ADVERTISEMENT

കേരളത്തിലെ പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. 10 ജയിച്ചവർക്ക് 3 വർഷത്തെ പഠനപരിശീലനം വഴി ഇഷ്‌ടപ്പെട്ട എൻജിനീയറിങ് / ടെക്‌നോളജി ശാഖയിലെ ഡിപ്ലോമ നേടി ടെക്‌നീഷ്യരായി തുടങ്ങി ഉയർന്ന സ്‌ഥാനങ്ങളിലെത്താം. കൊമേഴ്‌സ്/ മാനേജ്‌മെന്റ് കൈവഴിയിലുമുണ്ട് പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകൾ. ‘ടൂൾ ആൻഡ് ഡൈ’ കോഴ്സിനു മാത്രം 3 വർഷത്തെ പഠനത്തിനു പുറമേ 12 മാസത്തെ ഇൻ–പ്ലാന്റ് ട്രെയ്നിങ്ങുമുണ്ട്. 

ഡിപ്ലോമ നേടിയവർക്ക് ജോലിയിലിരുന്നുതന്നെ സായാഹ്ന ക്ലാസുകൾ വഴി ബിടെക് സമ്പാദിക്കാം. ബിടെക് പ്രോഗ്രാമിലെ രണ്ടാം വർഷ ക്ലാസിൽ ‘ലാറ്ററൽ എൻട്രി’ വഴി ബിരുദം നേടാം. ബിആർക് പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ്‌ വഴി ഐഐടി പ്രവേശനത്തിനും ശ്രമിക്കാൻ ഡിപ്ലോമ മതി. മിക്ക കാര്യങ്ങൾക്കും ബിടെക്കിനു തുല്യമായി പരിഗണിക്കാറുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്, സ്വകാര്യപഠനം വഴി നേടുകയുമാവാം. പോളിടെക്നിക് കോളജുകളെ സീറ്റുകളുടെ വിവരം പട്ടികയിൽ.

പട്ടികയിലുള്ള സീറ്റുകൾക്കു പുറമേ കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയാത്തവർക്ക് ട്യൂഷൻ ഫീ–വെയ്‌വർ പദ്ധതിപ്രകാരം ഓരോ പോളിടെക്നിക്കിലും ആർക്കിടെക്ചറൊഴികെ എല്ലാ കോഴ്സുകളിലും 5% അധികസീറ്റുണ്ട്. ഇതിലേക്ക് എല്ലാ സമുദായക്കാരെയും പരിഗണിക്കും. ഇക്കാര്യം ഓൺലൈൻ അപേക്ഷയിൽ കാണിക്കണം. എയ്ഡഡ് പോളിടെക്നിക് സീറ്റുകളിൽ 15% മാനേജ്‌മെന്റ് ക്വോട്ടയുണ്ട്.
ഓൺലൈൻ അപേക്ഷ 
www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ സൈറ്റിൽ ജൂൺ 10ന് അകം ഓൺലൈനായി ഫീസടച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുക. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗക്കാർ 100 രൂപ. ജൂൺ 12ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

polytechnic-seat

അപേക്ഷ പലതരം
താഴെപറയുന്നവയിൽ ഓരോ വിഭാഗത്തിലേക്കും അതിനുള്ള ലിങ്കിലൂടെ അപേക്ഷിക്കണം.
1. സർക്കാർ / സർക്കാർ–എയ്ഡഡ് / കോസ്റ്റ്–ഷെയറിങ് ഐഎച്ച്ആർഡി, കേപ് സർക്കാർ സീറ്റുകൾ (ഉയർന്ന ട്യൂഷൻ ഫീ), സ്വാശ്രയ സർക്കാർ സീറ്റുകൾ (ഉയർന്ന ട്യൂഷൻ ഫീ), കേൾവിത്തകരാറുള്ളവരുടെ ബാച്ച് എന്നിവയ്ക്ക് പൊതുവായ ഒറ്റ അപേക്ഷ മതി.
2. എൻസിസി ക്വോട്ട
3. സ്പോർട്സ് ക്വോട്ട
4. മാനേജ്മെന്റ് ക്വോട്ട :
എയ്ഡഡ് പോളിടെക്നിക്കുകളിലെ എയ്ഡഡ് / അൺ–എയ്ഡഡ് മാനേജ്മെന്റ് സീറ്റുകൾ, സ്വാശ്രയകോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ എന്നിവയിലെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും തനതായ അപേക്ഷ വേണം. ഇത് www.polyadmission.org സൈറ്റിലെ Applications for Management quota seats എന്ന ലിങ്കിലൂടെ സമർപ്പിക്കാം. ഇങ്ങനെ മാത്രം അപേക്ഷിക്കുന്നവരെ മെറിറ്റ്–സീറ്റിലേക്കു പരിഗണിക്കില്ല. മെറിറ്റിലും താൽപര്യമുണ്ടെങ്കിൽ ‌അതിലേക്കു സാധാരണരീതിയിൽ അപേക്ഷിക്കണം എത്ര വിഭാഗങ്ങളിലേക്ക് അപേക്ഷിക്കണമെങ്കിലും ഒറ്റത്തവണ-റജിസ്ട്രേഷന് അടച്ച ഫീ മതിയാകും. 

അവസാനതീയതി വരെ അപേക്ഷ തിരുത്താം. മുൻഗണനാക്രമങ്ങൾ തീരുമാനിച്ച് എഴുതിവച്ചിട്ടു മാത്രമേ അപേക്ഷ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാവൂ. 30 ഓപ്ഷൻസ് വരെയാകാം. ഒരു പോളിടെക്നിക് കോളജും ഒരു കോഴ്സും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്ഥാപനത്തിലെ 2 ശാഖകൾ വ്യത്യസ്ത ഓപ്ഷനുകളാണെന്ന് ഓർക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്‌നിക്കുകളിലും സൗജന്യ ഹെൽപ് ഡെസ്‌ക്കുണ്ട്. വിശാദംശങ്ങൾ സൈറ്റിൽ വരും. ജൂൺ 18 ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ ഒരു ചാൻസ് നൽകും.  സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ സെമസ്റ്റർ ഫീ 1015 രൂപ. പൂർണവിവരങ്ങൾക്കു പ്രോസ്‌പെക്ടസ് നോക്കുക.

ഈ വർഷത്തെ ചില മാറ്റങ്ങൾ
∙ തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വനിത), ഈ സിലക്‌ഷനിലില്ല.
∙ പ്രോഗ്രാമുകളുടെ 2 സ്ട്രീമുകൾ : (1) എൻജിനീയറിങ് ആൻഡ് ടെക്നോളജി (2) മാനേജ്മെന്റ്
∙ സ്പോട്സ് ക്വോട്ടക്കാർ അപേക്ഷയുടെ പ്രിന്റ്  സ്പോട്സ് കൗൺസിലിനല്ല, കളമശ്ശേരിയിലെ SITTTR ജോയിന്റ് ഡയറക്റ്റർക്കാണ് അയയ്ക്കേണ്ടത്.
∙ സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിൽ രണ്ടാം അലോട്മെന്റിനുശേഷം ഒഴിവു വന്നാൽ അവ മാനേജ്മെന്റിനല്ല. പ്രവേശനം തീരുംവരെ സർക്കാർ സീറ്റുകളായി തുടരും.
∙ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു, പരീക്ഷകൾ മുറപോലെ നടക്കും എന്നീ കാര്യങ്ങൾ അറിയാമെന്ന് സ്പോട്ട് അഡ്മിഷൻ കിട്ടുന്നവർ സത്യവാങ്മൂലം നൽകണം
∙ വർക്‌‌ഷോപ് ക്ലാസുകളിൽ പെൺകുട്ടികളും പാന്റ്സ്, ഷർട്ട്, ഷൂസ് എന്നിവ ധരിക്കണം.

വനിതാ കോളജുകൾ
എല്ലാ പോളിടെക്നിക്കുകളിലും പെൺകുട്ടികൾക്കും പ്രവേശനമുണ്ടെങ്കിലും, 7 സ്‌ഥാപനങ്ങൾ വനിതാ പോളിടെക്‌നിക് കോളജുകളാണ്. തിരുവനന്തപുരം (കൈമനം), കായംകുളം, എറണാകുളം, തൃശൂർ, കോട്ടയ്‌ക്കൽ, കോഴിക്കോട്, പയ്യന്നൂർ എന്നീ സ്‌ഥലങ്ങളിൽ.
പഠനശാഖകൾ
1. ഡിപ്ലോമ ഇൻ എൻജിനീയറിങ് / ടെക്നോളജി:
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടമൊബീൽ, കെമിക്കൽ, പോളിമർ, കംപ്യൂട്ടർ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മൈക്രോ–ഇലക്ട്രോണിക്സ്, റിന്യൂവബിൾ എനർജി, ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി, ആർക്കിടെക്ചർ തുടങ്ങി വിവിധ ശാഖകൾ 
2.  ‍ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ്  
3. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി.
ആകെ 42 ശാഖകൾ. എല്ലാ ശാഖകളും എല്ലാ കോളജുകളിലുമില്ല.  

യോഗ്യതയും സിലക്‌ഷനും
2 ചാൻസിനകം എസ്‌എസ്‌എൽസി/ ടിഎച്ച്എസ്എൽസി / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. 10-ാം ക്ലാസിൽ മാത്‌സും സയൻസും ഇംഗ്ലിഷും പഠിച്ചവർക്ക് എൻജിനീയറിങ്, മാനേജ്മെന്റ് എന്നീ 2 കൈവഴികളിലേക്കും ശ്രമിക്കാം. മാത്‌സും ഇംഗ്ലിഷും പഠിച്ചവർക്കു മാനേജ്മെന്റ് സ്ട്രീമിലേക്ക് അപേക്ഷിക്കാം. സേ / ബെറ്റർമെന്റ് അധിക ചാൻസല്ല. സിബിഎസ്ഇക്കാർ ബോർഡ് പരീക്ഷ ജയിച്ചിരിക്കണം. മാത്‌സ്–സ്റ്റാൻഡേഡ് ജയിച്ചവരെയാണു പരിഗണിക്കുക എസ്എസ്എൽസി തുല്യപരീക്ഷയിലെ ടോട്ടൽ ഗ്രേഡ് പോയിന്റ് ആവറേജിൽ കുട്ടിയുടെ പശ്ചാത്തലമനുസരിച്ച് ആവശ്യമായ ബോണസ് മാർക്ക് ചേർത്തും, രണ്ടാം ചാൻസിനു മാർക്ക് കുറച്ചും ഇൻഡക്സ് മാർക്ക് കണക്കാക്കും. ഈ ഇൻഡക്സും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ച്, സംവരണത്തിനു വിധേയമായിട്ടാണ് സിലക്‌ഷനും തുടർന്ന് അലോട്മെന്റും. 

Representative Image. Photo Credit: Noushad Thekkayil /Shutterstock
Representative Image. Photo Credit: Noushad Thekkayil /Shutterstock

കൗൺസലിങ്
2 സംസ്ഥാനതല അലോട്മെന്റ്, സീറ്റൊഴിവുണ്ടെങ്കിൽ നോഡൽ പോളിടെക്നിക് കോളജുകളിൽ ഒരു ജില്ലാതല കൗൺസലിങ്, അതതു സ്ഥാപനങ്ങളിൽ 2 സ്പോട് അഡ്മിഷനുകൾ എന്നിവ നടത്തും.  
സംവരണം
ടിഎച്ച്‌എസ്‌എൽസിക്കാർക്ക് എൻജിനീയറിങ് / ടെക്‌നോളജി ശാഖകളിൽ 10% സീറ്റുസംവരണമുണ്ട്. വിഎച്ച്‌എസ്‌ഇക്കാർക്ക് അർഹതയുള്ള ശാഖകളിൽ 2%.  ഭിന്നശേഷിക്കാർക്ക് 5% എന്ന തോതിൽ സംവരണം ലഭിക്കും. 40% സാമുദായിക സംവരണവും പാലിക്കും. പട്ടികവിഭാഗക്കാർക്കു മാത്രം വരുമാനം നോക്കാതെ സംവരണം ലഭിക്കും. സാമ്പത്തിക പിന്നാക്കവിഭാഗത്തിന് 10% സംവരണമുണ്ട്്. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭടരുടെ കുട്ടികൾ, യുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ആശ്രിതർ, ട്രാൻസ്ജെൻഡർ മുതലായ വിഭാഗങ്ങൾക്കുമ സംവരണമുണ്ട്.. 60 ഡിബിയെങ്കിലും കേൾവിത്തകരാറുള്ള കുട്ടികൾക്ക് കോഴിക്കോട്, കളമശ്ശേരി, തിരുവനന്തപുരം (വനിത) എന്നീ സർക്കാർ പോളിടെക്നിക്കുളിൽ പ്രത്യേകബാച്ചുകളുണ്ട്.

English Summary:

Kerala Polytechnic Admission: 3-Year Diploma, B.Tech Pathway, & More – Apply Online Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com