പ്ലസ് വൺ പ്രവേശനം 21,887 പേർക്ക് കൂടി അലോട്മെന്റ്

Mail This Article
തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 21,887 പേർക്ക് കൂടി അലോട്മെന്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,511 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്. അലോട്മെന്റ് അനുസരിച്ച് ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് 5 വരെ പ്രവേശനം നേടാം. ഭിന്നശേഷിക്കാർക്ക് അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിൽ 2,43,155 സീറ്റുകളിലേക്കാണ് ഇതുവരെ അലോട്മെന്റ് നടന്നത്.
75,419 സീറ്റുകൾ മെറിറ്റിൽ ബാക്കിയുണ്ട്. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യ ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. അതിൽ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഒഴിവാക്കിയാണ് രണ്ടാം അലോട്മെന്റ് പ്രഖ്യാപനം. ജനറൽ വിഭാഗത്തിലെ 1,57,137 സീറ്റുകളിൽ ഇനി ശേഷിക്കുന്നത് 67 എണ്ണമാണ്. ഈഴവ, തീയ, ബില്ലവ വിഭാഗത്തിൽ 413 സീറ്റുകളും മുസ്‌ലിം വിഭാഗത്തിൽ 340 സീറ്റുകളും വിശ്വകർമയിൽ 126 സീറ്റുകളും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ 63 സീറ്റുകളും ബാക്കിയുണ്ട്.
പട്ടിക വിഭാഗങ്ങളിലുൾപ്പെടെ മറ്റു സംവരണ വിഭാഗങ്ങളിലെല്ലാം ഒട്ടേറെ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി–16934, പട്ടികവർഗം–27807, എൽസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ–11889, എസ്ഐയുസി, ആംഗ്ലോ ഇന്ത്യൻ– 3955, ക്രിസ്ത്യൻ ഒബിസി–1390, ഹിന്ദു ഒബിസി–1184, ധീവര–2526, കുശവൻ–1672, കുടുംബി–2174, ഭിന്നശേഷി–3879, കാഴ്ചപരിമിതർ–1000, ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ മൂന്നാം അലോട്മെന്റിൽ ജനറൽ വിഭാഗത്തിലേക്കു മാറ്റും. 16ന് ആണ് മൂന്നാം അലോട്മെന്റ്. പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 334 സീറ്റുകളാണ് ബാക്കിയുള്ളത്. 1195 പേർക്ക് ഇതുവരെ അലോട്മെന്റ് ലഭിച്ചു.