സ്കൂളുകളിൽ തൊഴിൽപഠനത്തിന് 11 മേഖലകൾ; പഠിപ്പിക്കാൻ അധ്യാപകരില്ല

Mail This Article
പാലക്കാട് ∙ തൊഴിൽപഠനത്തിനായി സ്കൂളുകളിൽ പാഠപുസ്തകങ്ങൾ എത്തിച്ചെങ്കിലും ആരാണിതു പഠിപ്പിക്കേണ്ടതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമായി നിർദേശിച്ചിട്ടില്ല. കഴിഞ്ഞവർഷം 5,7,9 ക്ലാസുകളിൽ തൊഴിൽപഠനം നിർബന്ധമാക്കിയിരുന്നു. ആരു പഠിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ പല സ്കൂളുകളിലും ഇതു നടന്നില്ല. ഇത്തവണ 6,8,10 ക്ലാസ്സുകളിലേക്കു കൂടി വ്യാപിപ്പിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല.
ഏതെങ്കിലും അധ്യാപകരോ പ്രവൃത്തിപരിചയ അധ്യാപകരോ അധികസമയം കണ്ടെത്തി ക്ലാസെടുക്കണമെന്നു മാത്രമാണു നിർദേശം. ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യമില്ലാത്തവർ എങ്ങനെ പഠിപ്പിക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം. പ്ലമിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, കൃഷി, ഭവന നിർമാണം, ക്യാമറ ആൻഡ് വിഡിയോ എഡിറ്റിങ്, ടൂറിസം തുടങ്ങി 11 തൊഴിൽമേഖലകളാണുള്ളത്. കുട്ടികളുടെ കുറവു കാരണം അധികമായ വിഎച്ച്എസ്ഇ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധ്യാപക സംഘടനകൾ വിദ്യാഭ്യാസമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.