ADVERTISEMENT

 വികൃതികളായ കുട്ടികൾ ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.  കുട്ടികളുടെ  വികൃതിക്ക് ചിലപ്പോൾ ലക്ഷങ്ങൾ വരെ വില കൊടുക്കേണ്ടി വന്നേക്കാം. അത്തരമൊരു അനുഭവമാണ് ചൈനയിലെ ഷങ്ങ്ഹായ് മ്യൂസിയം സന്ദർശിക്കാൻ മക്കളെയും കൂട്ടി എത്തിയ അച്ഛനമ്മമാർക്കും ഉണ്ടായത്. മ്യൂസിയത്തിനുള്ളിൽ ഓടിക്കളിച്ച കുട്ടികൾ തകർത്തത്  ലക്ഷങ്ങൾ വിലമതിക്കുന്ന ഡിസ്നി മാതൃകയിലുള്ള ചില്ലു കൊട്ടാരമാണ്. ചില്ലു കൊണ്ട് നിർമ്മിച്ചവയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ശില്പത്തിന്  48 ലക്ഷത്തോളം രൂപയാണ് വില.

ഓടി കളിക്കുന്നതിനിടെ ചില്ലു കൊട്ടാരത്തിന് ചുറ്റുമുള്ള സുരക്ഷാവേലിക്ക് ഉള്ളിലേക്ക് ഇരുവരും പ്രവേശിക്കുകയായിരുന്നു. നിർമ്മിതിക്ക് തകരാറുകൾ ഉണ്ടായതോടെ തങ്ങൾ ചെയ്തത് വലിയ തെറ്റാണെന്ന് ഇരുവരും  മനസ്സിലാക്കി. പിന്നീട് മാതാപിതാക്കളുടെ നിർദ്ദേശപ്രകാരം  കുട്ടികൾ തന്നെയാണ് വിവരം മ്യൂസിയം അധികൃതരെ ധരിപ്പിച്ചത്. ഇരുവരും  വളരെ ആത്മാർത്ഥമായി സത്യസന്ധതയോടെ കാര്യങ്ങൾ  അവതരിപ്പിച്ചു എന്ന് മ്യൂസിയം അധികൃതർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അരിബാസ്സ് ബ്രദേഴ്സ് കമ്പനി എന്ന സ്ഥാപനമാണ്  ഡിസ്നി ലാൻഡിലെ കൊട്ടാരത്തിന്റെ മാതൃകയും ചില്ലു കൊണ്ട് ശില്പം നിർമ്മിച്ചത്. സ്ഥാപകരായ തോമസ് അരിബാസ്സ് അൽഫോൻസ് അരിബാസ്സ് എന്നിവരുടെ അനന്തരവനായ മിഗൽ അരി ബാസ്സിന്റെതാണ് ഇൗ നിർമിതി. 24 ക്യാരറ്റ് സ്വർണ്ണം കൊണ്ടു നിർമ്മിച്ച ഗോപുരങ്ങൾ അടക്കം 30,000  ഭാഗങ്ങൾ ഒന്നിച്ചു ചേർത്തതാണ് ചില്ലുകൊട്ടാരം. അരിബാസ്സ് ബ്രദേഴ്സ് 500 മണിക്കൂറുകൾ ചിലവിട്ടു നിർമ്മിച്ച ചില്ലുകൊട്ടാരമാണ് കുരുന്നുകളുടെ കളിക്കിടെ നിമിഷങ്ങൾകൊണ്ട് തകർന്നുവീണത്.

2016 മുതൽ  ചില്ലുകൊട്ടാരം മ്യൂസിയത്തിൽ പ്രദർശനത്തിനു ഉണ്ട്. നിർമ്മിതിക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാം എന്ന് അരിബാസ്സ് ബ്രദേഴ്സ് മുൻപുതന്നെ ഉറപ്പുനൽകിയിട്ടുണ്ട് എങ്കിലും നിലവിൽ യാത്രാ നിയന്ത്രണങ്ങൾ മൂലം കമ്പനി പ്രതിനിധികൾക്ക് ചൈനയിൽ എത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നിർമ്മിതി തകർന്ന നിലയിൽ മാത്രമേ തത്ക്കാലത്തേക്ക് പ്രദർശിപ്പിക്കാൻ ആകു എന്ന നിലപാടിലാണ് മ്യൂസിയം അധികൃതർ. അതേസമയം കുട്ടികളെ  ശരിയായവിധത്തിൽ അച്ചടക്കം ശീലിപ്പിക്കാത്ത മാതാപിതാക്കളിൽ നിന്നു തന്നെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള തുക ഈടാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിറയുന്നത്.

English Summary : Two kids knock over disney themed glass castle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com