കാഴ്ചപരിമിതിയെ മറികടന്ന് ഷദ നേടിയത് 9 എ പ്ലസ്; ഇത് ഉമ്മർ മാഷിന്റെയും വിജയം

Mail This Article
കോഴിക്കോട് ∙ ‘അടിപൊളിയായി മോളേ.. ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ...’ ഷദയുടെ തോളിൽത്തട്ടി പ്രധാനാധ്യാപകൻ ഉമ്മർ മാഷ് പറഞ്ഞു. ഇരുവരും പുഞ്ചിരിച്ചു. പക്ഷേ, അവർ പരസ്പരം കണ്ടിട്ടില്ല. ആത്മവിശ്വാസം കൊണ്ട് കാഴ്ചപരിമിതിയെ മറികടന്ന ഷദ ഷാനവാസ് 10–ാം ക്ലാസിൽ 9 എ പ്ലസും ഒരു എ ഗ്രേഡും നേടിയാണ് വിജയക്കൊടി പാറിച്ചത്.
കഴിഞ്ഞ അധ്യയനവർഷം ഫറോക്ക് ചെറുവണ്ണൂർ ഗവ. എച്ച്എസ്എസ്സിന്റെ സ്കൂൾ ലീഡറായിരുന്നു ഷദ ഷാനവാസ്. ഇതേ സ്കൂളിലെ പ്രധാനധ്യാപകനായ എം. ഉമ്മർ ഉൾക്കാഴ്ച കൊണ്ടാണ് വിദ്യാർഥികൾക്ക് അറിവു പകരുന്നത്. കൊയിലാണ്ടി പറമ്പത്ത് അരിക്കുളം ഷാനവാസിന്റെയും ശോണിമയുടെയും മകളാണ് ഷദ. സിവിൽ സർവീസാണ് ഷദയുടെ സ്വപ്നം. കൊണ്ടോട്ടി ഒഴുഗൂർ സ്വദേശിയാണ് പ്രധാനാധ്യാപകൻ എം. ഉമ്മർ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള കവിതയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടിയ മിടുക്കിയാണ് ഷദ. ഒപ്പനയ്ക്കു പിന്നണി പാടാനും നാടൻപാട്ടു പാടാനും ഷദയാണ് മുന്നിൽ. ഇതിനൊപ്പം മിന്നും വിജയവും നേടിയതോടെ ഷദ ചരിത്രം തിരുത്തിയെഴുതുകയാണ്. ഉമ്മർ മാഷിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഷദയടക്കം ചെറുവണ്ണൂർ സ്കൂളിന് 100 % വിജയമാണ്. 10-ാം ക്ലാസ് പരീക്ഷയെഴുതിയ 202 വിദ്യാർഥികളും പാസായി. 13 പേർക്ക് എല്ലാത്തിനും എ പ്ലസുമുണ്ട്.