പിജി ലണ്ടനിൽ ആയാലോ? വീസ മുതൽ താമസം വരെ സൗജന്യം, സ്കോളർഷിപ്പിന് അപേക്ഷിക്കാം

Mail This Article
വിദ്യാർഥിവീസയ്ക്കുള്ള ചെലവ്, ട്യൂഷൻ ഫീ, താമസത്തിനും ഭക്ഷണത്തിനുമുള്ള പണം, ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി, അനുബന്ധച്ചെലവുകൾ എന്നിവയെല്ലാം സഹിതം യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിൽ 2-3 വർഷം ഫുൾടൈം പിജി പഠനത്തിന് ഇന്ത്യയിൽനിന്ന് 6 പേർക്കു റോഡ്സ് സ്കോളർഷിപ് (Rhodes Scholarship) ലഭിക്കും. പ്രോഗ്രാമിന്റെ ദൈർഘ്യം 2 വർഷമെങ്കിലുമുണ്ടായിരിക്കണം. അല്ലാത്തപക്ഷം ആദ്യവർഷം മറ്റൊരു പ്രോഗ്രാമിനു ചേർന്നുപഠിച്ച്, തുടർന്ന് ഒരു വർഷ പ്രോഗ്രാമിനു ചേരാം.
പൊതുവിവരങ്ങൾക്ക് www.rhodeshouse.ox.ac.uk/scholarships. ഇന്ത്യൻ വിദ്യാർഥികൾക്കു മാത്രമുള്ള വിവരങ്ങൾക്ക്
www.rhodeshouse.ox.ac.uk/scholarships/applications/india.
പാർട്‌ടൈം കോഴ്സ്, പിജി ഡിപ്ലോമ / സർട്ടിഫിക്കറ്റ് എന്നിവയ്ക്കു സഹായം കിട്ടില്ല. 2026 ഒക്ടോബറിലെ പ്രവേശനത്തിനാണ് ഇപ്പോഴത്തെ അപേക്ഷ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ജൂലൈ 23നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും- ആദ്യം സ്കോളർഷിപ്പിന് അപേക്ഷ, പിന്നീട് ഓക്സ്ഫഡ് ഗ്രാജ്വേറ്റ് സ്റ്റഡി വെബ്സൈറ്റിലൂടെ പ്രോഗ്രാം പ്രവേശനത്തിന് എന്ന ക്രമത്തിൽ.
പ്രായം 2025 ഒക്ടോബർ ഒന്നിന് 18–23 വയസ്സ്. 2024 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ഫസ്റ്റ് യുജി ഡിഗ്രിക്കു വേണ്ടതെല്ലാം പൂർത്തിയാക്കിയെങ്കിൽ 27നു താഴെ പ്രായം.
കഴിഞ്ഞ 10 വർഷത്തിനിടെ 4 വർഷമെങ്കിലും ഇന്ത്യയിൽ പഠിച്ചിരിക്കണം അഥവാ 10 / 12പരീക്ഷ ഇന്ത്യയിൽ ജയിച്ചിരിക്കണം, അഥവാ ഇന്ത്യൻ യുജി ഡിഗ്രി ജയിച്ചിരിക്കുകയോ ഡിഗ്രിയുെട അവസാന വർഷം പഠിക്കുകയോ ആയിരിക്കണം.
2026 ജൂലൈയിൽ യുജി ബിരുദം നേടിയിരിക്കണം. ഫസ്റ്റ് ക്ലാസ് ഓണേഴ്സ് ഡിഗ്രി അഭികാമ്യം.
അപേക്ഷയോടൊപ്പം നൽകേണ്ടവ: പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ, പ്രവേശനയോഗ്യത തെളിയിക്കുന്ന രേഖകൾ, പഠനചരിത്രവും ബന്ധപ്പെട്ട സർവകലാശാലാരേഖകളും, ഓക്സ്ഫഡിൽ താൽപര്യമുള്ള പ്രോഗ്രാമുകൾ, കരിക്കുലം വിറ്റെ (ഫോർമാറ്റ് അപേക്ഷാഫോമിലുണ്ട്), അക്കാദമിക് സ്റ്റേറ്റ്മെന്റ്, പഴ്സനൽ സ്റ്റേറ്റ്മെന്റ്, നാലോ അഞ്ചോ റഫറിമാരുടെ ശുപാർശ. വിശദാംശങ്ങൾ വെബ് സൈറ്റിലുണ്ട്.