ലഹരി ഉപയോഗത്തിനെതിരെ ഹയർ സെക്കൻഡറിയിൽ രണ്ടാഴ്ച ‘നല്ലശീലം’ ക്ലാസ്

Mail This Article
തിരുവനന്തപുരം ∙ കുട്ടികളെ നല്ല ശീലങ്ങളിലേക്കു വഴി നടത്താൻ പുതിയ അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രത്യേക ഓറിയന്റേഷൻ ക്ലാസ്. ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിൽ രണ്ടാഴ്ച കൊണ്ട് 6 മണിക്കൂർ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസുകൾ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. രക്ഷാകർത്താക്കൾക്കടക്കം ബോധവൽക്കരണം നൽകാൻ സൗഹൃദ ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ഇടപെടൽ നടത്തും. തുടർന്ന് പൊതുവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ ബോധവൽക്കരണ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹിക തിന്മകൾക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള ശേഷി കുട്ടികളിൽ വളർത്തുക എന്നതാണു ലക്ഷ്യം. ആവശ്യമായ കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്റെ പിന്തുണ നൽകാനും പദ്ധതിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ: അപേക്ഷ നാലു ലക്ഷം കടന്നു
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇന്നലെ വൈകിട്ട് 5 വരെ അപേക്ഷിച്ചവരിൽ 3,75,076 പേരും എസ്എസ്എൽസി ജയിച്ചവരാണ്. സിബിഎസ്ഇയിൽ നിന്ന് 17,637 പേരും ഐസിഐസിഐയിൽ നിന്ന് 1888 പേരും അപേക്ഷിച്ചിട്ടുണ്ട്. അവസാന തീയതി 20 ആണ്.