ഐഐടിയിൽ പഠിക്കാൻ കൂടുതൽ പേർക്ക് അവസരം; പാലക്കാട് ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കും

Mail This Article
ന്യൂഡൽഹി ∙ പാലക്കാട് ഉൾപ്പെടെ രാജ്യത്തെ 5 ഐഐടികളിൽ 6,576 സീറ്റ് വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് തീരുമാനം. സീറ്റുകൾ വർധിപ്പിക്കുന്നതിന് ആനുപാതികമായി കെട്ടിട നിർമാണം, അധ്യാപകരുടെ എണ്ണത്തിലെ വർധന എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യ വികസനവും പാലക്കാട്, തിരുപ്പതി, ജമ്മു, ഭിലായ്, ധാർവാഡ് എന്നീ ഐഐടികൾക്ക് അനുവദിച്ചിട്ടുണ്ട്.
ആദ്യവർഷം 1364, രണ്ടാം വർഷം 1738, മൂന്നാം വർഷം 1767, നാലാം വർഷം 1707 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിക്കുക. 130 അധ്യാപക പോസ്റ്റുകളും പുതിയതായി അനുവദിച്ചു. 4 വർഷത്തേയ്ക്കായി 11,828.79 കോടി രൂപയാണ് ഐഐടികൾക്ക് അനുവദിച്ചത്. 2026–27 അധ്യയന വർഷം മുതൽ സീറ്റ് വർധന നടപ്പാക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവിൽ ഈ സ്ഥാപനങ്ങളിൽ 250–280 വിദ്യാർഥികളാണ് ഓരോ വർഷവും പ്രവേശനം നേടുന്നത്.
അടുത്ത അധ്യയന വർഷം മുതൽ 5 വർഷത്തേക്ക് ഒരു സ്ഥാപനത്തിൽ 300 സീറ്റു വീതമെങ്കിലും വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലെ കോഴ്സുകളിൽ സീറ്റ് വർധനയുമുണ്ടാകും. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു ഈ 5 സ്ഥാപനങ്ങളിൽ കർണാടകയിലെ ധാർവാഡ് ഐഐടിയിലാണ് ഏറ്റവുമധികം സീറ്റുകളുള്ളത് – 385. പാലക്കാട് ഐഐടിയിൽ 200 സീറ്റുകളിൽ മാത്രമാണു കഴിഞ്ഞ വർഷം ബിരുദ പ്രവേശനം നടത്തിയത്. തിരുപ്പതിയിൽ 250 സീറ്റുകളുണ്ട്. ജമ്മു, ഭിലായ് എന്നിവടങ്ങളിൽ 280 സീറ്റുകളും. നിലവിൽ രാജ്യത്തെ 23 ഐഐടികളിലായി 17,700 വിദ്യാർഥികളാണു ബിരുദപ്രവേശനം നേടുന്നത്. ഇത് അടുത്ത 5 വർഷം കൊണ്ട് 24,000 ആയി ഉയരും.