ADVERTISEMENT

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന് കേട്ടിട്ടില്ലേ? അത് വാസ്തവമാണെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശിൽ നിന്നുമുള്ള മൂന്നു കുട്ടികളുടെ വിഡിയോ. കൊറോണക്കാലത്ത് ഏറെ ആത്മവിശ്വാസവും സന്തോഷവും പകർന്നു നൽകുന്നതാണ് തുറസ്സായ സ്ഥലത്ത് തങ്ങളുടേതായ രീതിയിൽ സന്തോഷം കണ്ടെത്തി കളിക്കുന്ന ഈ കുട്ടികളുടെ വിഡിയോ. 

ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കു വച്ച വിഡിയോക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. കളിപ്പാട്ടങ്ങളും മറ്റു കളി ഉപകരണങ്ങളും ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് മൂന്നു കുട്ടികൾ സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ ഒരു കളിപ്പാട്ടം ഉണ്ടാക്കിയിരിക്കുകയാണ്. മൈതാനത്ത് ആരോ വെട്ടി മാറ്റിയ ശേഷം ബാക്കിയായ മരക്കുറ്റിയിൽ കയറു കെട്ടി മൂന്നു പേരും അതിന്റെ ഓരോ തുമ്പ് ശക്തിയായി ചേർത്ത് പിടിച്ചിരിക്കുന്നു. 

ശേഷം മൂന്നു പേരും മരക്കുട്ടിക്ക് ചുറ്റും ഓടുകയാണ്. ഈ ഓട്ടത്തിലൂടെ മൂന്നുപേരും ഒരു പ്രത്യേക ഊർജം കൈവരിക്കുന്നു. അതോടെ കാലുകൾ മെല്ലെ ഉയർത്തി വായുവിൻ പറക്കുന്നത് പോലെ മരക്കുറ്റിക്ക് ചുറ്റും കറങ്ങുകയാണ്. കണ്ടു നിൽക്കുന്ന ആർക്കും അത്ഭുതവും ആവേശവും ഉണ്ടാക്കുകയാണ് ഈ വിഡിയോ. ചുരുക്കത്തിൽ പാർക്കുകളിൽ പണം മുടക്കി ഉണ്ടാക്കി വയ്ക്കുന്ന കളിക്കോപ്പിന് സമാനമായ രീതിയിലുള്ള വിനോദോപാധിയാണ് ഈ കൊച്ചു മിടുക്കന്മാർ ഉണ്ടാക്കിയിരിക്കുന്നത്. 

സുപ്രിയ സാഹു ട്വിറ്ററിൽ പങ്കു വച്ച വിഡിയോ വളരെ ചെറിയ സമയത്തിനുള്ളിലാണ് വൈറലായി  മാറിയത്. വിഡിയോ കാണുകയും പങ്കിടുകയും ചെയ്തവരെല്ലാം തന്നെ ഈ കൊച്ചു മിടുക്കന്മാരുടെ കഴിവിനെയും ഏത് അവസ്ഥയിലും സന്തോഷം കണ്ടെത്താനുള്ള മനസിനെയും പ്രശംസിക്കുകയാണ്. വ്യത്യസ്തമായി ചിന്തിക്കാനും സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുവാനുമുള്ള കുട്ടികളുടെ മനസാണ് ഈ വിഡിയോയിലൂടെ വ്യക്തമാകുന്നത്. 

വിഡിയോ കണ്ട ഏതൊരു വ്യക്തിയും കുറച്ചു  സമയത്തേക്കെങ്കിലും മനോഹരമായ ആ ബാല്യത്തിന്റെ സന്തോഷം മനസാൽ അനുഭവിച്ചിട്ടുണ്ട്. ഇതിനിടയിൽ വിഡിയോയിൽ ചിത്രീകരിച്ച കുട്ടികൾ ആരൊക്കെയാണ് എന്നു കണ്ടെത്താനും ആളുകൾ ശ്രമിക്കുന്നുണ്ട്. 

 English Summary : Three little kids playing - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com