സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ കുട്ടികൾ തയാറാക്കും; എഐ ഇനി പാഠ്യവിഷയം

Mail This Article
തിരുവനന്തപുരം ∙ പുതിയ അധ്യയനവർഷം സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർഥികൾ റോബോ വേൾഡിലേക്കു ചുവടുവയ്ക്കും. 4.3 ലക്ഷം കുട്ടികളാകും റോബട്ടിക്സ് സാങ്കേതികവിദ്യ പഠിച്ചു പരീക്ഷണങ്ങൾ നടത്തുക. പുതിയ ഐസിടി പാഠപുസ്തകത്തിൽ ‘റോബട്ടുകളുടെ ലോകം’ എന്ന അധ്യായമുണ്ട്. ഹൈസ്കൂളുകളിൽ 29,000 റോബട്ടിക് കിറ്റുകൾ വിതരണം ചെയ്തെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.
കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടർ, ജംപർവെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന ഉപകരണം തയാറാക്കലാണ് ആദ്യ പ്രവർത്തനം. നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് ഹോം ഓട്ടമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയാറാക്കും. കഴിഞ്ഞ അധ്യയനവർഷം രാജ്യത്താദ്യമായി കേരളത്തിൽ 7–ാം ക്ലാസുകാർക്ക് എഐ പാഠ്യവിഷയമാക്കിയിരുന്നു. ഇതിനു തുടർച്ചയായി ഇക്കൊല്ലം 8, 9, 10 ക്ലാസുകളിലും എഐ ഉൾപ്പെടുത്തിയിട്ടുണ്ട്.