിരുചി പരീക്ഷയിലൂടെ തീരുമാനിക്കാം

Mail This Article
പഠനമാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സുകളിൽ ചേർക്കണമെന്നു തീരുമാനിക്കാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളേറെ. ജീവിതവിജയം കൈവരിച്ചവരെക്കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്നു വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കു പഠിക്കാൻ കഴിയാതെ പോയ കോഴ്സിൽ മകനോ മകളോ പഠിക്കട്ടെ എന്ന മട്ടിലുമുണ്ട് ചിന്ത. കുട്ടിയുടെ അഭിരുചിക്കു മുൻഗണന കൊടുക്കണമെന്ന കാര്യം പലപ്പോഴും മറന്നുപോകുന്നു.
കണക്കിൽ താൽപര്യമില്ലാത്തവരെ എൻജിനീയറിങ് ബിരുദത്തിനു നിർബന്ധിച്ചു ചേർത്താൽ അവർ സമ്മർദത്തിലാകും. ഇത്തരത്തിൽപെട്ട കുട്ടികൾ ഇടയ്ക്കു പഠനം ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങളേറെയുണ്ട് എന്നത് ഉദാഹരണം.
കുട്ടിയുടെ ജന്മവാസനയെക്കുറിച്ച് അച്ഛനമ്മമാർക്ക് ഏകദേശ രൂപമുണ്ടായിരിക്കും. പക്ഷേ കുട്ടിക്ക് ഏറ്റവും യോജിച്ച പഠനമാർഗമേതെന്നു കണ്ടെത്താൻ ആ അറിവു പോരാ. അഭിരുചി കുറെക്കൂടി കൃത്യതയോടെ നിർണയിക്കണം.ടെസ്റ്റുകൾവഴി ഈ കൃത്യം നിർവഹിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുണ്ട്. ഓൺലൈൻ രീതിയിൽ സ്വയം അഭിരുചി കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റുകളുമുണ്ട്.
സർക്കാർ സംവിധാനം
അഭിരുചി നിർണയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകമായ ഓൺലൈൻ ടെസ്റ്റ്, കേരള സർക്കാരിനു കീഴിലുള്ള 'അസാപ്' (അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം- ASAP) ഒരുക്കിയിട്ടുണ്ട്.വെബ്സൈറ്റ്:https://asapkerala.gov.in.
ACE (ആപ്റ്റിറ്റ്യൂഡ്&കോംപീറ്റൻസി ഇവാല്യുവേഷൻ)എന്ന ടെസ്റ്റിൽ പങ്കെടുക്കാൻ https://ace.asapkerala.gov.in എന്ന വെബ്സൈറ്റിൽ വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങൾ നൽകിലോഗിൻ ചെയ്യണം. 8–ാം ക്ലാസ് തലത്തിലും 10–ാം ക്ലാസ് തലത്തിലും ടെസ്റ്റുകളുണ്ട്. ഇവയിലോരോന്നിലും സിബിഎസ്ഇ, കേരള സംസ്ഥാന ബോർഡ് എന്നിവയിൽ പഠിക്കുന്നവർക്ക് വെവ്വേറെ ടെസ്റ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നു.ഈ 4 ടെസ്റ്റുകളിൽ നമുക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ടെസ്റ്റ് ഏതായാലും 300രൂപ ഓൺലൈനായി ഫീയടയ്ക്കണം.
സൈക്കോമെട്രിക് ടെസ്റ്റ്
ടെസ്റ്റിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലുമുണ്ട്. ഉത്തരങ്ങൾ ഇംഗ്ലിഷിലോ മലയാളത്തിലോ രണ്ടും കലർത്തിയോ നൽകാം. ഉപരിപഠനത്തിനു കുട്ടിക്ക് ഏറ്റവും ഇണങ്ങിയ കോഴ്സുകൾ തിരിച്ചറിയാൻ ഉപകരിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമായും10 കഴിഞ്ഞ വിദ്യാർഥിയുടെ ഉപരിപഠനത്തിനും തുടർന്നുള്ള കരിയറിനും ഏറ്റവും യോജിച്ച റോഡ്മാപ് ഇതിൽനിന്നു ലഭിക്കും. ഇതിന്റെ ഫലത്തെ മാത്രം ആശ്രയിച്ചു തീരുമാനമെടുക്കണമെന്നില്ല; പ്രാഥമിക മാർഗനിർദേശമായി കരുതാം. ആലോചനകളിൽ കുട്ടികളെയും പങ്കെടുപ്പിക്കുന്നതു പ്രധാനം. ആവശ്യമെങ്കിൽ വിദഗ്ധോപദേശവും തേടാം.
സമഗ്ര വിലയിരുത്തൽ
അസാപ്പിന്റെ വിലയിരുത്തലിൽ വിദ്യാർഥിയെ സംബന്ധിച്ച പലതും പഠനവിധേയമാകും. ന്യൂമെറിക്കൽ/വെർബൽ/സ്പേഷ്യൽ എബിലിറ്റി, മെക്കാനിക്കൽ/ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, പഠനശീലങ്ങൾ, ഭാവനയും നിരീക്ഷണത്തിലെ കൃത്യതയും, താൽപര്യമുള്ള പ്രവർത്തനമേഖലകളും വിഷയങ്ങളും, വ്യക്തിപരമായ സ്വഭാവവിശേഷങ്ങളും മൂല്യങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളിലെ പ്രാവീണ്യം മുതലായവ വിലയിരുത്തും. അഭിരുചി പരീക്ഷകൾക്കു തയാറെടുപ്പ് ആവശ്യമില്ല. ടെസ്റ്റ് 45 – 50 മിനിറ്റ് നീണ്ടുനിൽക്കും.
കരിയർ ക്ലസ്റ്ററുകൾ
എസിഇയിൽ 27 കരിയർ ക്ലസ്റ്ററുകളുണ്ട്. സമാന ശേഷികൾ ആവശ്യമായ കരിയർ കൂട്ടമാണ് ക്ലസ്റ്റർ. ഉദാഹരണത്തിന് ‘ഐടി &എനേബിൾഡ് സർവീസസ്’ എന്ന ക്ലസ്റ്ററിൽ കംപ്യൂട്ടർ പ്രോഗ്രാമുകൾ, വെബ്സൈറ്റുകൾ, സൈബർ പ്രശ്നങ്ങൾ മുതലായവയിലെ പഠനവും സോഫ്റ്റ്‌വെയർ ഡവലപ്പർ, കംപ്യൂട്ടർ ഡേറ്റാ അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി എക്സ്പർട്ട് തുടങ്ങിയ ജോലികളും അടങ്ങും..
കരിയർ ക്ലസ്റ്ററുകളെ പ്രൈമറി (20), സപ്ലിമെന്ററി(3), ഹയർ ഓർഡർ (4) എന്നു വിഭജിച്ചിട്ടുണ്ട്. യഥാക്രമം വിദ്യാഭ്യാസയോഗ്യത, നൈപുണി, ഉന്നതമേഖലകൾ എന്നിവയുമായി ബന്ധപ്പെട്ടവ. വിലയിരുത്തിലിനുശേഷം 3 പ്രൈമറി നിർദേശിച്ചുതരും. കട്ട്ഓഫ് സ്കോർ അനുസരിച്ച് സപ്ലിമെന്ററിയും ഹയറും സൂചിപ്പിക്കും.
സ്കൂളുകൾക്ക് ‘ബൾക്’ രീതി
ഏറെ കുട്ടികളുടെ അഭിരുചി നിർണയിച്ചു കിട്ടാൻ താൽപര്യമുള്ള സ്കൂൾ പ്രിൻസിപ്പൽമാർക്കും മറ്റും ‘ബൾക്’ രീതിക്കായി നേരിട്ടു ബന്ധപ്പെടാം. യുക്തമായ കേസുകളിൽ ടെസ്റ്റിങ് ഫീസിൽ ഇളവു കിട്ടും. മലയാളം മാതൃഭാഷയല്ലാത്തവർക്കും മറ്റു സംസ്ഥാനക്കാർക്കും ഇംഗ്ലിഷ് ഭാഷയിലൂടെ ടെസ്റ്റിൽ പങ്കെടുക്കാം.
ആവശ്യമുള്ളവർക്കു ഓൺലൈൻ കൗൺസലിങ് ഏർപ്പെടുത്തുകയും ചെയ്യും.