വഴികാട്ടിയ ഗുരുവിന് ആദരവ്; പഠിച്ച കോളജിന് 151 കോടി രൂപ നല്‍കി മുകേഷ് അംബാനി

Mail This Article
തന്റെ അധ്യാപകനും മാർഗദർശിയുമായിരുന്ന പ്രഫ. എം.എം.ശര്‍മയ്ക്കുള്ള ആദരമായി, പഠിച്ച കോളജിന് 151 കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി (ഐസിടി)ക്കാണ് അംബാനിയുടെ ഗുരുദക്ഷിണ. ഐസിടിയിലെ അധ്യാപകനും പ്രശസ്ത കെമിക്കല്‍ എന്‍ജിനീയറുമായ ശര്‍മയുടെ ജീവചരിത്രം ‘ഡിവൈന്‍ സയന്റിസ്റ്റി’ന്റെ (Divine Scientist) പ്രകാശനച്ചടങ്ങിലാണ് അംബാനി ഇത് വ്യക്തമാക്കിയത്.
ഐഐടി ബോംബെയില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും അവിടെ ചേരാതെ മുകേഷ് അംബാനി ഐസിടിയില്‍ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1990ല്‍ യുകെയിലെ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ എൻജീനീയറാണ് പ്രഫ. ശര്‍മ.
മുകേഷ് അംബാനിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:
തന്മാത്രകളുടെ മാന്ത്രികത മാത്രമല്ല, തന്മാത്രകൾ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നും വലിയ സാമൂഹിക മൂല്യം സൃഷ്ടിക്കുന്നുവെന്നും പ്രഫ. ശർമ ഞങ്ങളെ പഠിപ്പിച്ചു. ശാസ്ത്രീയ ഉൾക്കാഴ്ചയുടെയും ബിസിനസ് മിടുക്കിന്റെയും തികഞ്ഞ സംയോജനമായിരുന്നു അദ്ദേഹം. ബിരുദം നേടി, റിലയൻസ് കെട്ടിപ്പടുക്കുന്നതിൽ എന്റെ പിതാവിനെ സഹായിക്കാൻ തുടങ്ങിയതിനു ശേഷവും, വലുതും ചെറുതുമായ എല്ലാ ഘട്ടങ്ങളിലും പ്രഫ. ശർമയുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.
എന്റെ ആദരണീയനായ അധ്യാപകനും ഉപദേഷ്ടാവുമായ പ്രഫ. എം.എം. ശര്‍മയ്‌ക്കുള്ള ആദരസൂചകമായാണ് ഈ സംഭാവന. ഇത് എന്റെ ഗുരുദക്ഷിണയാണ്. പ്രഫ. ശര്‍മ എന്നോട് പറഞ്ഞു: ‘മുകേഷ്, നിങ്ങള്‍ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണം.’
ഞാന്‍ മറുപടി നല്‍കി, ‘സര്‍, എന്തുചെയ്യണമെന്നു പറയൂ.’
അദ്ദേഹം പറഞ്ഞു, ‘ഐസിടിക്ക് നിരുപാധികം 151 കോടി രൂപ നൽകുക.’
ഇന്ന് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ വളരെ സന്തോഷമുണ്ട്.
ഇൻഫ്ലുവൻസർ എന്ന വാക്ക് സോഷ്യൽമീഡിയയുടെ ഈ കാലത്താണുണ്ടായതെങ്കിലും അറുപതുകളിൽത്തന്നെ നമ്മുടെയൊക്കെ ഇൻഫ്ലുവൻസർ ആയിരുന്നു പ്രഫ. ശർമ. വ്യത്യസ്തതയുള്ള ഇൻഫ്ലുവൻസർ ആയിരുന്നു അദ്ദേഹം. പ്രഫ. ശർമ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ കേൾക്കാറേയുള്ളൂ, അധികം ചിന്തിക്കാറില്ല. യുവാക്കളെ വിജയത്തിന്റെയും സംസ്കാരത്തിന്റെയും പ്രാധാന്യം ഒരുപോലെ പഠിപ്പിക്കുന്ന നൂറുകണക്കിന് അധ്യാപകരെയാണ് നമുക്ക് ആവശ്യം. വികസിത ഭാരതത്തിന് ഈ കോംബിനേഷൻ അത്യാവശ്യമാണ്.