സിബിഎസ്ഇ : കോംപിറ്റൻസി അധിഷ്ഠിത പാഠ്യപദ്ധതി കൂടുതൽ ക്ലാസുകളിൽ, അധ്യാപകർക്കും വിദ്യാർഥികൾക്കും ആശങ്ക

Mail This Article
ന്യൂഡൽഹി ∙ സിബിഎസ്ഇ കൂടുതൽ ക്ലാസുകളിൽ വരുന്ന അധ്യയന വർഷം മുതൽ കോംപിറ്റൻസി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പാക്കും. 4, 5, 7, 8 ക്ലാസുകളിലാണു പുതിയ പുസ്തകങ്ങളും പാഠ്യപദ്ധതിയും നടപ്പാക്കുക. 5,8 ക്ലാസുകളിൽ ഇതിനു മുന്നോടിയായി ബ്രിജ് കോഴ്സുകളും അവതരിപ്പിക്കും.
കഴിഞ്ഞ അധ്യയന വർഷം മുതലാണു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി സിബിഎസ്ഇയുടെ സ്കൂളുകളിൽ നടപ്പാക്കി തുടങ്ങിയത്. മൂന്ന്, ആറ് ക്ലാസുകളിൽ കഴിഞ്ഞ വർഷം പുതിയ പാഠപുസ്തകം ലഭ്യമാക്കിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സിബിഎസ‌്‌സിയുടെ പുതിയ അധ്യയന വർഷം ഇന്നാണ് ആരംഭിക്കുന്നത്. പഠനത്തിൽ കൂടുതൽ സമഗ്രത വരുത്തുക, നൈപുണ്യശേഷി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കോംപിറ്റൻസി അധിഷ്ഠിത പാഠ്യപദ്ധതി സിബിഎസ്ഇ നേരത്തെ നടപ്പാക്കിയത്.
ബ്രിജ് കോഴ്സുകൾക്കുള്ള ഭാഗങ്ങൾ എൻസിഇആർടി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പുതിയ പുസ്തകങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ പാഠപുസ്തകങ്ങൾ ഉപയോഗിച്ചു ക്ലാസുകൾ ആരംഭിക്കാനാണു നിലവിൽ സ്കൂളുകൾക്കുള്ള നിർദേശം. പുസ്തകം പൂർണമായി പ്രിന്റ് ചെയ്തു ലഭിക്കാൻ ജൂലൈ എങ്കിലുമാകുമെന്ന സൂചനയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. ഇത് അധ്യാപകരുടെ പരിശീലനം, വിദ്യാർഥികളുടെ പഠനം എന്നിവയെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.