4 വർഷ ഡിഗ്രി; വിഷയവും കോളജും മാറ്റാം, ആവശ്യമെങ്കിൽ 10% അധികം സീറ്റും ലഭ്യമാക്കും

Mail This Article
തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിന്റെ ആദ്യവർഷം പൂർത്തീകരിച്ചവർക്കു മേജർ വിഷയം മാറ്റാനും കോളജ് മാറ്റത്തിനും സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, കാലടി, ശ്രീനാരായണ ഓപ്പൺ സർവകലാശാല പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി തയാറാക്കിയ നടപടിക്രമത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ വിശദമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തിദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ കോളജുകളിൽ 10% അധികം സീറ്റ് ലഭ്യമാക്കും. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണു മേജർ മാറ്റാൻ സാധിക്കുക. മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാർഥികളുടെ ആദ്യ 2 സെമസ്റ്ററുകളിലെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളജുകളിൽ റാങ്ക് ലിസ്റ്റ് തയാറാക്കും. ഒരു വിദ്യാർഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം.
അടുത്ത അധ്യയന വർഷത്തേക്കുള്ള മാതൃകാ ഏകീകൃത അക്കാദമിക് കലണ്ടർ അംഗീകരിച്ചു. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 1ന് ആരംഭിക്കും. 1,3 സെമസ്റ്റർ പരീക്ഷകൾ നവംബർ 3 മുതൽ 18 വരെയും 2, 4 സെമസ്റ്റർ പരീക്ഷകൾ 2026 ഏപ്രിൽ 6 മുതൽ 24 വരെയും നടത്തും. 1, 3 സെമസ്റ്റർ ഫലം ഡിസംബറിലും 2, 4 സെമസ്റ്റർ ഫലങ്ങൾ 2026 മേയിലും പ്രസിദ്ധീകരിക്കും. 4 വർഷ ബിരുദ പ്രോഗ്രാം കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാനത്തെ മുഴുവൻ കോളജ് അധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതി യോഗം അംഗീകരിച്ചു .6 മാസത്തിനുള്ളിൽ പരിശീലനം പൂർത്തീകരിക്കും.
കോളജ് മാറ്റം:കോളജ് തലത്തിൽ മേജർ വിഷയ മാറ്റങ്ങൾക്കു ശേഷം ഒഴിവു വരുന്ന സീറ്റുകൾ സർവകലാശാലയെ അറിയിച്ച് ഒഴിവുകൾ പ്രസിദ്ധീകരിക്കും. തുടർന്നു വിദ്യാർഥികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയാറാക്കി കോളജുകൾക്കു നൽകും. കോളജുകളാണ് പ്രവേശന നടപടി പൂർത്തിയാക്കുക. പഠിക്കുന്ന സ്ഥാപനത്തിൽ റാഗിങ്ങിന്റെ പേരിൽ ഉൾപ്പെടെ അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ലെന്ന സാക്ഷ്യപത്രം വിദ്യാർഥി ഹാജരാക്കണം.
സർവകലാശാല മാറ്റം: ആദ്യ 2 സെമസ്റ്ററുകളിൽ മുഴുവൻ കോഴ്സുകളും വിജയിച്ച വിദ്യാർഥികൾക്കു സർവകലാശാലാ മാറ്റത്തിന് അപേക്ഷിക്കാം. കേരളത്തിനു പുറത്തു നിന്നുള്ളവരുടെ അപേക്ഷകൾ സർവകലാശാല പഠനബോർഡ് പരിശോധിച്ച് വിദ്യാർഥി ആവശ്യമായ ക്രെഡിറ്റ് നേടിയിട്ടുണ്ടോ എന്ന ഉറപ്പു വരുത്തി മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ ശുപാർശ ചെയ്യും. കോളജ് തലത്തിൽ പ്രവേശന നടപടി പൂർത്തീകരിക്കും.
കോഴ്സുകൾ നവീകരിക്കും:
മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ സർവകലാശാലകൾ തയാറാക്കും. മേജർ വിഷയ പഠനം ആഴമുള്ളതാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്സുകളാണ് തയാറാക്കുക.രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.