എസ്എസ്എൽസി ഫലം, 100 ശതമാനത്തിന്റെ നിറവിൽ 2,331 വിദ്യാലയങ്ങൾ

Mail This Article
2025 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 4,27,020 വിദ്യാർത്ഥികളിൽ നിന്ന് 4,24583 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഈ കൊല്ലത്തെ വിജയശതമാനം 99.5 ആണ്. 61,449 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2,331 സ്കൂളുകളാണ് ഇക്കുറി 100% വിജയം നേടിയിരിക്കുന്നത്. ഇതിൽ 1034 എയ്ഡഡ് സ്കൂളുകളും 856 സർക്കാർ സ്കൂളുകളും ആണ്.
സർക്കാർ സ്കൂൾ ജി.ബി.എച്ച് എച്ച്. എസ് തിരൂറും (728 വിദ്യാർത്ഥികൾ) എയ്ഡഡ് സ്കൂൾ എ.കെ.എൻ എച്ച്.എസ് എസ് കോട്ടൂരും (1455 വിദ്യാർത്ഥികൾ)
അൺ എയ്ഡഡ് സ്കൂൾ സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ് കുരിയിച്ചിറ (242) എന്നിവയാണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് പങ്കെടുപ്പിച്ചുകൊണ്ട് 100% വിജയം കൊയ്തത്. വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് വയ്യാറ്റുപുഴയാണ് വിജയശതമാനം ഏറ്റവും കുറഞ്ഞ എയ്ഡഡ് സ്കൂൾ (66.67%) വിജയ ശതമാനത്തിൽ പിന്നോക്കം നിൽക്കുന്ന സർക്കാർ സ്കൂൾ ഗവ.എച്ച്.എസ് കരിക്കകം ആണ് (73.68%).
പരീക്ഷ എഴുതിയ 39,981 എസ്‌സി കുട്ടികളിൽ 39,447 പേർ വിജയിച്ചു. വിജയശതമാനം 98.66. എസ്‌സി വിഭാഗത്തിൽ 2,130 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. എസ്.ടി വിഭാഗത്തിൽ നിന്ന് 7,279 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 7,135 പേർ വിജയിച്ചു. 98.02 ആണ് വിജയ ശതമാനം. 162 കുട്ടികൾ ഫുൾ എ പ്ലസും നേടി.
ഇക്കുറി വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് എസ്എസ്എൽസി പരീക്ഷാ ഫലം ഡിജി ലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ ആഴ്ച മുതൽ ലോക്കറിൽ ലഭ്യമാകും. എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി ഏപ്രിൽ മാസം മൂന്നു മുതൽ 26 വരെയുള്ള 14 പ്രവർത്തി ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുകയായിരുന്നു.
സേ പരീക്ഷ
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2025 മേയ് 28 മുതൽ ജൂൺ 2 വരെ നടത്തും. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2025 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുന്നതാണ്
പരീക്ഷയുടെ മാർക്ക്ഷീറ്റ്
എസ്എസ്എൽസി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകും. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് നൽകും. 2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് 2025 ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുന്നതാണ്.