ADVERTISEMENT

എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)വിവിധ തൊഴിൽമേഖലകളിൽ കൊണ്ടുവരാവുന്ന മാറ്റങ്ങളെക്കുറിച്ചു നിരന്തരം ചർച്ചകൾ നടക്കുന്നു. സോഫ്റ്റ്‌വെയ‍‍ർ എൻജിനീയർമാരുടെ ജോലിയെ എഐ എങ്ങനെയാകും ബാധിക്കുക ?
ഏതു മേഖലയിലും എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയല്ല, കാര്യക്ഷമത കൂട്ടുകയാകും ചെയ്യുകയെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കഴിഞ്ഞവർഷം സിറോധ സ്ഥാപകരിലൊരാളായ നിഖിൽ കാമത്തുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. എഐ ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാകും ചെയ്യുകയെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയും വിലയിരുത്തിയിരുന്നു.

മാറണം, പുതിയ റോളിനൊത്ത്...

സോഫ്റ്റ്‌വെയ‍‍ർ വികസനത്തിൽ എഐയുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഒരു നിശ്ചിത ആവശ്യത്തിനായുള്ള കോഡ് എങ്ങനെ വികസിപ്പിക്കാമെന്ന അറിവല്ല ഇനി വേണ്ടത്. ഇതിനായി എഐയെ എങ്ങനെ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന ധാരണയാണ്. ചെറിയ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. നാം യാത്രകളിൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ അതു ശ്രദ്ധാപൂർവം ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നത്തിലായേക്കും. എന്നാൽ തരുന്ന വിവരങ്ങൾ വിവേചനപൂർവം ഉപയോഗിക്കാനാകുന്ന ഒരു ഡ്രൈവർക്കു ഗൂഗിൾ മാപ്സ് ഏറെ സഹായമാകുംതാനും. ഇതുതന്നെയാണ് കോഡിങ്ങിന്റെ കാര്യത്തിലും നിലവിലെ സ്ഥിതി. എഐ മാത്രം ഉപയോഗിച്ചു കോഡ് വികസിപ്പിക്കുക പ്രായോഗികമല്ല. സമയലാഭത്തിന് എഐയെ ഉപയോഗിക്കാം.

അങ്ങനെ വികസിപ്പിക്കുന്ന കോഡിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്ന റോളിലേക്കു സോഫ്റ്റ്‌വെയ‍‍ർ എൻജിനീയർ മാറണം. കോഡ് ക്രിയേറ്റർക്കു പകരം കോഡ് റിവ്യൂവർ എന്ന റോൾ. 80% കോഡിങ് സ്കിൽസിനൊപ്പം 20% എഐ സ്കിൽസ് കൂടിയുള്ളവരാണ് ഇനി വേണ്ടത്. എഐയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ധാരണ പ്രധാനമാണ്. ഇവിടെയാണ് പ്രോംപ്റ്റിന്റെ (നാം എഐയ്ക്കു നൽകുന്ന നിർദേശം) പ്രസക്തി. നാം എന്തുപറയുന്നുവോ, അതിനനുസരിച്ചു പ്രവർത്തിക്കാൻ എഐയ്ക്കു കഴിയും. പ്രോംപ്റ്റ് എത്രത്തോളം മികച്ചതാണോ, അത്രത്തോളം എഐ തരുന്ന ഫലവും മികച്ചതാകും. നല്ല പ്രോംപ്റ്റുകൾ നൽകാനുള്ള ശേഷി വളർത്തിയെടുക്കുക അതുകൊണ്ടുതന്നെ പ്രധാനം. പഠിച്ചും പരിശീലിച്ചും വികസിപ്പിക്കാവുന്ന ശേഷിയാണത്.

എഐ കാലത്തെ ക്യാംപസ്

ഇന്ത്യയിലെ ആദ്യ എഐ സർവകലാശാല സ്ഥാപിക്കാനായി ആന്ധ്രപ്രദേശ് സർക്കാർ ചിപ് നിർമാണ രംഗത്ത് ലോകത്തെ മുൻനിര കമ്പനിയായ എൻവിഡിയയുമായി ധാരണാപത്രം ഒപ്പുവച്ചിരിക്കുകയാണ്. എഐ രംഗത്തു ഗവേഷണത്തിനും നൈപുണ്യവികസനത്തിനുമുള്ള സിരാകേന്ദ്രമായി പ്രവർത്തിക്കാൻ ഇത്തരമൊരു സർവകലാശാലയ്ക്കു കഴിയും. സത്യത്തിൽ എല്ലാ ഐടി പഠനസ്ഥാപനങ്ങളും സ്വന്തം പ്രവർത്തനശൈലിയിലും പ്ലേസ്മെന്റ് പദ്ധതികളിലും പൊളിച്ചെഴുത്ത് നടത്തേണ്ട സമയമാണിത്. ശ്രദ്ധിക്കേണ്ട ചില മേഖലകൾ ചുവടെ.

1) കരിക്കുലം

എഐ കാലത്തിനൊത്തുള്ള ജോലി കിട്ടണമെങ്കിൽ കരിക്കുലത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വേണം.  കരിക്കലുത്തിൽ എഐ, മെഷീൻ ലേണിങ്, ഡേറ്റ സയൻസ് എന്നിവയ്ക്കു പ്രാധാന്യമുണ്ടാകണം. കേവലം തിയറിക്കപ്പുറം, യഥാർഥ സാഹചര്യങ്ങളിൽനിന്നുള്ള പ്രായോഗിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തിയാകണം പഠനം.

Representative Image. Photo Credit: Cemile Bingol / istockphoto.com
Representative Image. Photo Credit: Cemile Bingol / istockphoto.com

2) ബാഹ്യസഹകരണം

എഐ സ്റ്റാർട്ടപ്പുകൾ, ടെക് കമ്പനികൾ, റിസർച് & ഡവലപ്മെന്റ് (ആർ & ഡി) ലാബുകൾ തുടങ്ങിയവയുമായി സഹകരിച്ചാകണം ക്യാംപസിന്റെ പ്രവർത്തനം. ഇന്റേൺഷിപ്പുകളും ലൈവ് പ്രോജക്ടുകളും ഗെസ്റ്റ് ലക്ചറുകളും വഴി ഇൻഡസ്ട്രി കണക്ട് ഉറപ്പാക്കണം.

3) കരിയർ കൗൺസലിങ്

മെഷീൻ ലേണിങ് എൻജിനീയർ, എഐ പ്രോഡക്ട് ഡിസൈനർ, പ്രോംപ്റ്റ് എൻജിനീയർ തുടങ്ങി പുതുതായി രൂപപ്പെട്ടു വരുന്ന ജോബ് റോളുകൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തണം. അവയ്ക്കു വേണ്ട ശേഷികൾ ആർജിക്കാനുള്ള മാർഗനിർദേശങ്ങളും നൽകണം.

വിദ്യാർഥികളേ... ഇതിലേ, ഇതിലേ

വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് എഐയുടെ സവിശേഷതകളിലൊന്ന്. ഈ സാഹചര്യത്തോടാണു വിദ്യാർഥികൾ മത്സരിക്കേണ്ടത്. ഓൺലൈൻ വ‍‍‍ർക്‌ഷോപ്പുകളിൽ പങ്കെടുത്തും അധിക സർട്ടിഫിക്കേഷനുകൾ നേടിയും ശേഷികൾ തേച്ചുമിനുക്കിയെടുക്കണം.

1)
എഡ്എക്സ് (edX), കോഴ്സ്റ (Coursera) തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എഐയിലും മെഷീൻ ലേണിങ്ങിലും മറ്റും ഓൺലൈൻ കോഴ്സുകൾ ചെയ്യണം.

2)
സൈഡ് പ്രോജക്ടുകൾ ഏറ്റെടുക്കുകയും ഗിറ്റ്ഹബ് (Github) പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ അവ പ്രസിദ്ധീകരിക്കുകയും വേണം.

3)
എഐ ഹാക്കത്തണുകളിലും മത്സരങ്ങളിലും പങ്കെടുക്കുക.

4)
ഗൂഗിൾ എഐ, ഓപ്പൺഎഐ, ഡീപ്മൈൻഡ് തുടങ്ങിയവയുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ പഠിച്ചു മനസ്സിലാക്കുക.

5)
വരുമാനമില്ലെങ്കിലും പോലും എഐ സ്റ്റാർട്ടപ്പുകളിൽ ഇന്റേൺഷിപ്പുകൾ ചെയ്യുക. എഐ കരിയറിലേക്കുള്ള സുവർണാവസരങ്ങളാകും ഒരുപക്ഷേ തുറന്നുകിട്ടുക.

(ലേഖകൻ; കോട്ടയം പാലാ ഐഐഐടിയിൽ അസിസ്റ്റന്റ് പ്രഫസറും പ്ലേസ്മെന്റ് ഓഫിസറുമാണ് )

English Summary:

AI Skills Needed for the Future of Software Development. The Evolving Role of Software Engineers in the Age of AI.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com