പിഎസ്സി–യുപിഎസ്സി പരീക്ഷകൾ അടുത്ത തീയതികളിൽ; സെന്റർ മാറ്റാനും നടപടിയില്ല; ഉദ്യോഗാർത്ഥികൾ വിഷമത്തിൽ

Mail This Article
ഈ മാസം 25ന് നടക്കാനിരിക്കുന്ന യുപിഎസ്‌സി പരീക്ഷയ്ക്ക് തലേദിവസം പിഎസ്‍സി ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ നടത്തുന്നത് ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. 24നാണ് പിഎസ്‌സിയുടെ ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ. 25ന് യുപിഎസ്‌സി പരീക്ഷയും. ഒരു വർഷം മുൻപ് പ്രഖ്യാപിച്ചതാണ് യുപിഎസ്‌സിയുടെ തീയതി. ഇതിനു ശേഷമാണ് 24ന് പിഎസ്‌സിയുടെ ഒന്നാം ഘട്ട പരീക്ഷ നടത്താൻ പ്രഖ്യാപനം വന്നത്.
പിഎസ്‌സി പരീക്ഷയുടെ തീയതി മാറ്റണെന്ന ആവശ്യം ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്നെങ്കിലും ഇത് പുനഃപരിശോധിക്കപ്പെട്ടില്ല. രണ്ട് പരീക്ഷകളുടെയും സിലബസിൽ വ്യത്യാസമുണ്ട്. പഠിക്കാനും ഏറെയുണ്ട്. ഇത് ഉദ്യോഗാർഥികളുടെ തയാറെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.

സെന്‍റർ മാറ്റാൻ അപേക്ഷിച്ചു, നടപടിയില്ല
രണ്ട് പരീക്ഷകളിലും പങ്കെടുക്കുന്ന ഉദ്യോഗാർഥികളിൽ പലരും പിഎസ്‍സി ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ സെന്റർ മാറ്റാൻ ശ്രമിച്ചെങ്കിലും അത്തരം അപേക്ഷകളിൽ നടപടിയൊന്നുമുണ്ടായില്ല. തിരുവനന്തപുരം പോലുള്ള സ്ഥലത്ത് നിൽക്കുന്നവരിൽ പലരും യുപിഎസ്‌സി പരീക്ഷയ്ക്കായി തിരഞ്ഞടുത്തിരിക്കുന്നത് അവർ പഠിക്കാൻ നിൽക്കുന്ന സ്ഥലം തന്നെയാണ്. എന്നാൽ, പിഎസ്‌സിക്ക് ആകട്ടെ, വിലാസമായി നൽകിയ അതേ ജില്ലയിൽ മാത്രമേ സെന്റർ അനുവദിക്കുകയുള്ളു. അതിനാൽ രണ്ടു പരീക്ഷകളും എഴുതാൻ റജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രതിസന്ധിയിലാണ്.
പിഎസ്‌സി പരീക്ഷ ഉച്ചയ്ക്കു ശേഷമാണുള്ളത്. ഇതിനു ശേഷം, ദൂരെയുള്ള യുപിഎസ‌്സി സെന്ററിലേക്ക് ദീർഘദൂര യാത്ര നടത്തി എത്തുക എന്നത് ഉദ്യോഗാർത്ഥികൾക്ക് പ്രയാസകരമാണ്. എഴുതുന്ന രണ്ടു പരീക്ഷകളെയും ഇത് ബാധിക്കും. ഏതെങ്കിലും ഒരു പരീക്ഷയെ എഴുതാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയിലാണ് പല ഉദ്യോഗാർഥികളും. ഒന്നാം ഘട്ട ഡിഗ്രി പ്രിലിംസിന് തീയതി ലഭിച്ചതും യു.പി.എസ്.സി. പരീക്ഷ എഴുതേണ്ടതുമുള്ള ഉദ്യോഗാർഥികൾക്ക് രണ്ടാം ഘട്ട ഡിഗ്രി പ്രിലിംസ് എഴുതാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുൻപും പല പരീക്ഷകൾക്കും, സമാനമായ നടപടി പിഎസ്‌സി സ്വീകരിച്ചിട്ടുണ്ട്.