ADVERTISEMENT

ഇന്ത്യയിലെ 46 കേന്ദ്ര സർവകലാശാലകൾ, ഏതാനും സംസ്ഥാന /കൽപിത / സ്വകാര്യ സർവകലാശാലകൾ, ഇതര സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ 2025–26 അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിന് പൊതുപരീക്ഷ (CUET - UG-2025), നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). വിവരങ്ങൾ: https://cuet.nta.nic.in.

https://exams.nta.ac.in/CUET-UG എന്ന സൈറ്റിലെ Registration ലിങ്ക്‌വഴി മാർച്ച് 22 രാത്രി 11.50 വരെ അപേക്ഷിക്കാം. ആ സമയം വരെ ഓൺലൈനായി ഫീസുമടയ്ക്കാം. അപേക്ഷയിൽ 24 മുതൽ 26 രാത്രി 11.50 വരെ തിരുത്തലുകൾ വരുത്താം. പരീക്ഷ മേയ് 8 മുതൽ ജൂൺ ഒന്നു വരെ. ഹെൽപ് ലൈൻ : 011-40759000; cuet-ug@nta.ac.in.

ഇത്തവണത്തെ മാറ്റങ്ങൾ
കഴിഞ്ഞ വർഷം 33 ഭാഷകളടക്കം 61 പേപ്പറുകളുണ്ടായിരുന്നത്, ഇത്തവണ 13 ഭാഷകളടക്കം 37 പേപ്പറുകളായി കുറച്ചു
എഴുതാവുന്ന പേപ്പറുകളുടെ എണ്ണം 6ൽനിന്ന് 5 ആക്കി. ചോദ്യങ്ങളിലെ ചോയ്സ് ഇല്ലാതാക്കി.
പരീക്ഷ കംപ്യൂട്ടർ ഉപയോഗിച്ചു മാത്രം.
കേരളത്തിലെ എല്ലാ ജില്ലകളിലുമായുള്ള 17 ഉൾപ്പെടെ ഇന്ത്യയിൽ 285 പരീക്ഷാകേന്ദ്രങ്ങൾ. കൂടാതെ ദുബായ്, ഷാർജ, അബുദാബി, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, സിംഗപ്പൂർ, വാഷിങ്ടൻ തുടങ്ങി 15 വിദേശകേന്ദ്രങ്ങൾ. കവറത്തിയും കേന്ദ്രമാണ്. അപേക്ഷയിൽ സ്വന്തം മുൻഗണനയനുസരിച്ച് 4 പരീക്ഷാകേന്ദ്രങ്ങൾ വരെ സൂചിപ്പിക്കാം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക സൈറ്റിലുണ്ട്.
താൽപര്യമുള്ള സർവകലാശാലകളിലെ വിശദവ്യവസ്ഥകൾക്കു ബന്ധപ്പെട്ട വെബ്സൈറ്റ് നോക്കാം. ഓരോരുത്തർക്കും താൽപര്യമുള്ള സർവകലാശാലകൾ / പഠനവിഷയങ്ങൾ തിരഞ്ഞെടുത്ത് അതനുസരിച്ചുള്ള ടെസ്റ്റുകളെഴുതിയാൽ മതി. ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമിലെ പ്രവേശനത്തിനുള്ള അക്കാദമിക യോഗ്യതയുണ്ടെന്ന് ആദ്യം ഉറപ്പാക്കുക. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ നിലവിലെ ലിസ്റ്റിലുള്ള എല്ലാ സർവകലാശാലകളും അവയിലെ ഓരോ പ്രോഗ്രാമിനും എഴുതേണ്ട പേപ്പറുകൾ സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിലെ ‘യൂണിവേഴ്സിറ്റീസ്’ ലിങ്കിൽ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ ‘4–വർഷ ബിഎ (ഓണേഴ്സ്) ഇന്റർനാഷനൽ റിലേഷൻസ്’ പ്രോഗ്രാമിൽ പ്രവേശനം വേണ്ടവർ ഇംഗ്ലിഷ് (കോഡ്:101), പൊളിറ്റിക്കൽ സയൻസ് (323), ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (501) എന്നിവയാണ് എഴുതേണ്ടത്. കൂടാതെ, പ്രവേശനത്തിനുള്ള യോഗ്യതയുമുണ്ടായിരിക്കണം. 50% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പട്ടികവിഭാഗത്തിന് 45%. 2025 ജൂലൈ ഒന്നിനു 19 വയസ്സു തികയരുത്. പേപ്പറുകളും കോഡ് നമ്പരും ബുള്ളറ്റിന്റെ 33–ാം പേജിൽ. ഈ പരീക്ഷയിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. താൽപര്യമുള്ള സർവകലാശാലകളിൽ യഥാസമയം വേണ്ടതുപോലെ അപേക്ഷിച്ചുകൊള്ളണം.

ഓൺലൈൻ–അപേക്ഷ സമർപ്പിക്കാനും പണമടയ്ക്കാനുമുള്ള നടപടിക്രമങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 7–10, 43–46, 69–87 പേജുകളിലുണ്ട്. അപേക്ഷാഫീയടച്ചുകഴിയുമ്പോൾ അപേക്ഷയുടെ കൺഫർമേഷൻ പേജ് കിട്ടും. ഇതു സൂക്ഷിച്ചുവയ്ക്കുക. ഒരാൾ ഒരപേക്ഷയേ സമർപ്പിക്കാവൂ.

പരീക്ഷയിലെ 23 വിശേഷവിഷയങ്ങൾ
അക്കൗണ്ടൻസി /ബുക്‌ കീപ്പിങ്, അഗ്രികൾചർ, ആന്ത്രപ്പോളജി, ബയോളജി / ബയളോജിക്കൽ സ്റ്റഡീസ് / ബയോടെക്നോളജി / ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെന്റൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ് / ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ് / ബിസിനസ് ഇക്കണോമിക്സ്, ഫൈൻ ആർട്സ് / വിഷ്വൽ ആർട്സ് /കമേഴ്സ്യൽ ആർട്സ്, ജ്യോഗ്രഫി/ ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ പ്രാക്ടീസസ് ഇൻ ഇന്ത്യ, മാസ് മീഡിയ / മാസ് കമ്യൂണിക്കേഷൻ, മാത്‌സ് /അപ്ലൈഡ് മാത്‌സ്, പെർഫോമിങ് ആർട്സ് (ഡാൻസ്, ഡ്രാമ, മ്യൂസിക്), ഫിസിക്കൽ എജ്യുക്കേഷൻ (യോഗ/ സ്പോർട്സ്), ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യോളജി.

ഭാഷകൾ 13
ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഗുജറാത്തി, മറാഠി, ഒഡിയ, പഞ്ചാബി, ഉറുദു.
പ്രവേശനയോഗ്യത
12 / തുല്യതാപരീക്ഷ ജയിച്ചവർക്കും 2025ൽ 12ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 12നു പകരം 3–വർഷ എൻജിനീയറിങ് ഡിപ്ലോമയും സ്വീകരിക്കും. പ്രായപരിധിയില്ല. പക്ഷേ, സർവകലാശാലയ്ക്കു വിശേഷനിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം.
പരീക്ഷാഘടന
പരീക്ഷാർഥികൾ കൂടുതലാണെങ്കിൽ പല ഷിഫ്റ്റുകളായാകും ഓൺലൈൻ പരീക്ഷ. ഷിഫ്റ്റുകളിലെ സ്കോറുകൾ നോർമലൈസ് ചെയ്ത് എൻടിഎ സ്കോറുകളാക്കി റാങ്കിങ്ങിന് ഉപയോഗിക്കും. പുനർമൂല്യനിർണയം, സ്കോർ പരിശോധന എന്നിവ ഇല്ല. ഓരോ പേപ്പറിനും 60 മിനിറ്റ്. 50 നിർബന്ധ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് 5 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയും. കാൽക്കുലേറ്റർ അനുവദനീയമല്ല. ഇംഗ്ലിഷ്, മലയാളം, തമിഴ്, ഹിന്ദി അടക്കം 13 ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ട്. ഇഷ്ടമുള്ള ഭാഷ അപേക്ഷയിൽ കാണിക്കണം. എല്ലാവരും 5 പേപ്പർ എഴുതണമെന്നു നിർബന്ധമില്ല. വിഷയം 12ൽ പഠിച്ചതാവണമെന്നില്ല. ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമനുസരിച്ചാണ് പേപ്പർ തിരഞ്ഞെടുക്കേണ്ടത്. അപേക്ഷാഫീസ് വിഷയങ്ങളുടെ സംഖ്യയെ ആശ്രയിച്ചിരിക്കും. https://cuet.nta.nic.in/syllabus എന്ന സൈറ്റിൽ ഓരോ പേപ്പറിന്റെയും സിലബസുണ്ട്.

English Summary:

CUET-UG 2025: Everything You Need to Know – Application, Exam Dates, & Eligibility. Last Chance! Apply Now for CUET UG 2025 Central University Admissions Open Until March 22.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com