കൗതുകത്തിന് സഹായിയായി കൂടി: ആറു വയസ്സുകാരന് മനസ് നിറയ്ക്കുന്ന പ്രതിഫലം നൽകി പണിക്കാരൻ

HIGHLIGHTS
  • ഹാരി ചെയ്ത എല്ലാ ജോലികളും കൃത്യമായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • അപ്രതീക്ഷിതമായി പണിക്കാരൻ ഹാരിക്ക് നൽകിയ സമ്മാനമാണ്
six-year-old-boy-helps-builder-construct-a-patio-gets-adorable-note-goes-viral
SHARE

വീടുകളിലും പരിസരങ്ങളിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടികൾക്ക് എപ്പോഴും കൗതുകമാണ്. ബ്രിട്ടനിലെ ഈസ്റ്റ് യോർക്ഷെയറിൽ ജീവിക്കുന്ന ഹാരി എന്ന ആറു വയസ്സുകാരന്  വീട്ടിൽ നടുമുറ്റം ഒരുക്കാൻ എത്തിയ പണിക്കാരനെ കണ്ടപ്പോൾ ഒരു ആഗ്രഹം. അദ്ദേഹത്തിനൊപ്പം കൂടി ജോലി പഠിക്കണം എന്നായിരുന്നു അത്. പണി തുടങ്ങിയതോടെ സഹായിയായി  ഹാരിയും കൂടി. എന്നാൽ പണികളെല്ലാം തീർത്തു മടങ്ങാൻ നേരം അപ്രതീക്ഷിതമായി പണിക്കാരൻ ഹാരിക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഈ ആറു വയസുകാരൻ ചെയ്തു കൊടുത്ത ജോലികൾക്ക് എല്ലാമുള്ള പ്രതിഫലമായി 10 പൗണ്ടാണ് അദ്ദേഹം  നൽകിയത്. അതും അവൻ ചെയ്ത കുഞ്ഞ് ജോലികളെല്ലാം അക്കമിട്ടു നിരത്തിയാണ് പ്രതിഫലം നൽകിയിരിക്കുന്നത്. ഹാരിയുടെ അമ്മയായ സ്റ്റെഫാണ് അവന് ലഭിച്ച പേയ്മെന്റ് നോട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇഷ്ടികകൾ കൈമാറിയതിന്, നിലം പാകാനുള്ള കുഞ്ഞു കട്ടകൾ കൈമാറിയതിന്, സിമൻറ് കൂട്ടിയതിന് കല്ല് ചുമന്നതിന് ഇങ്ങനെ ഒരു കൗതുകത്തിന് ഹാരി ചെയ്ത എല്ലാ ജോലികളും കൃത്യമായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമാത്രമല്ല ഹാരിയുടെ കുഞ്ഞു കൃത്യങ്ങളേയും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം മറന്നില്ല. എട്ടുകാലികളുടെയും കിളികളുടെയും ചിത്രങ്ങൾ പകർത്തിയതിനും ഓരോ കാര്യം ചെയ്യുന്നതിന് ഇടയ്ക്കും എന്താണത് എന്ന് ചോദിച്ചു പിന്നാലെ നടന്നതിനും എല്ലാം കൂടി ചേർത്താണ് ഹാരിക്ക് പ്രതിഫലം നൽകിയിരിക്കുന്നത്. പണികൾ ചെയ്യുന്നതിനിടയിൽ എത്രമാത്രം സന്തോഷം ഹാരിയുടെ സാന്നിധ്യം മൂലം അദ്ദേഹത്തിന് ലഭിച്ചു എന്നതിന് തെളിവാണ് ഈ പെയ്മെൻറ് നോട്ട്. ടാക്സും ഇൻഷുറൻസുമെല്ലാം കഴിഞ്ഞുള്ള തുകയാണ് ഈ പത്ത് പൗണ്ട് എന്നും നോട്ടിൽ കുറിച്ചിട്ടുണ്ട്.

ചെറിയ ഒരു പ്രവർത്തിയിലൂടെ ഹാരിയും പണിക്ക് എത്തിയ ആളും വലിയ ഒരു മാതൃകയാണ് കാണിച്ചിരിക്കുന്നത് എന്നാണ് പെയ്മെൻറ് നോട്ടിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന പ്രതികരണം. മറ്റുള്ളവരെ സഹായിക്കാനും പുതിയ കാര്യങ്ങൾ കണ്ടു പഠിക്കാനും ഹാരി കാണിച്ച മനസ്സിന് ആശംസകൾനേർന്നു കൊണ്ടാണ് പലരും പെയ്മെൻറ് നോട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അതേ സമയം അവൻറെ കുഞ്ഞു പ്രവർത്തിക്കു മനസ്സ് നിറയ്ക്കുന്ന രീതിയിൽ പ്രതിഫലം നൽകിയ പണിക്കാരന്റെ നല്ല മനസ്സും പിന്തുടരേണ്ട മാതൃകയാണ് എന്നും പലരും അഭിപ്രായപ്പെടുന്നു.

 English Summary : Six year old boy helps builder construct a patio gets adorable note

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA