പ്ലസ് വൺ: അധിക ബാച്ചും സീറ്റും നിലനിർത്തും

Mail This Article
തിരുവനന്തപുരം∙ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്, കഴിഞ്ഞ തവണ അനുവദിച്ച താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും നിലനിർത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണയും മുൻവർഷം അനുവദിച്ച അധിക ബാച്ചുകളും സീറ്റുകളും മുൻകൂറായി നിലനിർത്തിയായിരുന്നു പ്രവേശനം. എന്നാൽ, പ്രവേശനം സംബന്ധിച്ചു പഠിച്ച ഉദ്യോഗസ്ഥ സമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇത്തവണ ഒരു പുതിയ ബാച്ച് പോലും മുൻകൂറായി അനുവദിക്കില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.
നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ 7220 ബാച്ചുകളിലായി 4,24,282 സീറ്റുകളാണുള്ളത്. ഇതിൽ 63,725 സീറ്റുകളും നിലവിലുള്ള ബാച്ചുകളിൽ അധികമായി അനുവദിച്ച മാർജിനൽ സീറ്റുകളാണ്. 30% വരെ സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത് 4,27,021 പേരാണ്. നിലവിലെ സാഹചര്യത്തിൽ പ്ലസ് വണിന് സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും പ്രശ്നങ്ങളില്ലാതെ പ്രവേശനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം മേയിൽത്തന്നെ നടത്തുമെന്നും മന്ത്രി അറിയിച്ചു.