ADVERTISEMENT

മെ‍ഡിക്കൽ, സർജിക്കൽ മേഖലകളിൽ ഡോക്ടർമാരായി പ്രഫഷനൽ മികവു നേടാൻ കുറഞ്ഞത് പിജി ബിരുദം / ഡിപ്ലോമ കൂടിയേ തീരൂ. ഇന്ത്യയിലെ ഒട്ടെല്ലാ എം‍ഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുമുള്ള പൊതുപരീക്ഷയായ നീറ്റ്–പിജി 2025ന്റെ (National Eligibility-cum-Entrance Test – Post Graduate 2025) ചുമതല നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന് (www.nbe.edu.in /www.natboard.edu.in).
പ്രവേശനം ഇങ്ങനെ
ഇനി പറയുന്നവയിലെ 2025–26 എം‍ഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം നീറ്റ് പിജി 2025 സ്കോർ മാത്രം ഉപയോഗിച്ചായിരിക്കും.
1) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഓൾ ഇന്ത്യ ക്വോട്ട 50% സീറ്റും സംസ്ഥാന ക്വോട്ട സീറ്റും
2) ഇന്ത്യയിലെ എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ, കൽപിത സർവകലാശാലകൾ
3) ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങൾ
4) പോസ്റ്റ് എംബിബിഎസ് ഡിഎൻബി കോഴ്സുകൾ, പ്ലസ്ടു കഴിഞ്ഞു നേരിട്ടു പ്രവേശനമുള്ള 6–വർഷ ഡോക്ടർ എൻബി കോഴ്സുകളും പോസ്റ്റ് എംബിബിഎസ് എൻബിഇഎംഎസ് ഡിപ്ലോമ കോഴ്സുകളും.
പക്ഷേ താഴെപ്പറയുന്ന സ്ഥാപനങ്ങളിലെ സീറ്റുകൾ മാത്രം നീറ്റ്–പിജിയുടെ പരിധിയിൽ വരില്ല.
1. ന്യൂഡൽഹിയിലേതടക്കം എല്ലാ എയിംസും (AIIMS)
2. പിജിഐഎംഇആർ, ചണ്ഡിഗഡ്
3. ജിപ്മെർ, പുതുച്ചേരി
4. നിംഹാൻസ്, ബെംഗളൂരു
5. ശ്രീചിത്ര, തിരുവനന്തപുരം (ഐഎൻഐ–സിഇടി എന്ന എൻട്രൻസ് പരീക്ഷ വഴിയാണ് ഇവയിലെ സിലക്‌ഷൻ – www.aiimsexams.ac.in).

അഖിലേന്ത്യാ കൗൺസലിങ്
2025–26 വർഷത്തിൽ ഇനി പറയുന്ന സീറ്റുകളിലേക്കുള്ള കൗൺസലിങ്, കേന്ദ്രസർക്കാരിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തും (www.mcc.nic.in;ഫോൺ: 0120-4073500, mccpostgraduate@gmail.com). എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഓൾ ഇന്ത്യ ക്വോട്ട 50% സീറ്റ്. കൽപിത, കേന്ദ്ര സർവകലാശാലകളിലെ 100% സീറ്റ്. ഓൾ ഇന്ത്യ ഓപ്പൺ ഡിഎൻബി 100% സീറ്റ്
മറ്റു വ്യവസ്ഥകൾ
എംബിബിഎസ് കഴിഞ്ഞ് 2025 ജൂലൈ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കണം. കൗൺസലിങ്ങിനും കോളജ് പ്രവേശനത്തിനും എൻഎംസി / മെഡിക്കൽ കൗൺസിൽ നൽകിയ റജിസ്ട്രേഷൻ തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടിവരും. വിദേശ എംബിബിഎസുകാർ എഫ്എംജിഇ എന്ന പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. മേയ് 7ന് രാത്രി 11.55 വരെ www.natboard.edu.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ആവശ്യമെങ്കിൽ മേയ് 9 മുതൽ 13 വരെ അപേക്ഷ ഓൺലൈനായി എഡിറ്റ് ചെയ്യാം. ഇതിനു പുറമേ ഫോട്ടോ, കയ്യൊപ്പ്, വിരലടയാളം എന്നിവയിൽ മാത്രം ആദ്യഘട്ടമായി മേയ് 17 മുതൽ 21 വരെയും, രണ്ടാം ഘട്ടമായി മേയ് 24 മുതൽ 26 വരെയും മാറ്റം വരുത്താം. ഒരു തവണ മാത്രമേ അപേക്ഷിക്കാവൂ. പരീക്ഷാഫീ 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 2500 രൂപ. ഇത് ഓൺലൈനായി അടയ്ക്കാം. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (AFMS) 10 സ്ഥാപനങ്ങളിൽ പ്രവേശന താൽപര്യമുള്ളവർ അക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കണം. അവയിലെ പ്രവേശനം സംബന്ധിച്ച് വേറെ വിജ്ഞാപനം വരും (വെബ്: http://www.afmcdg1d.gov.in). ജൂൺ 11 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്കു ചെല്ലുമ്പോൾ അഡ്മിറ്റ് കാർഡും അംഗീകൃത തിരിച്ചറിയൽരേഖയും (ഐഡി) കയ്യിൽ വേണം. ജൂൺ 15ന് രാവിലെ 9– 12.30 വരെയും ഉച്ചകഴിഞ്ഞ് 3.30– 7 വരെയും ആയി 2 ഷിഫ്റ്റുകളിൽ പരീക്ഷ നടത്തും. പരീക്ഷാഫലം ജൂലൈ 15നോട് അടുത്തു പ്രസിദ്ധപ്പെടുത്തും.  ജൂൺ 5 മുതൽ സൈറ്റിലെ ഡെമോ–ടെസ്റ്റ് ഉപയോഗിച്ച് കംപ്യൂട്ടർ പരീക്ഷാരീതി പരിശീലിക്കാം. എംബിബിഎസ് നിലവാരത്തിൽ മൂന്നര മണിക്കൂർ നേരത്തെ പരീക്ഷയിൽ തെറ്റുത്തരത്തിനു മാർക്ക് കുറയ്ക്കുന്ന 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. 2 ഷിഫ്റ്റുകളിലെ മാർക്കുകൾ നോർമലൈസ് ചെയ്തിട്ടേ റാങ്കിങ്ങിന് ഉപയോഗിക്കൂ. കൗൺസലിങ്ങിൽ പങ്കെടുക്കാൻ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ പരീക്ഷയിൽ 50–ാം പെർസന്റൈലിലെങ്കിലും വരണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 40–ാം പെർസന്റൈൽ, ജനറൽ വിഭാഗത്തിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയടക്കം 179 പരീക്ഷാകേന്ദ്രങ്ങളുണ്ട്. സീറ്റൊഴിവുള്ള കേന്ദ്രങ്ങൾ മാത്രമേ അപേക്ഷിക്കുമ്പോൾ സൈറ്റിൽ കാണുകയുള്ളൂ. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കേന്ദ്രം അലോട്ട് ചെയ്യും. The Executive Director, National Board of Examinations in Medical Sciences, Medical Enclave, Ansari Nagar, New Delhi- 110029. ഹെൽപ്‌ലൈൻ: 7996165333. നാഷനൽ ബോർഡുമായി ബന്ധപ്പെടാൻ അപേക്ഷകന്റെ അക്കൗണ്ടിൽ ലോഗിൻ ചെയ്തശേഷം കാണുന്ന ‘ഹെൽപ് ഡെസ്ക് ടാബ്’ ഉപയോഗിക്കാം. അപേക്ഷാരീതിയടക്കം വിശദവിവരങ്ങൾ സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

സമയനിയന്ത്രണം
40 ചോദ്യങ്ങൾ വീതമുള്ള A,B,C,D,E എന്ന 5 വിഭാഗങ്ങളായി 200 ചോദ്യങ്ങൾ വിഭജിച്ചിരിക്കും. ഓരോ വിഭാഗത്തിനും ഉത്തരം അടയാളപ്പെടുത്താൻ 42 മിനിറ്റ് കിട്ടും. ഒരു വിഭാഗത്തിന്റെ സമയം തീർന്നാൽ അടുത്തതിലേക്കു സ്വയം നീങ്ങും. പിന്നിട്ട വിഭാഗത്തിലേക്കു മടങ്ങി, ഉത്തരം പരിശോധിക്കാനോ തിരുത്താനോ കഴിയില്ല.

English Summary:

NEET PG 2025 is the gateway to postgraduate medical programs in India. This comprehensive guide covers application details, exam dates, counseling process, and eligibility criteria for aspiring doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com