ADVERTISEMENT

ചില കുട്ടികൾ അങ്ങനെയാണ്.. വേണ്ട..വേണ്ടാ.. എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. വീഴുമെന്നു പറഞ്ഞാലും കാല് പൊട്ടുമെന്നു പറഞ്ഞാലുമൊന്നും ഓട്ടത്തിനും ചാട്ടത്തിനും യാതൊരു കുറവുമുണ്ടാകില്ല. ഇങ്ങനെയുള്ള കുസൃതിക്കുടുക്കകളുടെ അടുത്ത് അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന സമീപനമാണ് നല്ലതെന്ന് പറയുകയാണ് അഭിനേതാവായ ജിഷിൻ മോഹൻ. ഇതിനുള്ള തെളിവായി ജിഷിൻ പങ്കുവയ്ക്കുന്നതാകട്ടെ, സ്വന്തം മകൻ മൂന്നു വയസുകാരനെ ട്രോൾ ചെയ്തുകൊണ്ടുള്ള ഒരു വിഡിയോയും.

സീരിയൽ താരങ്ങളായ ജിഷിന്റെയും വരദയുടെയും ഒറ്റപുത്രനാണ് മൂന്നു വയസുകാരൻ ജിയാൻ. ജിഷിന്റെ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞൊരു കുസൃതിക്കുടുക്ക. കൊറോണ മൂലം ലോക്ഡൗൺ ആയി വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നതോടെ ജിയാന്റെ കളിക്കളം വീടിന്നകമായി മാറി. അത്തരത്തിൽ ഒരു ദിവസം വീടിനകത്ത് സൈക്കിൾ ഓടിച്ചു നടക്കവേയാണ്  ഭിത്തിയിൽ തൂക്കിയിരിക്കുന്ന മൊബൈൽ സോക്കറ്റ് ജിയാന്റെ കണ്ണിൽപ്പെടുന്നത്. 

പിന്നീട് അതെടുക്കാനുള്ള ശ്രമമായി. നാലഞ്ചു വട്ടം ചാടിയും എത്തി വലിഞ്ഞുമെല്ലാം എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഇതു കണ്ടുകൊണ്ടിരുന്ന അച്ഛൻ ജിഷിൻ ജിയാനോട് അത് എടുത്ത് കളിക്കേണ്ട എന്നും ചാടിയാൽ താഴെ വീഴുമെന്നും പലവട്ടം പറഞ്ഞു. എന്നാൽ ജിയാനുണ്ടോ വല്ല കുലുക്കവും. ഏത് വിധേനയും മൊബൈൽ സോക്കറ്റ് കൈക്കലാക്കണമെന്ന ലക്ഷ്യത്തിൽ ഇത്തവണ ആശാൻ എത്തിയത് തന്റെ കുഞ്ഞു സൈക്കിളും ഉരുട്ടിയാണ്. 

അച്ഛൻ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. 'ഇതല്ല ഇതിന്റെ അപ്പുറം ചാടിക്കടന്നവനാണ് ഈ കെ കെ ജിയാൻ' എന്ന ഭാവത്തിൽ ആശാൻ സൈക്കിളിന്റെ സീറ്റിൽ കയറി നിന്ന് മൊബൈൽ സോക്കറ്റ് എത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോഴേക്കും സൈക്കിൾ മുന്നോട്ട് നീങ്ങി, അതോടെ കുഞ്ഞു ജിയാൻ നിലത്തേയ്ക്കും വീണു. വീണെങ്കിലും ജിയാന്റെ സ്പിരിറ്റ് ഒട്ടും കുറഞ്ഞില്ല. 

വീണിടത്ത് ഇരുന്നു ചിരിക്കുന്ന മകന്റെ കുസൃതിയുടെ വിഡിയോ ജിഷിൻ തന്നെയാണ് മൊബൈലിൽ പകർത്തിയതും പങ്കുവച്ചതും. പറഞ്ഞാൽ അനുസരിക്കാതെ ഇത്തരം അബദ്ധങ്ങൾ പറ്റുന്നത് മകനായാലും ട്രോൾ ചെയ്യും എന്നാണ് ജിഷിൻ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com