സിവിൽ സർവീസ് പരീക്ഷ; അവസാനംവരെ എത്തിയവർക്ക് ജോലിക്കായി ‘പ്രതിഭാ സേതു’

Mail This Article
ന്യൂഡൽഹി ∙ വിവിധ സിവിൽ സർവീസ് പരീക്ഷകളിൽ അന്തിമഘട്ടത്തിലെത്തിയ ശേഷം ലക്ഷ്യം നേടാൻ കഴിയാത്തവരുടെ വിശദാംശങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ലഭ്യമാക്കുന്ന വിധത്തിൽ യുപിഎസ്‌സി ‘പ്രതിഭാ സേതു’ (പ്രഫഷനൽ റിസോഴ്സ് ആൻഡ് ടാലന്റ് ഇന്റഗ്രേഷൻ) പോർട്ടൽ ഒരുക്കുന്നു.
വിവിധ സ്ഥാപനങ്ങൾക്ക് യുപിഎസ്‍സി നൽകുന്ന ലോഗിൻ ഐഡി ഉപയോഗിച്ച് ഉദ്യോഗാർഥികളുടെ ബയോഡേറ്റ പരിശോധിക്കാനും ജോലി നൽകാനും സാധിക്കും. സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്, എൻജിനീയറിങ് സർവീസസ്, കമ്പൈൻഡ് ജിയോ-സയന്റിസ്റ്റ്, കമ്പൈൻഡ് ഡിഫൻസ് സർവീസസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കമ്പൈൻഡ് മെഡിക്കൽ സർവീസസ് എന്നീ പരീക്ഷകൾ എഴുതി അവസാന ഘട്ടം വരെ എത്തിയ ഉദ്യോഗാർഥികളുടെ വിവരങ്ങളാണ് ലഭ്യമാക്കുന്നത്. പബ്ലിക് ഡിസ്ക്ലോഷർ സ്കീമിന്റെ പരിഷ്കരിച്ച പതിപ്പാണ് പ്രതിഭാ സേതു.