എല്ലാ മാസവും ക്ലാസ്തല പരീക്ഷയ്ക്ക് ശുപാർശ; ടേം പരീക്ഷകൾ ഒന്നായി കുറയ്ക്കാം

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ടേം പരീക്ഷകൾ ഒന്നായി കുറയ്ക്കുന്നതിനൊപ്പം എല്ലാ മാസവും വിദ്യാർഥികൾക്കായി ക്ലാസ്തല പരീക്ഷ നടത്താമെന്ന് അക്കാദമിക് കലണ്ടർ പരിഷ്കരണം സംബന്ധിച്ചു പഠിച്ച സമിതിയുടെ ശുപാർശ. ഓരോ മാസവും വിദ്യാർഥികൾ പഠിക്കേണ്ട പാഠഭാഗങ്ങളെ ആസ്പദമാക്കി എസ്‌സിഇആർടി തയാറാക്കുന്ന ചോദ്യബാങ്കിൽനിന്നുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് ക്ലാസ് പരീക്ഷ നടത്തണമെന്നാണു നിർദേശം. അതിലൂടെ കുട്ടികളുടെ ഓരോ മാസത്തെയും പഠനപുരോഗതി മനസ്സിലാക്കാനും പിന്തുണ നൽകാനുമാകും. നിശ്ചിത പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും.
നിലവിൽ ഓണക്കാലത്തും ക്രിസ്മസ് സമയത്തും നടത്തുന്ന ടേം പരീക്ഷകൾക്കു പകരം ഒക്ടോബറിൽ മിഡ് ടേം പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മാത്രം മതിയെന്നാണു സമിതിയുടെ ശുപാർശ. ഒരു ടേം പരീക്ഷ ഒഴിവാക്കുന്നതിലൂടെ 10 അധ്യയന ദിവസങ്ങൾ വരെ അധികം ലഭിക്കും. നിലവിൽ പാഠപുസ്തകങ്ങൾ 2 ഭാഗങ്ങളായാണ് ഇറങ്ങുന്നത്. ആദ്യഭാഗം അടിസ്ഥാനമാക്കി മിഡ് ടേം പരീക്ഷ നടത്താനാകും.
അതേസമയം, നിലവിലുള്ള അവധികളൊന്നും ഒഴിവാക്കണമെന്ന നിർദേശമില്ല. സ്കൂളുകളിൽ വൈകിട്ട് 3ന് നൽകുന്ന 5 മിനിറ്റ് ഇടവേള 10 മിനിറ്റാക്കി വർധിപ്പിക്കണമെന്നും ഇതിനായി ഉച്ചഭക്ഷണ സമയത്തെ ഒരു മണിക്കൂർ ഇടവേള 55 മിനിറ്റായി ചുരുക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. രാവിലെ 11ന് ഉള്ള ഇടവേള 10 മിനിറ്റ് തന്നെയാണ്. ശുപാർശകൾ സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്ത് ഈ മാസം തന്നെ തീരുമാനമെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.