മഴ: സ്കൂൾ പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ

Mail This Article
തിരുവനന്തപുരം∙ മഴ മൂലം സംസ്ഥാനത്തെ സ്കൂളുകളിലേക്കുളള പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ. എറണാകുളം കാക്കനാട്ടെ കെബിപിഎസ് പ്രസിൽ അച്ചടിച്ച പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും അവിടെനിന്നു സ്കൂളുകളിലേക്കുള്ള വിതരണമാണ് മഴ കാരണം തടസ്സപ്പെടുന്നത്. മഴക്കാലം ആരംഭിക്കും മുൻപ് ദിവസവും ശരാശരി 8 ലക്ഷം പുസ്തകങ്ങളാണ് സ്കൂളുകളിൽ എത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ഒരു ലക്ഷത്തിൽ താഴെയാണ്. മഴ കനത്ത വടക്കൻ ജില്ലകളിലാണ് പുസ്തക വിതരണം കാര്യമായി തടസ്സപ്പെട്ടത്. സ്കൂൾ തുറക്കും മുൻപ് മുഴുവൻ പുസ്തകങ്ങളും വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോൾ. കുടുംബശ്രീക്കാണ് ജില്ലകളിൽ നിന്നു സ്കൂളുകളിലേക്കുള്ള വിതരണ കരാർ.
അച്ചടി ബാക്കി 20 ലക്ഷം പുസ്തകങ്ങൾ
1 മുതൽ 10 വരെ ക്ലാസുകളിലെ വിവിധ മീഡിയങ്ങളിലായി നാനൂറോളം പാഠപുസ്തകങ്ങളാണുള്ളത്. ഒന്നാം വോള്യത്തിന്റെ 3.8 കോടി പുസ്തകങ്ങളാണ് അധ്യയന വർഷാരംഭത്തിൽ വിതരണം ചെയ്യേണ്ടത്. അതിൽ 3.6 കോടി പുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി വിതരണ ഘട്ടത്തിലാണ്. ശേഷിക്കുന്ന 20 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ഈ ആഴ്ച പൂർത്തിയാകും. ആക്ടിവിറ്റി പുസ്തകങ്ങൾ, ഐടി, ഫിസിക്കൽ എജ്യൂക്കേഷൻ പുസ്തകങ്ങളും തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങളുമാണ് ബാക്കിയുള്ളത്. 2,4,6,8,10 ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ്. 205 ടൈറ്റിലുകളിലാണ് പുതിയ പുസ്തകങ്ങൾ. ഇതിൽ 10–ാം ക്ലാസ് പാഠപുസ്തകങ്ങൾ ഇതിനകം കുട്ടികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. 8 വരെ ക്ലാസുകളിൽ പാഠപുസ്തകം സൗജന്യമാണ്. 9,10 ക്ലാസുകളിലെ പുസ്തകങ്ങൾ വില കൊടുത്തു വാങ്ങണം. അൺഎയ്ഡഡ് സ്കൂളുകളിൽ എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ മുൻകൂർ പണമടച്ചാണു വാങ്ങുന്നത്.
9,10 ക്ലാസുകളിൽ സാമ്പത്തിക സാക്ഷരതാ
പുസ്തകവും
തിരുവനന്തപുരം∙ കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും വളർത്താൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷം മുതൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച പ്രത്യേക പുസ്തകവും. 5–ാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരതാ പാഠങ്ങൾ വ്യത്യസ്ത പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 9,10 ക്ലാസുകൾക്കാണ് ‘ധനകാര്യം സാമ്പത്തിക സാക്ഷരത’ എന്ന പേരിൽ പ്രത്യേക പുസ്തകം. 8 അധ്യായങ്ങളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിങ് സേവനങ്ങൾ, ഇൻഷുറൻസ്, ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകൾ എന്നിവയെല്ലാം പുസ്തകങ്ങളിലുണ്ട്.