വിദ്യാർഥികളേ വരൂ... നമുക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം

Mail This Article
രണ്ടു വിഷയങ്ങൾക്ക് എ പ്ലസ് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത കുട്ടിയുണ്ട് നമ്മുടെ പ്രബുദ്ധ കേരളത്തിൽ. എല്ലാത്തി നും എ പ്ലസ് നേടുന്നതാണ് ജീവിതവിജയം എന്ന ഒരു പൊതുബോധം നമ്മളെ എങ്ങനെയോ ബാധിച്ചിരിക്കുന്നു. എ പ്ലസ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും വലിയ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുന്ന ഒട്ടേറെ മാർഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സംരംഭ മേഖല. അതിൽത്തന്നെ യുവാക്കൾക്ക് ശോഭിക്കാൻ കഴിയുന്ന മേഖലയാണ് സ്‌റ്റാർട്ടപ്പുകൾ. സ്‌റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനും ഈ കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.
ഈ പ്രശ്നങ്ങൾ കണ്ടെത്തുക
നമ്മുടെ സമൂഹത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കാലാവസ്‌ഥാ വ്യതിയാനം, ജെൻഡർ സമത്വം, വിദ്യാഭ്യാസ സംവിധാനങ്ങൾ, ഭക്ഷണം, പാർപ്പിടം, സാമൂഹിക സുരക്ഷ, യുദ്ധം, സമാധാനം ജയിലുകൾ, ആരോഗ്യരക്ഷ, അങ്ങനെ ഒട്ടേറെ മേഖലകളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഈ പ്രശ്നങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റാർട്ടപ്പുകൾ തുടങ്ങേണ്ടത് പ്രശ്നങ്ങളിൽ നിന്നാണെന്നു ചു രുക്കം.
പരിഹാരങ്ങൾ കണ്ടെത്തുക
നിങ്ങൾ കണ്ടെത്തിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ആധുനിക സാങ്കേതികവിദ്യകളിലൂടെ കണ്ടെത്തുക. അത്തരം ആശയങ്ങൾ മുന്നോട്ടു വയ്ക്കുക. വൈവിധ്യങ്ങളായ ആശയങ്ങൾ സ്വീകരിക്കുക. അതിൽ ഏറ്റവും യോജ്യമായ ആശയം പ്രായോഗികമായി കൊണ്ടുവരാൻ ശ്രമിക്കുക.
ആശയത്തെ ഇൻകുബേറ്റ് ചെയ്യുക
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നാം ഉണ്ടാക്കിയെടുത്ത ആശയം പ്രായോഗികമായി വിജയിക്കുമോ ഇല്ലയോ എന്നുള്ള പരീക്ഷണമാണ് ഇൻകുബേഷൻ കേന്ദ്രത്തിൽ നടക്കുക. ഒട്ടേറെ ഇൻകുബേഷൻ കേന്ദ്രങ്ങൾ നമുക്കുചുറ്റുമുണ്ട്. കാർഷിക അധിഷ്ഠിത ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് കാർഷിക യൂണിവേഴ്സിറ്റികൾ, മാംസം, മുട്ട, പാൽ, ജീവികൾക്കുള്ള ഭക്ഷണം തുടങ്ങിയവയ്ക്ക് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി, മത്സ്യം പോലുള്ള സംരംഭങ്ങൾക്ക് മത്സ്യ ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യയിൽ ഊന്നിയ സംരംഭങ്ങൾക്ക് ഐഐടികൾ, എൻ ഐടികൾ, എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ....
കേരള സ്‌റ്റാർട്ടപ് മിഷൻ വളരെ ചുരുങ്ങിയ ചെലവിൽ ഇൻകുബേഷൻ സൗകര്യങ്ങൾ നൽകുന്നുണ്ട്. പിറവം അഗ്രോ പാർക്ക് പോലെ സ്വകാര്യ ഇൻകുബേഷൻ കേന്ദ്രങ്ങളുമുണ്ട്.
വാണിജ്യവൽക്കരിക്കുക
ഇൻകുബേറ്റ് ചെയ്തെടുത്ത ആശയങ്ങളുടെ പ്രായോഗിക ക്ഷമതയാണ് വാണിജ്യവൽക്കരണം.. എത്രവിജയകരമായി വാണിജ്യ അടിസ്ഥാനത്തിൽ ഇവ വിൽക്കാൻ കഴിയുമെന്നുള്ളതാണ് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടത്. പൊതുവെ, സ്റ്റാർട്ടപ്പുകളുടെ വിജയ നിരക്ക് കുറവാണെങ്കിലും വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഒരു ആശയം വിജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നുള്ളതാണ് യാഥാർഥ്യം.
വൈവിധ്യ മേഖലകൾ തിരിച്ചറിയുക
കാർഷിക അധിഷ്ഠിത സംരംഭങ്ങൾ, ആരോഗ്യ സംരക്ഷണ സംരംഭങ്ങൾ, വ്യവസായ സംരക്ഷണ സംരംഭങ്ങൾ. എയ്‌റോ സ്പേസസ്, ട്രാൻസ്പോർട്ടേഷൻ, കമ്യൂണിക്കേഷൻ, മത്സ്യബന്ധനം,മത്സ്യ ഗവേഷണം, പരമ്പരാഗത തൊഴിലുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ പുതിയ സ്‌റ്റാർട്ടപ്പുകൾക്ക് സാധ്യതകളേറെയാണ്. എല്ലാത്തിലും പുതുമയും നൂതന സാങ്കേതികവിദ്യയും വേണം. നന്നായി ശ്രമിച്ചാൽ വിജയിക്കാൻ കഴിയുന്ന എല്ലാ സാഹചര്യവും ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
സർക്കാർ സഹായങ്ങൾ
സ്‌റ്റാർട്ടപ് കമ്പനികളെ സഹായിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ നിലവിലുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്റ്റാർട്ടപ് ഇന്ത്യ, ഡിപ്പാർട്മെന്റെ ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്, സയൻസ് ആൻഡ് ടെക്നോളജി മിനിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് ഐടി മിനിസ്ട്രി, ടി, എംഎസ്എംഇ മിനിസ്ട്രി, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിങ് ഇൻഡസ്ട്രീസ്, ഡിഫൻസ് മിനിസ്ട്രി, ടൂറിസം മിനിസ്ട്രി തുടങ്ങിയവയെല്ലാം വൈവിധ്യമാർന്ന പദ്ധതികളിലൂടെ സ്‌റ്റാർട്ടപ്പുകളെ സഹായിച്ചു വരുന്നു. സംസ്ഥാനതലത്തിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐ ഡിസി, ഡിപ്പാർട്‌മെന്റെ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേ ഴ്സ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകൾ തുടങ്ങിയ കേന്ദ്രങ്ങളും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഫണ്ടിങ്, ടെക്നോളജി, പൊതു സംഭരണം, ഇന്റെലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്, നെറ്റ് വർക്കിങ്, വിപണനം എന്നീ രീതിയിൽ എല്ലാം തന്നെ ഇത്തരം സ്ഥാപനങ്ങളുടെ സേവ നങ്ങളും ലഭിക്കും. ഒട്ടേറെ സ്വകാര്യ സ്‌ഥാപനങ്ങളും വിദ്യാർഥി സ്‌റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് തയാറായി മുന്നിലുണ്ട്.
