അഗ്നിപഥ്: വായുസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Mail This Article
ഇന്ത്യൻ സായുധ സേനയിലേക്ക് യുവാക്കളെ നാലു വർഷത്തേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇതിലൂടെ തിരഞ്ഞെടുക്കുന്നവരെ " അഗ്നിവീർ" എന്നു വിളിക്കുന്നു. ഇതൊരു സൈനിക റാങ്ക് കൂടിയാണ്.
ഇന്ത്യൻ വ്യോമസേനയിൽ പുതിയ ബാച്ച് അഗ്നിവീർ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം തിരഞ്ഞെടുക്കപ്പെടുന്നവരുടെ സേവനകാലം നാലു വർഷമായിരിക്കും.
അപേക്ഷയോഗ്യത
ഹയർ സെക്കണ്ടറി/ തത്തുല്യം/ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളോടെ വൊക്കേഷണൽ കോഴ്സ്/മൂന്നുവർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽ/ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇൻസ്ട്രുമെൻ്റേഷൻ ടെക്നോളജി) എന്നിവയിലേതെങ്കിലും 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50% മാർക്ക് തനിച്ചുണ്ടാകണം. അപേക്ഷകർ 2-7-2005 നും 2-1-2009 നും ഇടയിൽ ജനിച്ചവരായിരിക്കണം.
സേവന ഘടന
പ്രതിമാസ ശമ്പളം ഒന്നാം വർഷം 30000 രൂപ, രണ്ടാം വർഷം 33000, മൂന്നാം വർഷം 36500, നാലാം വർഷം 40000 രൂപ എന്നിങ്ങനെ. ഇതിൽ നിന്ന് 30% തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇതിനു തുല്യമായ തുക സർക്കാറും ഇതിൽ ചേർക്കും. നാലുവർഷത്തെ സേവനകാലം കഴിയുമ്പോൾ ഇത് 10.04 ലക്ഷം രൂപ സർവ്വീസ് ഫണ്ട് പേക്കേജായി കയ്യിൽ കിട്ടും. ഇതോടൊപ്പം വ്യക്തികൾ പ്രീമിയം തുക അടക്കാതെ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും.
പ്രവേശന രീതി
ഓൺലൈൻ എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, പൊരുത്തപ്പെടൽ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് . എഴുത്ത് പരീക്ഷക്ക് സയൻസ്/സയൻസ് ഇതര പഠനം നടത്തിയ അപേക്ഷകർക്ക് വ്യത്യസ്ത വിഷയങ്ങൾ ഓപ്റ്റ് ചെയ്യാം. സയൻസുകാർക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയും മറ്റുള്ളവർക്ക് ഇംഗ്ലീഷ്, യുക്തിബോധം,പൊതു പരിജ്ഞാനം എന്നിവയും തിരഞ്ഞെടുക്കാം.
മറ്റു വിവരങ്ങൾ
അപേക്ഷകൾ ജൂലൈ 11 മുതൽ 31 വരെ ഓൺലൈൻ ആയി നൽകാം.പരീക്ഷ സെപ്തംബർ 25ന് തുടങ്ങും. സേവനത്തിനു ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിന് മികച്ച മൂല്യമുണ്ട്. 25% പേർക്ക് സൈന്യത്തിൽ സ്ഥിരം നിയമനത്തിന് സാധ്യതയുണ്ട്. നാലു വർഷത്തെ സേവനത്തിനിടയിൽ ലഭിക്കുന്ന വൈദഗ്ദ്യം പിന്നീട് വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്നതാണ്. ചില സംസ്ഥാനങ്ങളിൽ യൂണിഫോം സേനകളിലെ തിരഞ്ഞെടുപ്പിൽ അഗ്നിവീർ സൈനികർക്ക് സംവരണവും ഉണ്ട്. വിവരങ്ങൾക്ക്: https://agnipathvayu.cdac.in