സിവില്‍ സര്‍വീസ് പ്രിലിമിനറി; അവസാന ഘട്ട തയ്യാറെടുപ്പിന് പ്രയോഗിക്കാം ഈ തന്ത്രങ്ങള്‍

Mail This Article
യുപിഎസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍. കൂടുതല്‍ ഏകാഗ്രതയോടെ, തന്ത്രങ്ങള്‍ മെനഞ്ഞ് പഠനത്തില്‍ സൂക്ഷ്മതയോടെ അവ നടപ്പാക്കേണ്ട നിർണായക ഘട്ടമാണിത്. ഈ ദിവസങ്ങളിലെ ഓരോ നിമിഷവും നിങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് നിങ്ങളുടെ ഭാവിയുടെ തന്നെ ദിശമാറ്റിയേക്കാം.
അവസാന ഘട്ട തയാറെടുപ്പിന്റെ ഉത്കണ്ഠ നിറഞ്ഞ ഈ വേളയില്‍ ഇനി പറയുന്ന പഠനതന്ത്രങ്ങള്‍ നിങ്ങളുടെ വിജയം ഉറപ്പിക്കും.
1. അവസാന 10 വര്‍ഷ ചോദ്യ പേപ്പറുകള്‍ക്ക് മുന്‍ഗണന
കഴിഞ്ഞ 10 വര്‍ഷത്തെ പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് പരിശീലിക്കുന്നത് ഈ ഘട്ടത്തില്‍ ആത്മവിശ്വാസം ഉയര്‍ത്തും. വരുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കാനും പ്രധാനപ്പെട്ട വിഷയങ്ങളും ട്രെന്‍ഡുകളും കണ്ടെത്താനും ചോദ്യത്തിന്റെ ശൈലിയും ബുദ്ധിമുട്ടിന്റെ തോത് തിരിച്ചറിയാനും ഇവ ഉപകരിക്കും. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാനുള്ള സമയം നിശ്ചയിച്ച് എഴുതി പഠിക്കുന്നത് കൃത്യതയും വേഗവും വര്‍ദ്ധിപ്പിക്കും.
2. CSAT ശേഷികള്‍ക്ക് മൂര്‍ച്ച വര്‍ദ്ധിപ്പിക്കാം
CSAT വിഭാഗം ക്വാളിഫൈയിങ് സ്വഭാവത്തിലുള്ളതാണെങ്കിലും ഇത് വിജയിക്കേണ്ടത് നിര്‍ബന്ധമാണ്. പലരും കാലിടറി വീഴാറുള്ള ഒരു വിഭാഗവുമാണിത്. കോംപ്രിഹന്‍ഷന്‍ പാസ്സേജുകള്‍ വായിച്ച് വേഗത്തിലും കൃത്യതയിലും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ചോദ്യങ്ങളിലും ശ്രദ്ധയൂന്നാം. തെറ്റായ ഓപ്ഷനുകള്‍ വേഗത്തില്‍ ഒഴിവാക്കാന്‍ എലിമിനേഷന്‍ മെതേഡ് പ്രയോഗിക്കാം.

3. എലിമിനേഷന്‍ ടെക്‌നിക് സ്വായത്തമാക്കാം
സംശയം തോന്നിയാല്‍ കണ്ണും പൂട്ടി കറക്കിക്കുത്താതെ എലിമിനേഷന്‍ ടെക്‌നിക്ക് ഉപയോഗപ്പെടുത്താം. ലോജിക്കലായി ചിന്തിച്ച് വസ്തുതകള്‍ ഉപയോഗപ്പെടുത്തി തെറ്റായ ഓപ്ഷനുകള്‍ കുറേയൊക്കെ കണ്ടെത്താന്‍ കഴിയും. ഓള്‍വേസ്, നെവര്‍ പോലുള്ള വാക്കുകള്‍ ചോദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന കുരുക്കുകളാണെന്നതിനാല്‍ അവ ശ്രദ്ധിക്കണം. ഓപ്ഷനുകളില്‍ തെറ്റായവ എലിമിനേറ്റ് ചെയ്ത് രണ്ടോ മൂന്നോ ഓപ്ഷനുകളിലേക്ക് എത്തിയാല്‍ കൂടുതല്‍ ധാരണയോടെ ഉത്തരം തിരഞ്ഞെടുക്കാന്‍ സാധിച്ചേക്കാം. ഈ ടെക്‌നിക് കൃത്യത വര്‍ദ്ധിപ്പിച്ച് നെഗറ്റീവ് മാര്‍ക്കിങ് സാധ്യത കുറയ്ക്കുന്നു.
4. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍
ശരിയുത്തരത്തെ കുറിച്ച് അത്ര ഉറപ്പില്ലാത്ത മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കും എലിമിനേഷന്‍ ടെക്‌നിക് ഉപയോഗപ്പെടുത്താം. ഇതിനായി ആദ്യം ചോദ്യം ശ്രദ്ധാപൂര്‍വം വായിച്ചു നോക്കാം. ഓരോ ഓപ്ഷന്റെയും വസ്തുതകളെ പറ്റി അവലോകനം ചെയ്യാം. തെറ്റാണെന്ന് വ്യക്തമായും മനസ്സിലായ ഓപ്ഷനുകള്‍ എലിമിനേറ്റ് ചെയ്യാം. വെറുതേ ഊഹിക്കാതെ ശരിയുത്തരത്തിലേക്ക് തെറ്റുത്തരങ്ങള്‍ എലിമിനേറ്റ് ചെയ്ത് ചെയ്ത് എത്തിച്ചേരുക.
ഉദാഹരണത്തിന് 2020 യുപിഎസ് സി പ്രിലിമിനറിയിലെ ഒരു ചോദ്യം എടുക്കാം. ഇന്ത്യയില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ സൗജന്യ നിയമ സേവനങ്ങള്‍ നല്‍കുന്നത് ഇവയില്‍ ഏത് തരം പൗരന്മാര്‍ക്കാണ്.
1. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍
2. രണ്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍
3. മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍.
4. എല്ലാ മുതിര്‍ന്ന പൗരന്മാരും
ഓപ്ഷനുകള്‍
(എ) 1 ഉം 2 ഉം മാത്രം
(ബി) 3 ഉം 4 ഉം മാത്രം
(സി) 2 ഉം 3 ഉം മാത്രം
(ഡി) 1 ഉം 4ഉം മാത്രം
എലിമിനേഷന്‍ ടെക്‌നിക് ഇതില്‍ പ്രയോഗിക്കാം.
മൂന്നാമത്തെ പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ സേവനത്തിന് യോഗ്യത നേടില്ല. ഇതിനാല്‍ ബിയും സിയും എലിമിനേറ്റ് ചെയ്യാം. നാലാമത്തെ പ്രസ്താവനയില്‍ എല്ലാ മുതിര്‍ന്ന പൗരന്മാരും എന്ന് പറഞ്ഞിരിക്കുന്നു. എല്ലാവരും അത്തരത്തില്‍ സൗജന്യ സേവനത്തിന് യോഗ്യത നേടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഓപ്ഷന്‍ ഡിയും എലിമിനേറ്റ് ചെയ്യാം.
ഇതിനാല്‍ ശരിയുത്തരം എ.
5. മൂന്ന് റൗണ്ടുകളിലായി ഉത്തരമേകാം
നിങ്ങളുടെ ഉത്തരമെഴുതാനുള്ള ശ്രമങ്ങളെ മൂന്ന് റൗണ്ടുകളായി തിരിക്കാം. ഒന്നാമത്തെ റൗണ്ടില്‍ നിങ്ങള്‍ക്ക് 100 ശതമാനം അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക. രണ്ടാമത്തെ റൗണ്ടില്‍ രണ്ട് ഓപ്ഷനുകളെങ്കിലും നിങ്ങള്‍ക്ക് ഉറപ്പായും എലിമിനിറ്റ് ചെയ്യാന്‍ സാധിക്കുന്ന 50-50 സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക. മൂന്നാമത്തെ റൗണ്ടില്‍ സമയം അനുവദിക്കുമെങ്കില്‍ കരുതിക്കൂട്ടിയുള്ള ചില റിസ്‌കുകള്‍ ഏതാനും ചോദ്യങ്ങള്‍ക്ക് എടുക്കാം.
ഈ സമീപനം സമയം ശരിയായി ഉപയോഗപ്പെടുത്താനും തെറ്റുകള്‍ പരമാവധി കുറയ്ക്കാനും സഹായിക്കും.
മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകള്‍ വച്ചും ടൈമറുള്ള മോക്ക് ടെസ്റ്റുകളിലും ഈ ടെക്‌നിക്കുകള്‍ പ്രയോഗിക്കുക. ഏറ്റവും പുതിയ സിലബസ് അനുസരിച്ചുള്ള മനോമര ഇയര്‍ ബുക്ക് ഓൺലൈൻ യുപിഎസ് സി പ്രിലിംസ് 2025 മോക്ക് ടെസ്റ്റ് പരമ്പരയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.
6. സ്മാര്‍ട്ടായി റിവൈസ് ചെയ്യാം, പുതിയ വിഷയങ്ങള്‍ ഒഴിവാക്കാം
ഈ അവസാന ദിവസങ്ങള്‍ റിവൈസ് ചെയ്യാന്‍ മാത്രം ഉപയോഗിക്കാം. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആരംഭിക്കരുത്.
∙ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന സ്റ്റാറ്റിക് വിഷയങ്ങളിലും കറന്റ് അഫേഴ്‌സിലും ശ്രദ്ധയൂന്നാം.
∙ വ്യക്തിഗത നോട്ടുകളും മൈന്‍ഡ് മാപ്പുകളും ഏറ്റവുമധികം പ്രയോജനപ്പെടുന്ന ദിവസങ്ങളാണിത്.
∙ നിങ്ങള്‍ ദുര്‍ബലമായ മേഖലകള്‍ ആവര്‍ത്തിച്ച് പഠിച്ച് മനസ്സില്‍ ഉറപ്പിക്കുക.
∙ സ്മാര്‍ട്ടായ റിവിഷന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും.
∙ ശാന്തമായി പോസിറ്റീവായി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാം.
പല ടോപ്പര്‍മാരും പല തവണ എഴുതിയാണ് വലിയ വിജയങ്ങള്‍ നേടിയിട്ടുള്ളതെന്ന് എപ്പോഴും ഓര്‍മിക്കുക.
∙ നിങ്ങളുടെ തയ്യാറെടുപ്പില്‍ വിശ്വസിക്കുക.
∙ ഉറക്കത്തിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കാനും മറക്കരുത്.
∙ ശുഭാപ്തി വിശ്വാസത്തോടെ വിജയം മനസ്സില്‍ കണ്ട് മുന്നോട്ട് പോകുക.
ഈ അവസാന ദിവസങ്ങൾ ഒരു വഴിത്തിരിവാക്കി മാറ്റാൻ ശ്രമിക്കുക. ഓരോ മണിക്കൂറും വിവേകത്തോടെ ഉപയോഗിക്കുക, നിങ്ങളുടെ തന്ത്രത്തിൽ ഉറച്ചുനിൽക്കുക, നിങ്ങളുടെ കഠിനാധ്വാനത്തിൽ വിശ്വസിക്കുക. വിജയം അടുത്തുതന്നെയുണ്ട്.