സ്കൂളുകളിൽ ലഹരിവിരുദ്ധ പോരാട്ടം; താരപദവിയിലേക്ക് ഡ്രിൽ പീരിയഡ്

Mail This Article
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികളിൽ വ്യായാമവും കായികപ്രവർത്തനങ്ങളും പ്രോൽസാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി തയാറാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിതസമയം കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതാകും പദ്ധതിയെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ലോക സൂംബ ദിനമായ 29ന് 5ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 1000 വിദ്യാർഥികളുടെ മെഗാ സൂംബ സംഘടിപ്പിക്കും. ലഹരിവിരുദ്ധ പദ്ധതികളുടെ ഭാഗമായി സ്കൂളുകളിൽ സൂംബ പരിശീലനം ഉൾപ്പെടെ നടപ്പാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
പദ്ധതി ഇങ്ങനെ
∙ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾക്കായി എസ്‌സിഇആർടി രൂപപ്പെടുത്തിയ ‘ഹെൽത്തി കിഡ്സ്’ പദ്ധതി എല്ലാ സ്കൂളുകളിലും നടപ്പിലാക്കും. ഇതിനായി പ്രീ പ്രൈമറി അധ്യാപകർക്ക് അവധിക്കാല പരിശീലനം.
∙ യുപിയിൽ ആഴ്ചയിൽ 3 പീരിയഡുകളും 8–ാം ക്ലാസിൽ 2 പീരിയഡുകളും 9,10 ക്ലാസുകളിൽ ഓരോ പീരിയഡും കുട്ടികൾക്ക് കളികൾക്കും കായിക പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കും. ഹയർ സെക്കൻഡറിയിലും ആഴ്ചയിൽ 2 പീരിയഡ് ഇതിനായി അനുവദിക്കും.
∙ വ്യായാമ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ വിഡിയോകൾ തയാറാക്കും.
∙ സ്കൂൾതലം മുതൽ ജില്ലാതലം വരെ ഒളിംപിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിക്കും.
∙ സമ്പൂർണ കായികക്ഷമത പദ്ധതി കൂടുതൽ സജീവമായി പുനരാരംഭിക്കും.