സ്‌കൂളിൽ പോകണ്ട! വീട്ടിലിരുന്ന് പഠിക്കാം, പരീക്ഷയെഴുതാം; ഹോം സ്കൂളിങ് ട്രെൻഡാകുന്നു

Mail This Article
കാക്കനാട് കടവിൽ മെറിൻ റോബിൻ 3 മക്കളുടെ അമ്മ മാത്രമല്ല, അധ്യാപികയും സഹപാഠിയുമാണ്. മക്കളുടെ വിദ്യാഭ്യാസം കുറ്റമറ്റതാക്കാൻ മെറിൻ ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. കാരണം മെറിന്റെ മക്കൾ പഠിക്കുന്നതു വീട്ടിലിരുന്നാണ്- അതെ ഹോം സ്‌കൂളിങ്.
സമാന്തരമായൊരു വിദ്യാഭ്യാസ സമ്പ്രദായമായി ഹോം സ്‌കൂളിങ് അതിവേഗം വളരുന്നുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും ഈ സമ്പ്രദായത്തിലേക്ക് ആകർഷിക്കപ്പെടുന്നു. മികച്ച വിദ്യാഭ്യാസത്തിനു സ്കൂൾ തന്നെ വേണമെന്നില്ല എന്ന ചിന്തയിൽ നിന്നാണു ഹോം സ്‌കൂളിങ് എന്ന പുതിയ വിദ്യാഭ്യാസ രീതി വളരുന്നത്. ജില്ലയിൽ ഹോം സ്‌കൂളിങ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണം അതിവേഗത്തിലാണു കുതിക്കുന്നത്. മെറിൻ ഉൾപ്പെടുന്ന മോംസ് ഓഫ് കൊച്ചിയുടെ ഹോം സ്‌കൂളിങ് വാട്‌സാപ് ഗ്രൂപ്പിൽ 83 അംഗങ്ങൾ ഉണ്ട്. ഇവരെല്ലാം ഇടയ്ക്കിടെ ഒരുമിച്ചു കൂടുന്നു

നിശ്ചിത സമയക്രമമോ, ക്ലാസ് മുറിക്കുള്ളിലെ മുഷിപ്പോ, ഹോം വർക്കുകളുടെ മടുപ്പോ ഒന്നും കുടാതെ പഠനം സാധ്യമാകും എന്നതാണു ഹോം സ്കൂളിങ്ങിന്റെ പ്രത്യേകത. പോരായ്‌മകൾ ഉണ്ടെങ്കിലും ഹോം സ്‌കൂളിങ് അംഗീകരിക്കപ്പെടുന്നു എന്നതാണു കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രൂപപ്പെടുന്ന ഹോം സ്‌കൂളിങ് വിദ്യാർഥികളുടെയും അധ്യാപകരുടെയും കുട്ടായ്‌മകൾ തെളിയിക്കുന്നത്.
എഴുത്ത്, വായന, കേൾക്കൽ, അടിസ്‌ഥാന ഭാഷാ പരിജ്ഞാനം, അടിസ്ഥാന ഗണിതം എന്നിവയൊക്കെയാണ് ആദ്യ വർഷങ്ങളിൽ സാധാരണ സ്കൂളുകളിലെ പോലെ നടക്കുക. ഈ മേഖലകളിലെല്ലാം കുട്ടികൾക്കു കൃത്യമായ ഗൈഡൻസ് നൽകാൻ മാതാപിതാക്കൾക്കു കഴിയും. ഉദാഹരണങ്ങളിലൂടെയും ദൃശ്യ സംവിധാനങ്ങളിലൂടെയും വീട്ടിൽ തന്നെ കുട്ടികൾക്ക് ഈ അറിവുകൾ പകർന്നു നൽകാം. വിദഗ്ധരുടെ ഗൈഡൻസ് ആവശ്യമെങ്കിൽ ഉപയോഗിക്കാം. കുട്ടികൾ അവരുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ചു ചിന്തിക്കുമ്പോൾ ഈ മേഖലയിലെല്ലാം കൃത്യമായി അവഗാഹം നേടാൻ സാധിക്കും എന്നതാണു സംവിധാനത്തിന്റെ പ്രത്യേകത.

പഠന വിഷയങ്ങളിൽ വിദഗ്‌ധരുടെ ക്ലാസുകളും മാർഗ നിർദേശങ്ങളും ലഭ്യമാകുന്ന ഹോം സ്‌കൂളിങ് പ്ലാറ്റ്ഫോമുകളും ഒട്ടേറെയുണ്ട്. സിബിഎസ്ഇ വേണോ, ഐസിഎസ്‌ഇ വേണോ എന്നൊക്കെ രക്ഷിതാക്കൾക്കു മക്കളുടെ താൽപര്യങ്ങളും കഴിവുകളും അനുസരിച്ചു തീരുമാനിക്കാം. ഒൻപതാം ക്ലാസ് മുതൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിൽ റജിസ്‌റ്റർ ചെയ്‌തു പരീക്ഷ എഴുതാം. പരീക്ഷ വിജയിച്ചാൽ സർട്ടിഫിക്കറ്റുകൾ കയ്യിൽ കിട്ടും. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു തുടർ പഠനവും നടത്താം.
മെറിനും ഭർത്താവ് റോബിനും മക്കളെ ഹോം സ്‌കൂളിങ് സമ്പ്രദായത്തിലേക്കു മാറ്റിയതു കുട്ടികൾക്ക് ആശങ്കയും ഭയവുമില്ലാതെ മികച്ച വിദ്യാഭ്യാസം നേടാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്. മക്കളായ റയണും ഈദനും ഐറീനും മികച്ച നിലയിൽ പഠിക്കുന്നുമുണ്ട്. മക്കൾക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനും അവരുടെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും അറിഞ്ഞു പഠിപ്പിക്കാനും സാധിക്കുന്നതു കൊണ്ടാണു ഹോം സ്‌കൂളിങ് പിന്തുടരുന്നതെന്നു മെറിൻ പറയുന്നു. കുട്ടികളുടെ പാഠ്യേതര കഴിവുകളെ കണ്ടെത്താനും കഴിയുന്നുണ്ട്.

പോരായ്‌മകൾ ഉണ്ടെന്ന് അധ്യാപകർ
ഹോം സ്‌കൂളിങ്ങിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. ഹോം സ്കൂളിങ് എന്നതു കുട്ടികളുടെ അവകാശങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നാണു സംസ്‌ഥാന അധ്യാപക അവാർഡ് നേടിയ കെ. എം. നൗഫലും സംസ്‌ഥാന തലത്തിലുള്ള അധ്യാപക കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരി സെക്രട്ടറി ടി .ടി. പൗലോസും പറയുന്നത്. വിദ്യാർഥിക്കു ഗുരുമുഖത്തു നിന്നുള്ള അറിവു ലഭിക്കാതെ വരുമെന്നതാണു പ്രധാന ന്യൂനതയായി ഇവർ ചുണ്ടിക്കാണിക്കുന്നത്. വേറെയും ഉണ്ട് ന്യൂനതകൾ
. മറ്റു പഠിതാക്കളുമായി നടത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാണു കുട്ടി അറിവു നേടുന്നത്. ഹോം സ്‌കൂളിങ്ങിൽ ഇതു നടക്കില്ല.
. സമപ്രായത്തിലുള്ള കുട്ടികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ വളർച്ചയിലെ പ്രധാന ഘടകമാണ്. അതു നഷ്‌ടപ്പെടും

. ഭാഷാ വസ്തുതകളും വ്യവഹാര രൂപങ്ങളും സമപ്രായക്കാരായ കുട്ടികളുമായി ചർച്ച ചെയ്തും സംവദിച്ചുമായാൽ മാത്രമേ ഭാഷാ പരിജ്ഞാനം ഉണ്ടാകുകയുള്ളു.
. ഗണിത പഠനത്തിൽ കേവലം ക്രിയ ചെയ്യുന്നതിനപ്പുറം ഗണിത ശേഷി വളർത്താൻ വ്യത്യസ്തത ചിന്തകൾ, ആശയ വി നിമയം എന്നിവ നേരനുഭത്തിലൂടെ മാത്രമേ എളുപ്പം സാധ്യമാകു.
. പ്രവർത്തനാധിഷ്‌ഠിത പഠനത്തിനു സാധിക്കില്ല.
. സമപ്രായക്കാരുമായി ഇടപെടാൻ സാധിക്കാത്തതിനാൽ ഒറ്റപ്പെടൽ കുട്ടിയിൽ ഉണ്ടാക്കാം.
. മുല്യങ്ങളും മനോഭാവങ്ങളും വളരാൻ സഹപഠിതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്.