ആർക്കിടെക്ചർ, ഡിസൈന്; അറിയാം പ്രവേശനപരീക്ഷകളും പഠനസ്ഥാപനങ്ങളും

Mail This Article
Q : ബിആർക്, ബിഡിസ് എന്നീ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പ്രധാന പ്രവേശനപരീക്ഷകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും വിശദീകരിക്കാമോ ?
Ans: മാത്‌സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി / ബയോളജി / ഐടി / ബിസിനസ് / എൻജിനീയറിങ് ഗ്രാഫിക്സ് / ടെക്നിക്കൽ വൊക്കേഷനൽ വിഷയം / ബിസിനസ് സ്റ്റഡീസ് / ഐപി / കംപ്യൂട്ടർ സയൻസ് എന്നിവയോടെയുള്ള പ്ലസ്ടു, അല്ലെങ്കിൽ മാത്‌സ് ഉൾപ്പെടുന്ന പോളിടെക്നിക് ഡിപ്ലോമ യോഗ്യതയുള്ളവർക്കു ബിആർക്കിനു ചേരാം. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) യോഗ്യത വേണം.

എൻഐടികളിൽ ജെഇഇ മെയിൻ പേപ്പർ 2 വഴിയാണു പ്രവേശനം. ഐഐടികളിലേക്ക് ജെഇഇ പേപ്പർ 2 യോഗ്യത നേടിയശേഷം ജെഇഇ അഡ്വാൻസ്ഡ്, ഐഐടി ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എഎടി) എന്നിവയിലും വിജയിക്കണം.
സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ (എസ്പിഎ) ഡൽഹി, ഭോപാൽ, വിജയവാഡ ക്യാംപസുകൾ, ഐഐടി ഖരഗ്പുർ, ഐഐടി റൂർക്കി, ഐഐടി (ബിഎച്ച്‌യു) വാരാണസി, എൻഐടി കോഴിക്കോട്, അഹമ്മദാബാദ് സിഇപിടി സർവകലാശാല, മുംബൈ ജെജെ കോളജ് ഓഫ് ആർക്കിടെക്ചർ, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി), തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, കൊല്ലം ടികെഎം എന്നിവിടങ്ങളിൽ മികച്ച ബിആർക് പ്രോഗ്രാമുകളുണ്ട്. മെച്ചപ്പെട്ട നിലവാരമുള്ള സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു / പോളിടെക്നിക് ഡിപ്ലോമ എന്നിവയാണ് ബിഡിസിനുള്ള യോഗ്യത. ഐഐടി ബോംബെ നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഇൻ ഡിസൈൻ (UCEED), എൻഐഡി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT) എന്നിവയാണ് പ്രധാന പ്രവേശനപരീക്ഷകൾ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പ്രവേശനത്തിനുവേണ്ടി എൻഐഎഫ്ടി എൻട്രൻസ് എക്സാം, വിവിധ സർക്കാർ, സ്വകാര്യ സർവകലാശാലകളിലെ ബിഡിസ് പ്രവേശനത്തിനു വേണ്ടിയുള്ള സിയുഇടി യുജി (ഡിസൈൻ) ടെസ്റ്റുകളുമുണ്ട്. സ്വന്തം നിലയ്ക്കു പ്രവേശനപരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്.
അഹമ്മദാബാദിൽ ആസ്ഥാനവും വിവിധ സ്ഥലങ്ങളിൽ ക്യാംപസുമുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) ഇന്ത്യയിലെ മികച്ച ഡിസൈൻ പഠനസ്ഥാപനമാണ്. ഐഐടി ബോംബെയ്ക്കു പുറമേ ഐഐടി ഗുവാഹത്തി, ജബൽപുർ ഐഐഐടിഡിഎം എന്നിവിടങ്ങളിലും പ്രവേശനം യുസീഡ് വഴിയാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ കണ്ണൂർ ക്യാംപസിൽ ബിഡിസിന് ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ്‌വെയർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ സ്പെഷലൈസേഷനുകളുണ്ട്. ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് & ഡിസൈനും ശ്രദ്ധേയ സ്ഥാപനമാണ്.
കേരളത്തിൽ സർക്കാർ മേഖലയിൽ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുണ്ട്. സർക്കാർ ക്വോട്ടയിലും സീറ്റുള്ള സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.