ദേശീയ സ്ഥാപനങ്ങളിൽ റീഹാബിലിറ്റേഷൻ പഠനം; പൊതു എൻട്രൻസ് ജൂലൈ 22ന്

Mail This Article
ശാരീരികവെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശേഷികൾ പരിശീലിപ്പിക്കുന്ന 5 ദേശീയ സ്ഥാപനങ്ങളിലെ ബാച്‌ലർ ബിരുദ പ്രവേശനത്തിനുള്ള പൊതു എൻട്രൻസ് പരീക്ഷയ്ക്ക് ജൂൺ 13നു രാത്രി 11.59 വരെ അപേക്ഷിക്കാം. https://svnirtar.nic.in. അപേക്ഷാഫീ 1300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. ജൂലൈ 22നു തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടെ 32 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഫലം ജൂലൈ രണ്ടിന്.
പ്രോഗ്രാമുകൾ
1) ബിപിടി (ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി)
2) ബിഒടി ( ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി)
3) ബിപിഒ (ബാച്‌ലർ ഓഫ് പ്രോസ്തെറ്റിക്സ് & ഓർത്തോട്ടിക്സ്)
4) ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വിജ് പതോളജി) ആദ്യമൂന്നു പ്രോഗ്രാമിനും 4 വർഷം ക്ലാസും 6 മാസം ഇന്റേൺഷിപ്പും. നാലാമത്തേതിനു 3 വർഷം ക്ലാസും ഒരു വർഷം ഇന്റേൺഷിപ്പും.
എൻട്രൻസ് പരീക്ഷ
പ്ലസ്ടു നിലവാരത്തിലുള്ള ടു 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 120 മിനിറ്റ് സമയം. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി എന്നിവയിൽനിന്ന് 30 മാർക്ക് വീതം. പൊതുവിജ്ഞാനത്തിനും ജനറൽ എബിലിറ്റിക്കും 10 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കില്ല.
സ്ഥാപനവും സീറ്റും
അഞ്ചു സ്ഥാപനങ്ങളും കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളവയാണ്.
1) സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയ്നിങ് & റിസർച്, കട്ടക്ക്, ഒഡീഷ; http://svnirtar.nic.in. ബിപിടി: 62 സീറ്റ്, ബിഒടി: 62, ബിപിഒ: 46, ബിഎഎസ്എൽപി: 10
2) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കമോട്ടർ ഡിസെബിലിറ്റീസ്, കൊൽക്കത്ത; http://nild.nic.in. ബിപിടി: 57. ബിഒടി: 56, ബിപിഒ: 47
3) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, ചെന്നൈ; http://niepmd.tn.nic.in. ബിപിടി: 18, ബിഒടി: 18, ബിപിഒ: 20, ബിഎഎസ്എൽപി: 27
4) പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ന്യൂഡൽഹി; http://pdunippd.nic.in. ബിപിടി: 68, ബിഒടി: 68, ബിപിഒ: 39
5) കോംപസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് ഡിസെബിലിറ്റീസ്, ഗുവാഹത്തി, http://crcguwahati.nic.in. ബിഎഎസ്എൽപി: 20
പ്രവേശനയോഗ്യത
പ്രവേശനയോഗ്യത പ്രോസ്പെക്ടസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിപിടി, ബിഒടി എന്നിവയ്ക്കു പൊതുവേ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്കോടെ പ്ലസ്ടു വേണം. പട്ടിക / ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ളവർക്കു യഥാക്രമം 40% / 45%. ബിപിഒയ്ക്ക് ഇതേ മിനിമം യോഗ്യതയാണെങ്കിലും ബയോളജിക്കു പകരം മാത്‌സ് ആയാലും മതി. 2025 ഡിസംബർ 31നു 17 തികയണം. ഉയർന്ന പ്രായമില്ല. ബിഎഎസ്എൽപിക്കു പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി ഇവയിലൊന്നും പഠിച്ചിരിക്കണം. മൊത്തം 50% മാർക്കും വേണം. പട്ടിക / ഭിന്നശേഷിക്കാർക്ക് യഥാക്രമം 40% / 45%. പ്രായപരിധിയില്ല.
പിജി പ്രോഗ്രാമുകളും
കട്ടക്ക് സ്വാമി വിവേകാനന്ദ് ഇൻസ്റ്റിറ്റ്യൂട്ടിലെ എംപിടി, എംഒടി, എംപിഒ പ്രോഗ്രാമുകളിലേക്ക് http://svnirtar.nic.in വഴി ജൂൺ 13 വരെ അപേക്ഷിക്കാം. പിജി എൻട്രൻസ് ജൂൺ 22ന്. പൂർണവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.