ADVERTISEMENT

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസ രംഗത്ത് എഐ വിപ്ലവം സൃഷ്ടിക്കുമെന്നതിന്റെ സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി നിർമല സീതാരാമൻ നടത്തി. 1,28,650.05 കോടി രൂപയാണ് 2025–26 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രസർ‍ക്കാർ നീക്കി വച്ചിരിക്കുന്നത്. മുൻവർഷത്തെക്കാൾ 6.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിനായി 78572.10 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 50077.95 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

നാഷനൽ സെന്റർ ഫോർ എക്സലൻസ് 
ആഗോള പങ്കാളിത്തത്തോടെ രാജ്യത്ത് എ.ഐയ്ക്ക് വേണ്ടിയുള്ള അ​ഞ്ച് നാഷനൽ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കും. നൂതന ആശയങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയും രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി പോലുള്ള വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ എഐയുടെ പ്രചാരം വ്യാപിപ്പിക്കുകയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 500 കോടിയാണ് പദ്ധതിക്കായി ഈ വർഷം വകയിരുത്തിയിരിക്കുന്നത്.

ഐഐടി
രാജ്യത്ത് 2014–ന് ശേഷം സ്ഥാപിച്ച അഞ്ച് ഐഐടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചതിനാൽ 6,500 പേർക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും ഈ സ്ഥാപനങ്ങളിൽ ഒരുക്കും. 

മെഡിക്കൽ കോളേജുകളിലെ സീറ്റ് വർധന
2025–26 അധ്യായന വർഷം രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ‌ 10,000 സീറ്റുകൾ കൂടി വർധിപ്പിക്കും. അടുത്ത അഞ്ച് വർഷം കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസത്തിനായി 75000 സീറ്റുകൾ വർധിപ്പിക്കുമെന്നും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം

അടൽ ടിങ്കറിംഗ് ലാബുകൾ
കുട്ടികളുടെ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വിദ്യാലയങ്ങളിൽ‍ 50000 അടൽ ടി‌‌ങ്കറിംഗ് ലാബുകൾ സ്ഥാപിക്കും

ഇന്റർനെറ്റ്
ഭാരത് നെറ്റിന്റെ പിന്തുണയോടെ എല്ലാ സർക്കാർ സെക്കന്ററി വിദ്യാലയങ്ങളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്തും.

ഭാരതീയ ഭാഷാ പുസ്തകം 
വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ഡിജിറ്റിലായി ലഭ്യമാക്കും. മലയാളം ഉൾപ്പെടെ രാജ്യത്തെ എല്ലാ ഭാഷകളിലും ഡിജിറ്റൽ പുസ്തകങ്ങൾ ലഭ്യമാകുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം

പിഎം റിസർച്ച് ഫെല്ലോഷിപ്പ്
സയൻസ്, ടെക്നോളജി എന്നിവയിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കായി പിഎം റിസർച്ച് ഫെല്ലോഷിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ഗവേഷണം‌ നടത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനകം 10000 ഫെല്ലോഷിപ്പുകൾ വിതരണം ചെയ്യുമെന്നും ധനമന്ത്രി. 

പിഎം ശ്രീ വിദ്യാലയങ്ങൾ (പിഎം എസ്എച്ച്ആർഐ)
പിഎം ശ്രീയുടെ പദ്ധതിയ്ക്ക് 1,450 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാർ അനുവദിച്ചു. ഇതോടെ പദ്ധതിയ്ക്കായി 7500 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കി വച്ചിരിക്കുന്നത്. 2020–ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 15,000-ലധികം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ (പിഎം പോഷൺ)
സർക്കാർ, എയ്ഡഡ് വി‍ദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ബജറ്റ് വിഹിതം 12,500 കോടി രൂപയായി ഉയർത്തി.

സ്റ്റാർസ് –  Strengthening Teaching-Learning and Results for States (STARS): 
ലോക ബാങ്കിന്റെ സഹായത്തോടെയാണ് രാജ്യത്ത് സ്റ്റാർസ് (STARS) പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഇതിന്റ ഭാഗമായി വിവിധ സംസ്ഥാനങ്ങൾക്കായി 1,250 കോടി രൂപ അനുവദിച്ചു.

∙സമഗ്ര ശിക്ഷാ പദ്ധതിക്ക് 41,249.98 കോടി രൂപ വകയിരുത്തി.
∙കേന്ദ്രീയ വിദ്യാലയ സംഘടന (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്) എന്നിവയുൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 15,430.58 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം 15,638.67 കോടിയായിരുന്നു വകയിരുത്തിയിരുന്നത്.

English Summary:

Big Education Wins in Budget 2025: AI, Medical Seats, PM Research Fellowships. Modi Govt's Budget 2025: Massive Boost for AI, Science Fellowships & Education.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com