ADVERTISEMENT

കുഞ്ഞു ജനിച്ച ദിവസം മുതലുള്ള ഫോട്ടോകൾ ഓർമച്ചെപ്പിൽ സൂക്ഷിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ജീവിതത്തിരക്കുകൾ കൂടുമ്പോൾ ഈ ആഗ്രഹം പലപ്പോഴും ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാൽ ഫോട്ടോഗ്രാഫിയിൽ അല്പം താല്പര്യവും ക്രിയേറ്റിവിറ്റിയും കൂടുതലുമുള്ള ഈ അമ്മ തന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും ബൈ പറഞ്ഞില്ല. 

ഒമാനിൽ താമസമാക്കിയ കോട്ടയംകാരിയായ ഗായത്രി സുശീലൻ തന്റെ മകൻ ആദി അരുൺദേവിനെ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൻ ജനിച്ച അന്നു മുതൽ വളർച്ചയുടെ ഓരോ ഘട്ടവും കാണാനായി ഗായത്രി ഫോട്ടോകൾ എടുത്തു സൂക്ഷിക്കുമായിരുന്നു. എന്നാൽ മാസത്തിൽ ഒരിക്കൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് നടത്തും. അത്തരത്തിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

variety-photo-shoot-of-kid-aadi-by-his-mother-gayathri-susheelan1

ഊഞ്ഞാൽ ആടുന്ന രൂപത്തിലും മൗഗ്ലിയുടെ വേഷത്തിലും കടലിൽ നീന്തിക്കളിക്കുന്നതായും ബീച്ചിൽ കാറ്റ് കൊള്ളുന്നതായുമൊക്കെയുള്ള ആദിയുടെ ചിത്രങ്ങളാണ് അമ്മ എടുത്തിരിക്കുന്നത്. എന്നാൽ ഒന്നര  വയസ് മാത്രം പ്രായമുള്ള ആദി, ഈ ചിത്രങ്ങൾ എടുക്കുന്നതിനായി ബീച്ചിലും മരക്കൊമ്പത്തും ഒന്നും പോയിട്ടില്ല, എല്ലാം 'അമ്മ ഗായത്രിയുടെ ക്രിയേറ്റിവിറ്റിയാണ്. 

variety-photo-shoot-of-kid-aadi-by-his-mother-gayathri-susheelan2

വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഫോട്ടോയ്ക്കുള്ള ലൊക്കേഷൻ ഉണ്ടാക്കിയിരിക്കുന്നത്. പല നിറങ്ങളിലുള്ള ഷാളുകളും ബെഡ്ഷീറ്റുകളുമാണ് ലൊക്കേഷൻ ഉണ്ടാക്കാനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെല്ലാം അമ്മയ്ക്ക് സഹായിയായി കൂടെയുള്ളത് ആദിയുടെ കുഞ്ഞേച്ചിയായ യാമിയാണ്. യാമിയെ കണ്ടാൽ ആദി ചിരിക്കും. അതോടെ, ഫോട്ടോ ഉഷാറാകും. 

എന്നാൽ കണ്ട് ആസ്വദിക്കുന്ന പോലെ അത്ര എളുപ്പമല്ല ഫോട്ടോകൾ എടുക്കുകയെന്നത്. അതിനു പിന്നിൽ ഗായത്രിയുടെ മണിക്കൂറുകൾ നീളുന്ന പരിശ്രമമുണ്ട്. കുഞ്ഞിന്റെ മൂഡനുസരിച്ചിരിക്കും ഫോട്ടോ എടുക്കാനെടുക്കുന്ന സമയം. എന്നിരുന്നാലും ഒരു മാസം പോലും വിട്ടു പോകാതെ വ്യത്യസ്തമായ ഫോട്ടോകൾ ഗായത്രി എടുക്കുകതന്നെ ചെയ്തു. 

variety-photo-shoot-of-kid-aadi-by-his-mother-gayathri-susheelan3

‘പെട്ടെന്ന് തോന്നി എടുത്ത ഫോട്ടോസ് അല്ല ഇതെല്ലാം. ഫോട്ടോഗ്രാഫിയോട് ഇഷ്ടം ഉള്ളതുകൊണ്ടാകാം മോനെ ഗർഭിണിയായപ്പോൾ മനസ്സിൽ ഇങ്ങനെ ഫോട്ടോസ് എടുക്കണം എന്ന ആഗ്രഹം കയറിക്കൂടിയതാണ്. ഓരോ ആശയങ്ങൾ ഓരോന്ന് തോന്നുമ്പോൾ, അല്ലെങ്കിൽ എവിടേലും കാണുമ്പോൾ അത് ഫോണിൽ മറക്കാതെ കുറിച്ച്  വയ്ക്കുമാരുന്നു. പിന്നെ മോൻ ജനിച്ചു ഓരോ മാസം തികയുമ്പോളും മോനെ വച്ചു ഓരോ ആശയങ്ങളും ഫോട്ടോ എടുക്കുമായിരുന്നു. എന്നാൽ മോൻ ഫോട്ടോ എടുക്കാൻ ഒട്ടും സഹകരിക്കില്ല. അപ്പോൾ മൊബൈലിൽ എടുത്താൽ  കുറച്ചുകൂടെ എളുപ്പമായിത്തോന്നി. അതിനാൽ  മിക്ക ഫോട്ടോകളും  മൊബൈലിൽ ആണ് എടുത്തത്’ ഗായത്രി പറയുന്നു .

ഷോളുകൾ, ബെഡ്ഷീറ്റ് എന്നിവയ്ക്ക് പുറമെ വീട്ടിൽ ലഭ്യമായ കളിപ്പാട്ടങ്ങൾ, മറ്റ് ഉപകരണങ്ങൾ, എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ഫോട്ടോഷൂട്ട്. കുറഞ്ഞത് 100 ചിത്രങ്ങൾ എടുക്കുമ്പോഴാണ് ഒരെണ്ണം ഭംഗിയായി കിട്ടുക. ഫോട്ടോ എടുക്കുന്ന സമയത്ത് ഉണ്ടാകുന്ന സ്ട്രെസ് എല്ലാം നല്ല ഒരു ഫോട്ടോ കിട്ടുന്നതോടെ മാറും. അതിനാൽ ഗായത്രി തന്റെ ഫോട്ടോ പിടുത്തം തുടരുന്നു. അമ്മയുടെ ഇഷ്ടങ്ങൾക്കൊത്ത് പോസ് ചെയ്ത് കുഞ്ഞു ആദി ചിരിച്ചുകൊണ്ടേയിരിക്കുന്നു.

 English Summary : Variety photo shoot of kid Aadi by his mother Gayathri Susheelan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com